April 27, 2026

കേരളത്തിൽ നാളെ ഹർത്താൽ; ബന്ദായി മാറും, സ്വകാര്യ വാഹനങ്ങള്‍ തടയുമെന്ന് ആക്ഷന്‍ കൗണ്‍സില്‍

Share

 

കണ്ണൂര്‍ : അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിൻ്റെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാനത്ത് നാളെ (ഏപ്രിൽ 28, ചൊവ്വാഴ്ച) ഹർത്താൽ. ജസ്റ്റിസ് ഫോര്‍ നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലും ദളിത് ആദിവാസി സംഘടനകളുമാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഹർത്താൽ ബന്ദായി മാറുമെന്നും എല്ലാവരും സഹകരിക്കണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികൾ പറഞ്ഞു. നിരവധി സംഘടനകൾ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അവർ ആരൊക്കെയെന്നും ഹർത്താലിൽ നിന്ന് ഒഴിവാക്കിയത് ആരെയെല്ലാം എന്നും അറിയാം.

 

രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍. കാമ്പസ് കൊലപാതകങ്ങള്‍ക്കെതിരെയുള്ള പ്രതിരോധം എന്ന നിലയിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

 

 

നിതിന്‍ രാജിൻ്റെ മരണത്തിനുത്തരവാദികളായവരെ മുഴുവന്‍ അറസ്റ്റ് ചെയ്യുക, അഞ്ചരക്കണ്ടി ദന്തല്‍ കോളജിൻ്റെ അഫിലിയേഷന്‍ റദ്ദു ചെയ്യുക, രോഹിത് വെമുല ആക്ട് നടപ്പിലാക്കുക, നിതിൻ്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കുക, ജുഡീഷ്യല്‍ മേല്‍നോട്ടത്തില്‍ കേസ് അന്വേണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഹര്‍ത്താല്‍.

 

 

ജസ്റ്റിസ് ഫോര്‍ നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലും ദളിത് ആദിവാസി സംഘടനകളുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പൗര സമൂഹവുമുള്‍പ്പെടെ അറുപതോളം സംഘടനകളാണ് ഹര്‍ത്താലിനെ പിന്തുണക്കുന്നതെന്നാണ് ആക്ഷന്‍ കൗണ്‍സിൽ ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടത്.

 

 

ഹർത്താൽ ദിനത്തിൽ റോഡിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങള്‍ തടയുമെന്നും വ്യാപാരികള്‍ കട കമ്പോളങ്ങള്‍ അടച്ച് സഹകരിക്കണമെന്നും ആക്ഷന്‍ കമ്മിറ്റി ജില്ലാ കണ്‍വീനര്‍ സുനില്‍ കൊയിലേരിയന്‍ കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഹര്‍ത്താല്‍ ബന്ദായി മാറുമെന്നും എല്ലാവരും സഹകരിക്കണമെന്നുമാണ് ഇവർ ആവശ്യപ്പെടുന്നത്.

അവശ്യ സർവീസുകളെ ഒഴിവാക്കി

അവശ്യ സർവീസുകളെ ഹര്‍ത്താലില്‍ നിന്നുമൊഴിവാക്കിയിട്ടുണ്ട്. പത്രം പാല്‍, ആശുപത്രി എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ആക്ഷന്‍ കമ്മിറ്റി പറഞ്ഞു.

 

 


Share
Copyright © All rights reserved. | Newsphere by AF themes.