April 19, 2026

ഓട്ടോപെർമിറ്റ് പുതുക്കി നൽകിയില്ല : പനമരത്ത് തൊഴിലാളികളുടെ പ്രതിഷേധം

Share

 

പനമരം : പനമരം സ്റ്റാൻഡിൽ ഓടുന്ന ഓട്ടോറിക്ഷകൾക്ക് ഹാൾട്ടിങ് പെർമിറ്റ് പുതുക്കി നൽകാത്തതിൽ ഓട്ടോത്തൊഴിലാളികൾ പനമരം ഗ്രാമപഞ്ചായത്തിന് മുമ്പിൽ പ്രതിഷേധിച്ചു. തൊഴിലാളി സംഘടനകളുടെ കത്തില്ലാതെ പെർമിറ്റ് നൽകില്ലെന്ന പഞ്ചായത്ത് അധികൃതരുടെ നിലപാടിനെതിരെയായിരുന്നു പ്രതിഷേധം.

 

2011 മുതൽ സ്റ്റാൻഡിൽ സർവീസ് നടത്തുന്നവർക്ക് എല്ലാരേഖകളും ഹാജരാക്കിയെങ്കിലും പെർമിറ്റ് അനുവദിച്ചില്ല. ഇതോടെ ഓട്ടോത്തൊഴിലാളികൾ പഞ്ചായത്ത് ഓഫീസിലെത്തി പ്രതിഷേധിച്ചു. തീർത്തും രാഷ്ട്രീയ പ്രേരിതമായാണ് പ്രസിഡന്റ് സംസാരിച്ചതെന്ന് തൊഴിലാളികൾ ആരോപിച്ചു.

 

മുമ്പ് സി.ഐ.ടി.യുവിൽ അംഗങ്ങളായിരുന്ന ചിലർ ഇപ്പോൾ സംഘടനയിൽ നിന്നും മാറിനിൽക്കുന്നതിന്റെ വിരോധം തൊഴിലാളി സംഘടന നേതാക്കൾ പഞ്ചായത്ത് പ്രസിഡന്റിനെയും സെക്രട്ടറിയേയും കൂട്ടുപിടിച്ച് തീർക്കുകയാണ്. ന്യായത്തിന്റെ കൂടെ നിൽക്കാതെ തൊഴിലാളി സംഘടനയുടെ താളത്തിനൊത്ത് തുള്ളുകയാണ് പ്രസിഡണ്ടും സെക്രട്ടറിയുമെന്ന് തൊഴിലാളികൾ കുറ്റപ്പെടുത്തി.

 

മുൻവർഷങ്ങളിൽ പഞ്ചായത്ത് പെർമിറ്റ് അനുവദിച്ചതും നിലവിൽ സർവീസ് നടത്തിക്കൊണ്ടിരിക്കുന്നതുമായ ഓട്ടോറിക്ഷകൾക്ക് അന്യായമായി പെർമിറ്റ് നിഷേധിച്ചിരിക്കുകയാണ്. യാതൊരു മാനദണ്ഡവും പാലിക്കാതെ അനധികൃതമായി പുതിയ പെർമിറ്റ് അനുവദിച്ചിട്ടുണ്ട്. നിലവിൽ ഒരാളുടെ പേരിൽ തന്നെ ഒന്നിലധികം പെർമിറ്റ് അനുവദിച്ചു കൊടുത്തിട്ടുണ്ടെന്നും തൊഴിലാളികൾ ആരോപിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.