ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ക്ക് ആശ്വാസം ; ഫിറ്റ്‌നസ് ടെസ്റ്റിന് ക്ഷേമനിധി രസീത് നിര്‍ബന്ധമല്ല; ഗതാഗത കമ്മീഷണറുടെ പുതിയ ഉത്തരവ്
തിരുവനന്തപുരം : ഓട്ടോറിക്ഷ, ടാക്‌സി വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയ്ക്ക് ക്ഷേമനിധി രസീത് നിർബന്ധമാക്കിയതില്‍ സർക്കാർ ഇളവ് പ്രഖ്യാപിച്ചു.ക്ഷേമനിധി രസീത് ഇല്ലെന്ന കാരണത്താല്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് നിഷേധിക്കരുതെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ ഉത്തരവിട്ടു. സംസ്ഥാനത്തെ നിരവധി മോട്ടോർ തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്ന നിർദേശത്തിലാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.
സംസ്ഥാനത്തെ മോട്ടോർ തൊഴിലാളികളെ ഏറെ പ്രയാസപ്പെടുത്തിയിരുന്ന നിർദേശമാണ് മാറ്റിയത്. നേരത്തേ ഇഷ്ടമുള്ളവർമാത്രം ക്ഷേമനിധിയില്‍ ചേർന്നാല്‍ മതിയായിരുന്നു. അതിനാല്‍ തൊഴിലാളികള്‍ ചേർന്നില്ല. പിന്നീട് കെ.ബി. ഗണേഷ്‌കുമാർ ഗതാഗതമന്ത്രിയായ ശേഷമാണ് ഇങ്ങനെയൊരു നിർദേശം ഏർപ്പെടുത്തിയത്.
ക്ഷേമനിധിയടച്ചതിന്റെ രസീത് ഹാജരാക്കിയവർക്ക് മാത്രമേ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നല്‍കാവൂ എന്ന് നിർദേശിച്ചു. വാഹനം റോഡിലിറക്കിയ കാലം മുതലുള്ള ക്ഷേമനിധി കുടിശ്ശിക അടക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർമാരുടെയും തൊഴിലാളി സംഘടനകളുടെയും നിവേദനങ്ങള്‍ക്കൊടുവിലാണ് ഈ നിർദേശം മാറ്റി പുതിയ ഉത്തരവിറക്കിയത്.
കേന്ദ്ര മോട്ടോർവാഹന ചട്ടപ്രകാരം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നല്‍കുന്നതിന് ആവശ്യമായ രേഖകളുടെ പട്ടികയില്‍ ക്ഷേമനിധി രസീത് ഉള്‍പ്പെടുന്നില്ലെന്ന് പുതിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. വാഹനത്തിന്റെ മറ്റു രേഖകളെല്ലാം സാധുവാണെങ്കില്‍, ക്ഷേമനിധി അടച്ചില്ലെന്നതിന്റെ പേരില്‍മാത്രം ഫിറ്റ്നസ് നിഷേധിക്കുന്നത് നിയമവിരുദ്ധമാണെന്ന് ട്രാൻസ്പോർട്ട് കമീഷണർ (എൻഫോഴ്‌സ്മെന്റ്) ആർ. രാജീവ് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു.
ഫിറ്റ്നസിന് രസീത് നിർബന്ധമല്ലെങ്കിലും ക്ഷേമനിധിയില്‍ തുടരുന്നത് തൊഴിലാളികള്‍ക്ക് ഗുണകരമാണെന്ന് അധികൃതർ പറയുന്നു. ക്ഷേമനിധി വഴി നിരവധി ആനുകൂല്യങ്ങളാണ് തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്. വിവാഹത്തിന് തൊഴിലാളിക്കും രണ്ടു മക്കള്‍ക്കും 40,000 രൂപവീതം ലഭിക്കും. സ്വാഭാവിക മരണത്തിന് ഒരുലക്ഷവും അപകടമരണത്തിന് രണ്ടുലക്ഷം രൂപയും ലഭിക്കും. ചികിത്സാസഹായമായി ഒരുലക്ഷം രൂപവരെയും 60 വയസ്സ് തികയുമ്പോള്‍ അടച്ച തുക പലിശസഹിതം തിരികെ ലഭിക്കുന്നതിനൊപ്പം പ്രതിമാസ പെൻഷനും ലഭിക്കുമെന്നുമാണ് ക്ഷേമനിധിയിലെ ഗുണങ്ങള്‍.
