ദേശീയപാതയോട് ചേര്‍ന്ന് വീടും കടകളും വേണ്ട..! ആശങ്കയേറ്റി സുപ്രീംകോടതി ഉത്തരവ്
ദേശീയപാതയോരത്തെ കെട്ടിട നിര്‍മാണം നിയന്ത്രിച്ച് കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവില്‍ വീട്ടുടമകളും വ്യാപാരികളും ആശങ്കയില്‍.ദേശീയപാതയുടെ നടുക്ക് നിന്ന് 40 മീറ്ററിനുള്ളില്‍ വീടിനും 75 മീറ്ററിനുള്ളില്‍ കച്ചവടസ്ഥാപനങ്ങള്‍ക്കും അനുമതി നല്‍കരുത് എന്നാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. ഏപ്രില്‍ 26-നാണ് ഇത് സംബന്ധിച്ച് സുപ്രീംകോടതി ഇടക്കാല വിധി പുറപ്പെടുവിച്ചത്.
ദേശീയപാതയോരത്ത് വീടുകളുള്ള കേരളത്തില്‍ ഈ വിധി ആശങ്കയുണ്ടാക്കുന്നതാണ്. കേരളത്തില്‍ 45 മീറ്ററാണ് ദേശീയപാതയുടെ വീതി. നടുക്ക് നിന്നു വശങ്ങളിലേക്കുള്ള അകലം 22.5 മീറ്ററാണ്. സുപ്രീംകോടതിയുടെ ഇടക്കാല വിധി അനുസരിച്ച് ഇതിനു പുറത്ത് 17.5 മീറ്റര്‍ മാറിയേ വീടു നിര്‍മിക്കാന്‍ അനുമതി ലഭിക്കൂ. കച്ചവടസ്ഥാപനങ്ങള്‍ക്കാണെങ്കില്‍ 52.5 മീറ്റര്‍ ദൂരപരിധി ആവശ്യമായി വരും.
പുതിയ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുമ്പോഴും നിലവിലെ ലൈസന്‍സ് പുതുക്കുമ്പോഴും ഈ വിധി ബാധകമാണ് എന്നതാണ് ആശങ്കയേറ്റുന്നത്. നിലവില്‍ സംസ്ഥാനത്ത് ദേശീയപാതയില്‍ നിന്ന് ഏഴ് മീറ്റര്‍ മാറിയാണ് കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കുന്നത്. പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ ദേശീയപാത അതോറിറ്റിയില്‍നിന്ന് വഴിയവകാശം വാങ്ങണം. ഇടക്കാല ഉത്തരവ് നടപ്പായാല്‍ ദേശീയപാതയോരത്ത് ഒരു തരത്തിലുള്ള നിര്‍മാണങ്ങളും നടക്കില്ല.
2025 നവംബര്‍ മാസത്തില്‍ രാജസ്ഥാനിലെ ഫലോദി ജില്ലയില്‍ എക്‌സ്പ്രസ് പാതയിലുണ്ടായ അപകടത്തില്‍ 12 പേരും തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ അപകടത്തില്‍ 19 പേരും മരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ആണ് ദേശീയപാത അതോറിറ്റിയേയും മറ്റും എതിര്‍കക്ഷികളാക്കി സുപ്രീംകോടതി സ്വമേധയാ കേസെടുത്തത്. അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിലെ വീഴ്ചയാണ് ഈ അപകടങ്ങള്‍ക്ക് കാരണം എന്നാണ് കോടതി വിലയിരുത്തിയത്.
രാജ്യത്തെ ആകെ റോഡുകളില്‍ രണ്ട് ശതമാനം മാത്രമാണ് ദേശീയപാതകള്‍ എന്നും എന്നാല്‍, റോഡപകട മരണങ്ങളില്‍ 33 ശതമാനവും ദേശീയപാതകളിലാണെന്നും കോടതി നിരീക്ഷിച്ചു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശം ഉറപ്പാക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്നും റോഡ് പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമ്പോള്‍ സുരക്ഷയും മറ്റും ഉറപ്പാക്കണം എന്നും കോടതി പറഞ്ഞിരുന്നു.
റോഡിനോട് ചേര്‍ന്നുള്ള അനധികൃത പാര്‍ക്കിങ് നിരോധിക്കണം, 1033 എന്ന ടോള്‍ ഫ്രീ നമ്പറും രാജ്മാര്‍ഗ് യാത്ര ആപ്പും വഴി ദേശീയപാതയിലെ കൈയേറ്റങ്ങള്‍ക്കെതിരേയുള്ള പരാതി സ്വീകരിക്കണം. ദേശീയപാതയോരങ്ങളില്‍ പുതിയ ധാബകളോ കച്ചവടസ്ഥാപനങ്ങളോ തുടങ്ങാന്‍ പാടില്ല, നിലവിലെ അനധികൃത നിര്‍മാണങ്ങള്‍ 60 ദിവസത്തിനകം പൊളിച്ചുനീക്കണം എന്നിവയാണ് വിധിയിലെ മറ്റ് നിര്‍ദേശങ്ങള്‍.
