കാലാവധി കഴിഞ്ഞ മരുന്നുകള്‍ വലിച്ചെറിയാറുണ്ടോ…? ഈ ശീലം അപകടം വിളിച്ചുവരുത്തും
അസുഖം വരുമ്പോള്‍ ഓടിച്ചെന്ന് മരുന്ന് വാങ്ങിക്കും, എന്നാല്‍ ആ മരുന്നുകള്‍ മുഴുവൻ കഴിച്ച് തീർക്കാറുമില്ല. വീട്ടിലിങ്ങനെ കുന്നുകൂടി കിടക്കുന്ന മരുന്ന് ഒരു സമയം കഴിഞ്ഞാല്‍ വലിച്ചെറിയുന്നത് പലരുടേയും ശീലമാണ്. മരുന്നുകള്‍ ഇത്തരത്തില്‍ വലിച്ചെറിയുന്നത് അത്ര നല്ലതല്ലെന്നാണ് വിദഗ്ധർ പറയുന്നത്. വലിച്ചെറിയുന്ന മരുന്നുകള്‍ വളർത്തുമൃഗങ്ങളോ കുട്ടികളോ കഴിക്കാൻ സാധ്യത കൂടുതലാണ്. മണ്ണിലോ വെള്ളത്തിലോ കലരുന്ന മരുന്നുകള്‍ വെള്ളത്തിനും പ്രകൃതിക്കും ഒരുപോലെ ദോഷകരമാണ്.
ആന്റിബയോട്ടിക്കുകള്‍ മണ്ണില്‍ കലരുന്നത് ബാക്ടീരിയകള്‍ക്ക് മരുന്നിനെ പ്രതിരോധിക്കാനുള്ള ശേഷി വർദ്ധിപ്പിക്കും. ഈ ശേഷി അവ മറ്റു ബാക്ടീരിയകള്‍ക്ക് കൈമാറും. മരുന്നുകള്‍ ടോയ്ലറ്റില്‍ ഒഴിച്ച് ഫ്ലഷ് ചെയ്യുന്നത് ഒഴിവാക്കുക. മരുന്നുകള്‍ സിങ്കിലോ ക്ലോസറ്റിലോ ഒഴിക്കരുത്. ഇത് കുടിവെള്ള സ്രോതസുകളെ മലിനമാക്കും.
മരുന്നുകള്‍ ഉപേക്ഷിക്കേണ്ടത് ഇത്തരത്തില്‍ അല്ലെങ്കില്‍ പിന്നെന്ത് ചെയ്യണം. മെഡിസിൻ കളക്ഷൻ സെന്ററുകളില്‍ നല്‍കാം. ഐഎംഎയുടേയും തദ്ദേശസ്ഥാപനങ്ങളുടേയും നേതൃത്വത്തില്‍ കാലാവധി തീർന്ന മരുന്നുകള്‍ ശേഖരിച്ച് സുരക്ഷിതമായി സംസ്കരിക്കുന്നുണ്ട്. മെഡിക്കല്‍ സ്റ്റോറുകളില്‍ സ്ഥാപിച്ചിച്ചുള്ള നീല പ്രൌഡ് ബോക്സുകളിലും നിങ്ങള്‍ക്ക് ഇവ നിക്ഷേപിക്കാം.
