April 24, 2026

അമീബിക് മസ്‌തിഷ്‍‌ക ജ്വരം വേനല്‍ക്കാലത്ത് വര്‍ധിക്കാൻ സാധ്യത : ജാഗ്രതാ നിർദ്ദേശം

Share

 

തിരുവനന്തപുരം : വേനല്‍ക്കാലത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ശുദ്ധമല്ലാത്ത വെള്ളത്തില്‍ കുളിക്കാനും മുഖം കഴുകാനും പാടില്ല. പൊതുസ്ഥലങ്ങളിലെ വെള്ളത്തിന്റെ ഗുണനിലവാരം ബന്ധപ്പെട്ട വകുപ്പുകള്‍ പരിശോധിക്കണം. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ജല സ്രോതസുകള്‍ വൃത്തിയായി സൂക്ഷിക്കണം. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കിണറുകളും ടാങ്കുകളും നീന്തല്‍ കുളങ്ങളും ക്ലോറിനേറ്റ് ചെയ്യണം. മസ്തിഷ്‌കജ്വരം ബാധിക്കുന്നവര്‍ക്ക് അമീബിക്ക് മസ്തിഷ്‌ക ജ്വരം കണ്ടെത്താനുള്ള പരിശോധനകള്‍ കൂടി നടത്താന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മസ്തിഷ്‌ക ജ്വരത്തിന്റെ രോഗ ലക്ഷണങ്ങള്‍ കാണുന്നവര്‍ എത്രയും വേഗം ചികിത്സ തേടണമെന്നും മന്ത്രി വ്യക്തമാക്കി.

 

വെള്ളത്തില്‍ കാണുന്ന സൂക്ഷ്മ ജീവികളായ അക്കാന്തമീബ, നെഗ്ലേറിയ ഫൗളേറി എന്നിവ മൂലമാണ് അമീബിക് മസ്തിഷ്‌ക ജ്വരം ഉണ്ടാകുന്നത്. ചൂടേറിയ തടാകങ്ങള്‍, കുളങ്ങള്‍, മലിനമായ നീന്തല്‍ കുളങ്ങള്‍ എന്നിവയില്‍ ഇത് കണ്ടുവരാന്‍ സാധ്യതയുണ്ട്. ഈ അമീബ മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിച്ച്‌ മസ്തിഷ്‌കത്തെ ബാധിക്കുന്നു. രോഗ പ്രതിരോധ ശേഷി കുറഞ്ഞ ആള്‍ക്കാര്‍ക്ക് ദേഹത്തുള്ള മുറിവുകളിലൂടെയും അക്കാന്തമീബ നാഡീ വ്യൂഹത്തേയും മസ്തിഷ്‌ക്കത്തേയും ബാധിക്കുവാനുള്ള സാധ്യതയുണ്ട്. അതിനാല്‍ പ്രതിരോധ ശേഷി കുറഞ്ഞ ആള്‍ക്കാര്‍ ശുദ്ധമായ ജലത്തില്‍ മാത്രമേ കൈയ്യിലും കാലുകളിലുമുള്ള വ്രണങ്ങള്‍ വൃത്തിയാക്കാന്‍ പാടുള്ളൂ. കടുത്ത പനി, പെട്ടെന്നുള്ള ജ്വരം, തലവേദന, ഛര്‍ദ്ദി, കഴുത്ത് വേദന, ബോധക്ഷയം, വെളിച്ചം കാണുമ്ബോള്‍ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. രോഗം വന്നാല്‍ വേഗത്തില്‍ ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ ഉടന്‍ ചികിത്സ ആവശ്യമാണ്. രോഗ ലക്ഷണങ്ങള്‍ കാണുന്നവർ സമീപത്തെ ആരോഗ്യ കേന്ദ്രത്തിലെത്തണം. സ്വയം ചികിത്സ ഒഴിവാക്കണം.

 

ആഗോള തലത്തില്‍ നെഗ്ലേറിയ ഫൗളേറി കൊണ്ടുള്ള മസ്തിഷ്‌ക ജ്വര മരണ നിരക്ക് 99 ശതമാനവും അക്കാന്തമീബ കൊണ്ടുള്ള മസ്തിഷ്‌ക ജ്വര മരണ നിരക്ക് 70 ശതമാനം മുതല്‍ 90 ശതമാനം വരേയുമാണ്. മികച്ച പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ മരണ നിരക്ക് 24 ശതമാനമായി കുറയ്ക്കാന്‍ സാധിച്ചു. കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജുകളിലേയും മൈക്രോബയോളജി വിഭാഗത്തില്‍ അമീബയെ കണ്ടെത്താനുള്ള സംവിധാനമുണ്ട്. ഇതനുസരിച്ച്‌ ചികിത്സ തുടങ്ങാനാകും. അമീബ കണ്ടെത്തിക്കഴിഞ്ഞാല്‍ അത് ഏത് അമീബയാണെന്ന് കണ്ടെത്താനുള്ള സ്പീഷീസ് ഐഡന്റിഫിക്കേഷനും മോളിക്യുലാര്‍ സങ്കേതത്തിലൂടെ അമീബയുടെ രോഗ സ്ഥിരീകരണവും നടത്താനുള്ള സംവിധാനം തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലാബ്, തോന്നയ്ക്കല്‍ ഐ.എ.വി., കോഴിക്കോട് മെഡിക്കല്‍ കോളേജ് മൈക്രോബയോളജി വിഭാഗം എന്നിവിടങ്ങളില്‍ സജ്ജമാണ്.


Share
Copyright © All rights reserved. | Newsphere by AF themes.