കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
ബത്തേരി : കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതായ ചീരാൽ വരിക്കേരി പണിയ ഉന്നതിയിലെ ഹരീഷിനെ (19) വീടിനു സമീപത്തെ പൊതു കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച രാത്രി പത്തു മണി മുതൽ ഹരീഷിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കളും നാട്ടുകാരും പൊലീസും തിരച്ചിൽ നടത്തിവരികയായിരുന്നു. സുൽത്താൻ ബത്തേരിയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തത്. സംഭവസ്ഥലത്ത് നെൻമേനി പഞ്ചായത്ത് അധികൃതർ എത്തിയിരുന്നു. നൂൽപ്പുഴ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
