April 12, 2026

പനമരം പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതി : ബി.ജെ.പി പ്രതിഷേധ പ്രകടനവും ധർണയും നടത്തി

Share

 

പനമരം : പനമരം ഗ്രാമപ്പഞ്ചായത്തിലെ ഇടതു – വലതു മുന്നണികളുടെ സംയുക്ത അഴിമതിക്കെതിരെ ബി.ജെ.പി പനമരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി.

 

പഞ്ചായത്തിലെ എല്ലാ വാർഡുകളിലും സ്ഥാപിച്ച ഉയരവിളക്കുകളുടെയും, തെരുവു വിളക്കുകളുടെയും ടെണ്ടർ, പഞ്ചായത്ത് ബസ് സ്റ്റാൻഡിലെ പഴയ കാത്തിരിപ്പുകേന്ദ്രം പൊളിച്ച് പുതിയത് പണിയൽ, ഒന്നാം വാർഡിൽ വയൽ നികത്തിയും കുന്നിടിച്ച് നിരത്തിയും റിസോർട്ട് നിർമാണത്തിന് അനുമതി കൊടുക്കൽ തുടങ്ങിയവയിൽ വൻ അഴിമതി നടന്നിട്ടുണ്ട്. ഭീമമായ തുകകൾ പ്രസിഡണ്ടടക്കമുള്ള ഇടതു-വലതു മുന്നണിയിലെ അംഗങ്ങളും ഉദ്യോഗസ്ഥരും കൈക്കൂലിയായി കൈപ്പറ്റിയിട്ടുണ്ട്. വിജിലൻസ് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് ബി.ജെ.പി പനമരം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

 

പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടന്ന ധർണ കർഷക മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് കല്ലോടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ശങ്കരൻ ചെമ്പോട്ടി അധ്യക്ഷത വഹിച്ചു. ദിലീപൻ നീരട്ടാടി, മണ്ഡലം പ്രസിഡണ്ട് പി.കെ പ്രജീഷ്, വൈസ് പ്രസിഡന്റ് കെ.പി മോഹനൻ, ജനറൽ സെക്രട്ടറി എ.പി മുരളീധരൻ, മണ്ഡലം കമ്മിറ്റിയംഗം എൻ.കെ രാജീവൻ, വാർഡംഗം എം.പി തുഷാര എന്നിവർ സംസാരിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.