കാപ്പുംഞ്ചാലിൽ വീടിൻ്റെ സംരക്ഷണഭിത്തി തകർന്നുവീണു
പനമരം : കനത്ത മഴയെത്തുടർന്ന് കാപ്പുംഞ്ചാലിൽ വീടിൻ്റെ സംരക്ഷണഭിത്തി തകർന്നുവീണു. കാപ്പുംഞ്ചാലിലെ പുതിയോട്ടിൽ കരീമിൻ്റെ വീടിൻറെ സംരക്ഷണഭിത്തിയാണ് നിലംപൊത്തിയത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. വെട്ടുകല്ല് കൊണ്ട് ഭിത്തിയൊരുക്കി നിർമിച്ച മതിലാണ് സമീപത്തെ പന്നിക്കോടൻ മഹ്റൂഫിന്റെ വീട്ടുമുറ്റത്തേക്ക് മറിഞ്ഞുവീണത്.
വലിയ ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് മതിൽ നിലംപൊത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്.
സംരക്ഷണഭിത്തിയുടെ ഒരു ഭാഗം മഹ്റൂഫിന്റെ വീടിൻറെ അടുക്കള ഭാഗത്തെ ചുമരിനോട് തട്ടി നിൽക്കുന്നതിനാൽ വലിയ അപകടം ഒഴിവാകുകയായിരുന്നു.
ഉടൻതന്നെ നാട്ടുകാരും പനമരം സി.എച്ച്. റെസ്ക്യൂ ടീമും സ്ഥലത്തെത്തി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് താല്കാലിക ഭീഷണി ഒഴിവാക്കുകയായിരുന്നു. മതിലിടിഞ്ഞ ഭാഗത്ത് ടാർപോളിൻ ഷീറ്റും മറ്റും ഇട്ട് സംരക്ഷിച്ചിട്ടുണ്ട്. എങ്കിലും ശക്തമായ മഴ തുടരുന്നതിനാൽ മണ്ണിപ്പോഴും ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്. അതിനാൽ രണ്ട് വീടുകളും ഇപ്പോൾ വലിയ ഭീഷണിയാണ് നേരിടുന്നത്.
ആറുമാസം മുൻപ് മൂന്നുലക്ഷം രൂപയോളം ചിലവഴിച്ച് നിർമിച്ച സംരക്ഷണഭിത്തിയാണ് പാടെ തകർന്നടിഞ്ഞത്. ഓട്ടോറിക്ഷ ഡ്രൈവറായ കരീം കടംവാങ്ങിയും മറ്റുമാണ് ഈ നിർമാണം പൂർത്തിയാക്കിയത്. അതിനാൽ ബന്ധപ്പെട്ടവർ അടിയന്തര സഹായം ഒരുക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
