പാമ്പ് കടിയേറ്റാല്‍ ആദ്യം ചെയ്യേണ്ടത് എന്തൊക്കെയാണ് ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
പാമ്പുകളില്‍ ശംഖുവരയന്‍റെയും മൂർഖന്‍റെയും വിഷം നാഡീവ്യൂഹത്തെ ബാധിക്കുന്നു. അണലിയുടേത് രക്തം കട്ടപിടിക്കുന്ന പ്രകിയയെ ബാധിക്കുന്നു.
പാമ്പ് കടിയേറ്റാല്‍ ?
ശാന്തമായി, പരിഭ്രമിക്കാതെ ഇരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. പേടിച്ചാല്‍ അഡ്രിനാലിൻ ഹോർമോണ്‍ ശരീരം കൂടുതല്‍ ഉത്പാദിപ്പിക്കും. വിഷം വേഗത്തില്‍ പടരും.
2. അനാവശ്യം ചലനം ഒഴിവാക്കണം. കടിയേറ്റ ഭാഗം പരമാവധി അനക്കാതിരിക്കണം. കടിയേറ്റ ആളെ ഓടാനോ നടക്കാനോ അനുവദിക്കാതെ എടുത്തോ, സ്ട്രക്ചറില്‍ കിടത്തിയോ ആശുപത്രിയിലെത്തിക്കണം.
3. വേഗം ആന്‍റിവെനമുളള ആശുപത്രിയില്‍ എത്തിക്കണം. താലൂക്ക് ആശുപത്രി തലം മുതല്‍ ആന്‍റിവെനം ലഭ്യമാണ്.
4. ഇലാസ്റ്റിക് ബാന്‍റേജ് കൊണ്ട് കടിയേറ്റ ഭാഗത്ത് കെട്ടിവയ്ക്കാം.
5. കയറും മറ്റുംകൊണ്ട് മുറിവിന് മുകള്‍ഭാഗത്ത് അമിതമായി മുറുക്കികെട്ടേണ്ടതില്ല.
6. മുറിവ് വൃത്തിയാക്കരുത്, കൂടുതല്‍ മുറിവുണ്ടാക്കി രക്തം കളയാൻ നോക്കരുത്.
7. ഐസോ ചായപ്പൊടിയോ മഞ്ഞള്‍പൊടിയോ കനല്‍ക്കട്ടയോ പോലുളള വസ്തുക്കള്‍ മുറിവില്‍ വെയ്ക്കരുത്.
ആശുപത്രിയിലെത്തിച്ചാല്‍ ചികിത്സയെങ്ങനെയാണ്, ആന്‍റിവെനം നല്‍കുന്നത് എപ്പോഴാണ്?
രണ്ട് കാര്യങ്ങള്‍ നോക്കിയാണ് ആന്‍റിവെനം നല്‍കാൻ ഡോക്ടർമാർ തീരുമാനമെടുക്കുന്നത്. കടിച്ച പാമ്ബിനെ കണ്ടെന്ന് ഉറപ്പിച്ചാലും ലക്ഷണങ്ങള്‍ നോക്കിയും.
2. പാമ്ബ് കടിയേറ്റെന്ന സംശയത്തില്‍ എത്തുന്നവരില്‍ പാമ്ബ് കടി ഏല്‍ക്കാത്തവരുണ്ടാകാം. അതല്ലെങ്കില്‍ പാമ്ബ് കടിച്ചിട്ടും വിഷം ഉളളില്‍ച്ചെല്ലാത്തവരും ഉണ്ടാകാം. ഇവിടെ ലക്ഷണങ്ങളാണ് ഏറ്റവും പ്രധാനം.
3. ഏതുതരം പാമ്ബാണെങ്കിലും കടിയുടെ മുറിവ് രണ്ട് പല്ല് ആഴ്ന്നിറങ്ങിയത് പോലെയാണ്. ഇരപിടിക്കും മുമ്ബാണ് പാമ്ബ് കടിച്ചതെങ്കില്‍ വിഷം ശരീരത്തിനുളളിലേക്ക് നന്നായി കയറും. ഇരവിഴുങ്ങിയ ശേഷമെങ്കില്‍ കാര്യമായി കയറില്ല.
പാമ്ബ് വിഷം ഉളളില്‍ച്ചെന്നതിന്‍റെ ഗുരുതര ലക്ഷണങ്ങള്‍ ഇതാണ്
കടിച്ചതിന്‍റെ പാട്, കണ്ണ് തുറക്കാൻ കഴിയാത്ത അവസ്ഥ, കാഴ്ചക്കുറവ്, ഉമിനീര് ഇറക്കാൻ കഴിയാത്ത അവസ്ഥ, തല നേരെ നിർത്താൻ കഴിയാത്ത സ്ഥിതി, രക്തസ്രാവം, കറുത്ത നിറത്തില്‍ മൂത്രം പോകല്‍ തുടങ്ങിയവ.
2. ആശുപത്രിയിലെത്തിച്ചാല്‍ രോഗിയുടെ ശ്വാസോച്ഛാസവും രക്തസമ്മർദവും നിരീക്ഷിക്കും. രക്തം പരിശോധിക്കും.
3. രക്തപരിശോധന കൊണ്ട് മാത്രം പാമ്ബ് കടിയേറ്റെന്ന് സ്ഥിരീകരിക്കാൻ കഴിയില്ല. രക്തം കട്ടപിടിക്കാൻ വൈകുന്നുണ്ടോ എന്നാണ് പരിശോധിക്കുന്നത്. അണലി പോലെ രക്തധമനികളെ ബാധിക്കുന്ന വിഷമുളള പാമ്ബുകളുടെ കടിയേറ്റാലാണ് പരിശോധന കൃത്യമാവുക.
4. നാഡീവ്യൂഹത്തെ ബാധിക്കുന്ന മൂർഖൻ പോലുളളവയുടെ കടിയേറ്റതെങ്കില്‍ വ്യക്തമാകണമെന്നില്ല. ലാബ് പരിശോധനകളേക്കാള്‍ ലക്ഷണങ്ങളാണ് പലപ്പോഴും നിർണായകമാവുക.
5. ജീവൻ രക്ഷിക്കുന്ന ഏക മരുന്നെങ്കിലും കാര്യമായ ലക്ഷണങ്ങളില്ലെങ്കില്‍ ആന്‍റിവെനം നല്‍കുന്നതും എളുപ്പമല്ല. ശക്തമായ അലർജി ഉണ്ടാകാം. ഗുരുതര പ്രത്യാഘാതവും ഉണ്ടായേക്കാം.
6. പാമ്ബ് കടിയേറ്റെന്ന ലക്ഷണങ്ങള്‍ കണ്ടാല്‍ അതിവേഗം ആന്‍റിവെനം നല്‍കണം. ആവശ്യമെങ്കില്‍ ആവർത്തിച്ച് നല്‍കും. ചെറിയ ലക്ഷണങ്ങള്‍ കണ്ടാല്‍ കുറഞ്ഞ അളവില്‍ മരുന്ന് നല്‍കാമെന്നും ഡോക്ടർമാർ പറയുന്നു.
7. പാമ്ബ് കടിയേറ്റാല്‍ ഏറ്റവും പ്രധാനം സമയമാണ്.അത് പാഴാക്കാതെ ആശുപത്രിയില്‍ എത്തിക്കലാണ്.
