September 20, 2024

കാവടത്തെ വീടുകൾക്ക് ഭീഷണിയായി കൂറ്റൻ വീട്ടിമരങ്ങൾ 

1 min read
Share

 

പനമരം : കാവടത്ത് വീടുകൾക്ക് ഭീഷണി ഉയർത്തി കൂറ്റൻ വീട്ടിമരങ്ങൾ. കണിയാമ്പറ്റ പഞ്ചായത്ത് ഒന്ന്, രണ്ട് വാർഡിലെ കാവടത്തെ കുടുംബങ്ങളാണ് അപകടാവസ്ഥയിലുള്ള വൻമരങ്ങൾ മുറിച്ചു മാറ്റാൻ നടപടിയില്ലാത്തതിനാൽ ഭീതിയിലായിരിക്കുന്നത്.

 

പ്രദേശത്തെ മണ്ണാറത്തൊടി സൈതലവി, പൂക്കയിൽ ആമിന, ചോലക്കുന്നൻ നവാസ്, അമലേരി ആമിന, അമലേരി മുഹമ്മദ്, പൊന്നാന്തിരി ആയിഷ തുടങ്ങി 15 ഓളം വീട്ടുകാരുടെ കിടപ്പാടം നഷ്ടമാവുന്ന അവസ്ഥയിലാണ്. അപകടാവസ്ഥയിലുള്ള റവന്യൂ ഭൂമിയിലെ വീട്ടിമരങ്ങൾ മുറിച്ചു മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ട് 2013 മുതൽ നാട്ടുകാർ പലകുറി പഞ്ചായത്ത്, വില്ലേജ് ഓഫീസ്, ജില്ലാ കളക്ടറെയും നേരിൽകണ്ട് പരാതിപ്പെട്ടിട്ടും പരിഹാരം ഉണ്ടാവുന്നില്ലെന്ന് ഇവർ പറയുന്നു.

 

സർക്കാർ പതിച്ചുനൽകിയ റവന്യൂ ഭൂമിയിലെ അഞ്ചുസെൻ്റ് സ്ഥലങ്ങളിലാണ് ഇവരുടെ വീടുകൾ ഉള്ളത്. സൈതലവിയുടെ വീടിന് പുറകിലെ ഉയർന്നഭാഗത്ത് തടിച്ചു വളർന്ന ഒരു നൂറ്റാണ്ടിലേറെ പഴക്കംചെന്ന ഭീമൻമരം ഇവിടുത്തുകാരുടെ സ്വസ്ഥത ഇല്ലാതാക്കുകയാണ്. കഴിഞ്ഞ ദിവസത്തെ മഴയിൽ മരത്തിന് താഴെയുള്ള മൺഭിത്തിയിടിയാൻ തുടങ്ങി. ചില്ലകളും പൊട്ടിവീണു. ഏതു നിമിഷവും നിലംപൊത്തുമെന്ന അവസ്ഥയിലാണ്. കടപുഴകിയാൽ വലിയ അപകടത്തിനിടയാക്കും. ഇപ്പോൾ മഴ കനക്കുമ്പോൾ ഇവരെല്ലാം ജീവനിൽ ഭയന്ന് സമീപവാസികളുടെ വീടുകളിൽ അപയം പ്രാപിക്കുകയാണ്.

 

 

2017 ൽ തഹസിൽദാർ സ്ഥലം സന്ദർശിച്ച് സർക്കാർ ചിലവിൽ മുറിച്ചുമാറ്റാമെന്ന് ഉറപ്പു നൽകിയതാണ്. എന്നാൽ വർഷങ്ങൾ താണ്ടുന്നതല്ലാതെ പരിഹാരം ആവുന്നില്ല. പ്രദേശത്ത് ഇത്തരത്തിൽ അഞ്ച് വീട്ടിമരങ്ങൾ അപകടക്കെണിയൊരുക്കുന്നുണ്ട്.

കഴിഞ്ഞവർഷം മറ്റൊന്ന് കടപുഴകിവീണു. പൊന്നാന്താരി സഫീറിൻ്റെ ഷെഡ്ഡ് പൂർണ്ണമായും തകർന്നിരുന്നു. ഇനി ആരോടാണ് പരാതിപ്പെടേണ്ടതെന്നറിയാതെ നെട്ടോട്ടമോടുകയാണിവർ.

 

ചിത്രം : കാവടത്ത് ഭീഷണി ഉയർത്തുന്ന മണ്ണാറത്തൊടി സൈതലവിയുടെ വീടിന് പുറകിലെ വീട്ടിമരം


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.