മുസ്ലിം വിവാഹ മോചനം: കുടുംബ കോടതികളിൽ വിശദ പരിശോധന വേണ്ടെന്ന് ഹൈക്കോടതി
മുസ്ലിം വിവാഹ മോചനം: കുടുംബ കോടതികളിൽ വിശദ പരിശോധന വേണ്ടെന്ന് ഹൈക്കോടതി
കോടതിക്ക് പുറത്ത് നടക്കുന്ന മുസ്‍ലിം വിവാഹ മോചന കേസുകള്‍ കുടുംബ കോടതികളില്‍ വിശദ പരിശോധന വേണ്ടെന്ന് ഹൈകോടതി.ത്വലാഖ്, ഖുല്‍അ്, ത്വലാഖ് ഇ തഫ്വീസ്, മുബാറത്ത് തുടങ്ങിയ വിവാഹ മോചനങ്ങള്‍ അംഗീകരിക്കണമെന്നും പ്രഥമദൃഷ്ട്യ സാധുതയുണ്ടെന്ന് ബോധ്യമായാല്‍ കൂടുതല്‍ അന്വേഷണം നടത്താതെ തന്നെ കുടുംബ കോടതികള്‍ വിവാഹ മോചനം പ്രഖ്യാപിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചാണ് മുസ്‍ലിം വിവാഹ മോചന കേസുകളില്‍ നിര്‍ണായക വിധി പുറപ്പെടുവിച്ചത്.
കുടുംബ കോടതി ഉത്തരവില്‍ എതിര്‍പ്പുള്ള കക്ഷിക്ക് ഉചിതമായ വേദിയെ സമീപിക്കാമെന്നും ഡിവിഷന്‍ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ കുടുംബ കോടതികള്‍ക്ക് ബാധകമാക്കി ചില മാര്‍ഗ നിര്‍ദേശങ്ങളും ഡിവിഷന്‍ബെഞ്ച് പുറപ്പെടുവിച്ചു. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി സ്വദേശിനിയായ യുവതി നല്‍കിയ ഹരജിയാണ് ഡിവിഷന്‍ ബെഞ്ച് വിധി. ത്വലാക്ക് ചൊല്ലി വിവാഹ മോചനം നേടിയ ഭര്‍ത്താവിന്‍റെ നടപടി തന്‍റെ വാദം കേള്‍ക്കാതെ ശരിവെച്ച കുടുംബ കോടതി ഉത്തരവ് ചോദ്യം ചെയ്താണ് യുവതി ഹരജി നല്‍കിയത്. മുസ്‍ലിം വ്യക്തി നിയമ പ്രകാരം 2019 ഡിസംബര്‍ 28നാണ് യുവതിയെ ഭര്‍ത്താവ് മൂന്നാമത്തെ ത്വലാഖ് ചൊല്ലിയത്. ഇക്കാര്യം രജിസ്റ്റേര്‍ഡ് തപാലില്‍ ഹരജിക്കാരിയെ അറിയിച്ചു. എന്നാല്‍, ത്വലാഖിന്‍റെ നിയമ സാധുത ചോദ്യം ചെയ്ത് യുവതി ആദ്യം മൂവാറ്റുപുഴ കുടുംബ കോടതിയെയും പിന്നീട് ഹൈക്കോടതിയേയും സമീപിക്കുകയായിരുന്നു.