മാറി ചിന്തിച്ച് കേരളവും തമിഴ്‌നാടും ബംഗാളും ; മൂന്ന് സംസ്ഥാനങ്ങളില്‍ ഭരണമാറ്റം : ഞെട്ടി പിണറായിയും, സ്റ്റാലിനും, മമതയും
ഡല്‍ഹി: ബംഗാള്‍, തമിഴ്‌നാട്, കേരളം എന്നീ മൂന്ന് സുപ്രധാന സംസ്ഥാനങ്ങളില്‍ ഭരണമാറ്റത്തിന്റെ വൻ അലയൊലികള്‍. ഡിഎംകെയുടെ അപ്രതീക്ഷിതമായ പരാജയത്തോടെ തമിഴ്‌നാട് രാഷ്ട്രീയമാണ് ഏറ്റവും വലിയ ഞെട്ടലില്‍ അകപ്പെട്ടിരിക്കുന്നത്. കേരളത്തിലും ബംഗാളിലും ഭരണകക്ഷികള്‍ കടുത്ത വെല്ലുവിളി നേരിടുമെന്ന സൂചനകള്‍ നേരത്തെയുണ്ടായിരുന്നെങ്കിലും, തമിഴ്‌നാട്ടില്‍ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ വീഴ്ച തികച്ചും പ്രവചനാതീതമായിരുന്നു.
കേരളത്തില്‍ ഏറെ പ്രതീക്ഷയോടെയാണ് ഇരുമുന്നണികളും മത്സരിച്ചത്. നേരിയ ഭൂരിപക്ഷത്തില്‍ ഭരണം നിലനിർത്തുമെന്ന് എല്‍ഡിഎഫ് പ്രതീക്ഷിച്ചെങ്കിലും എല്ലാം തകിടം മറിയുന്നതായിരുന്നു ഫലം. നിലവില്‍ 100 സീറ്റിനടുത്ത് യുഡിഎഫ് നേടുമെന്നാണ് കണക്കുകള്‍ പറയുന്നത്. ഒരുസമയത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പോലും സ്വന്തം മണ്ഡലത്തില്‍ പിന്നില്‍ പോയി.
മത്സരിച്ച മന്ത്രിമാരില്‍ 12 പേർ തോല്‍വി മുന്നില്‍ കാണുകയാണ്. യുഡിഎഫ് ആകട്ടെ പ്രതീക്ഷിച്ച വിജയമാണ് നേടിയത്. കൃത്യമായ ആസൂത്രണത്തോടെ, തുടക്കം മുതല്‍ 100 സീറ്റ് പ്രവചിച്ച് ആത്മവിശ്വാസത്തോടെയായിരുന്നു കോണ്‍ഗ്രസയും യുഡിഎഫും നേരിട്ടത്. ഇടതുപക്ഷത്തിന്റെ ഒരുകെണിയിലും വീഴാതെ തികഞ്ഞ ഒരുമയോടെ പ്രവർത്തിച്ചതിന്റെ ഫലം കൂടെയാണ് ലഭിച്ചത്. ബംഗാളില്‍ ഒന്നര പതിറ്റാണ്ട് നീളുന്ന തൃണമൂല്‍ ഭരണത്തിനാണ് അവസാനമായത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൂടെ പടിപടിയായി ഉയർന്ന ബിജെപി കേവല ഭൂരിപക്ഷം കടന്ന് മുന്നേറുന്ന കാഴ്ചയാണ് ബംഗാളില്‍ കാണുന്നത്. എസ്‌ഐആർ ഉള്‍പ്പെടെ വലിയ വിവാദങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതായികുന്നു ബംഗാളിലെ തെരഞ്ഞെടുപ്പ്. എന്നാല്‍ ഇക്കുറി ബംഗാളില്‍ ന്യൂനപക്ഷ വോട്ടുകള്‍ ടിഎംസിയെയും രക്ഷിച്ചില്ല എന്നതാണ് വസ്തുത.
