July 30, 2026

വീണ്ടും യുദ്ധഭീതിയില്‍ പശ്ചിമേഷ്യ ; ഇറാനെതിരെ ആക്രമണം കടുപ്പിച്ച്‌ അമേരിക്ക : അബൂമൂസയിലും കിഷ് ദ്വീപിലും സ്ഫോടനങ്ങള്‍

Share

 

ടെഹ്‌റാൻ : അമേരിക്കയും ഇറാനും തമ്മില്‍ ഒരാഴ്ചയോളമായി നിലനിന്നിരുന്ന അപ്രഖ്യാപിത യുദ്ധവിരാമം അവസാനിച്ചതോടെ പശ്ചിമേഷ്യൻ മേഖല വീണ്ടും കടുത്ത യുദ്ധഭീതിയിലേക്ക് നീങ്ങുന്നു.

 

ഇറാനിലെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്കൻ സേന ശക്തമായ വ്യോമാക്രമണം പുനരാരംഭിച്ചു. തെക്കൻ ഇറാനിലെ അബൂമൂസ, കിഷ്, ഖ്വിഷം ദ്വീപുകളിലും പ്രധാന ആണവനിലയം സ്ഥിതി ചെയ്യുന്ന ബുഷെർ പ്രവിശ്യയിലും ബന്ദർ അബ്ബാസിലും ശക്തമായ സ്ഫോടനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 

ബുധനാഴ്ച പ്രാദേശിക സമയം രാത്രി 8 മണിയോടെയാണ് അമേരിക്കൻ സെൻട്രല്‍ കമാൻഡ് ഇറാന് നേരെ വ്യോമാക്രമണങ്ങള്‍ ആരംഭിച്ചത്. പശ്ചിമേഷ്യയിലെ തങ്ങളുടെ സൈനിക താവളങ്ങള്‍ക്ക് നേരെ തൊട്ടുമുൻപത്തെ ദിവസം നടന്ന ആക്രമണശ്രമങ്ങള്‍ക്കുള്ള ശക്തമായ തിരിച്ചടിയാണ് ഇതെന്ന് യുഎസ് കമാൻഡ് ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.

 

ഇറാന്റെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്‌നിംനല്‍കുന്ന വിവരമനുസരിച്ച്‌, തെക്കൻ ഇറാനിലെ ഖ്വിഷം ദ്വീപിലെ നഗരത്തിനുള്ളില്‍ മൂന്ന് വൻ സ്ഫോടന ശബ്ദങ്ങള്‍ കേട്ടു. മിസൈല്‍ ഒരു ജനവാസ കേന്ദ്രത്തിലാണ് പതിച്ചതെന്ന് പ്രദേശവാസികള്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, ആളപായം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. കൂടാതെ, ഇറാന്റെ ഏക ആണവോർജ നിലയം സ്ഥിതി ചെയ്യുന്ന ബുഷെർ പ്രവിശ്യയിലും ശക്തമായ സ്ഫോടനങ്ങള്‍ നടന്നതായി ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഐആർഐബി റിപ്പോർട്ട് ചെയ്തു.

 

ജോർദാനിലെ യുഎസ് സൈനിക കേന്ദ്രത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് അമേരിക്കൻ വ്യോമാക്രമണമെന്നാണ് വിവരം. അമേരിക്കൻ ഭീഷണികള്‍ തുടരുന്നിടത്തോളം കാലം ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രതിരോധ നടപടികളും തുടരുമെന്ന് ഐആർജിസി വ്യക്തമാക്കി. തെഹ്‌റാനെതിരെയുള്ള ഭീഷണി അമേരിക്കൻ അധികൃതർ അടിയന്തരമായി അവസാനിപ്പിക്കണമെന്നും അവർ മുന്നറിയിപ്പ് നല്‍കി. അതിനിടെ, മേഖലയിലെ സാഹചര്യം കൂടുതല്‍ സങ്കീർണമാക്കി, സൗദി-അമേരിക്കൻ സേനകള്‍ സംയുക്തമായി നടത്തിയ വ്യോമാക്രമണത്തില്‍ കുറഞ്ഞത് നാല് ഐആർജിസി അംഗങ്ങള്‍ കൊല്ലപ്പെട്ടു.

 

പ്രമുഖ അന്താരാഷ്ട്ര വാണിജ്യ പാതയായ ഹോർമുസ് കടലിടുക്കില്‍ അസ്വസ്ഥതകള്‍ വർധിക്കുകയാണ്. ഇറാൻ അംഗീകരിക്കാത്ത പാതയിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച മൂന്ന് എണ്ണക്കപ്പലുകള്‍ ലക്ഷ്യമിട്ടതായി ഐആർജിസി നാവികസേന അവകാശപ്പെട്ടു. കടലിടുക്കിലെ കപ്പല്‍ ഗതാഗതത്തിനായി ഒമാൻ മുന്നോട്ടുവെച്ച യാത്രാപാത നിർദേശങ്ങള്‍ ഇറാൻ തള്ളി. ഇതുവഴിയുള്ള ട്രാൻസിറ്റുകള്‍ക്ക് നികുതി ഈടാക്കുമെന്നും ഇറാൻ വ്യക്തമാക്കുന്നു.

 

ഹോർമുസ് കടലിടുക്കിലെ മൈൻ നീക്കം ചെയ്യല്‍ നടപടികള്‍ ഇറാൻ തന്നെ നടത്തുമെന്നും, ഒമാനോ യൂറോപ്യൻ രാജ്യങ്ങളോ ഇതില്‍ ഇടപെടുന്നത് അനുവദിക്കില്ലെന്നും ഇറാൻ മുന്നറിയിപ്പ് നല്‍കി. യൂറോപ്യൻ ശക്തികള്‍ മൈൻ നീക്കം ചെയ്യാൻ തുനിഞ്ഞാല്‍ അവയെ തങ്ങളുടെ ‘സൈനിക ലക്ഷ്യങ്ങളായി’ കണക്കാക്കുമെന്നും ഇറാൻ വ്യക്തമാക്കി.

 

മേഖലയില്‍ യുദ്ധമൊഴിവാക്കാൻ ശ്രമിച്ചിരുന്ന മധ്യസ്ഥ രാജ്യങ്ങളെ കടുത്ത ആശങ്കയിലാഴ്ത്തുന്നതാണ് നിലവിലെ സംഭവവികാസങ്ങള്‍. ഒരാഴ്ച നീണ്ടുനിന്ന അപ്രഖ്യാപിത വെടിനിർത്തല്‍ ഇരുപക്ഷവും ലംഘിച്ചതോടെ, വരും ദിവസങ്ങളില്‍ സംഘർഷം കൂടുതല്‍ വ്യാപിച്ച്‌ മറ്റ് മേഖലകളിലേക്കും പടരാനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്.


Share
Copyright © All rights reserved. | Newsphere by AF themes.