October 14, 2026

വിദ്യാര്‍ഥികള്‍ക്ക് 15,000 രൂപ സ്കോളര്‍ഷിപ്പ് ; ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു

Share

 

ചാർട്ടേർഡ് അക്കൗണ്ടൻസി, കോസ്റ്റ് ആൻഡ് മാനേജ്മെൻ്റ് അക്കൗണ്ടിങ്, കമ്പനി സെക്രട്ടറിഷിപ്പ് എന്നീ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികള്‍ക്ക് ജനസംഖ്യാ ആനുപാതികമായി സ്കോളർഷിപ്പ് നല്‍കുന്നതിനായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. 15,000 രൂപയാണ് ഒറ്റത്തവണ സ്കോളർഷിപ്പായി വിദ്യാർഥികള്‍ക്ക് ലഭിക്കുന്നത്.

 

കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാർസി എന്നീ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട വിദ്യാർഥികള്‍ക്കാണ് ഈ സാമ്പത്തിക സഹായത്തിന് അവസരമുള്ളത്. കോഴ്സുകളുടെ ഇൻ്റർമീഡിയറ്റ്, ഫൈനല്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് അപേക്ഷ സമർപ്പിക്കാം. മുൻവർഷങ്ങളില്‍ വകുപ്പില്‍ നിന്നും ഈ സ്കോളർഷിപ്പ് ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

 

യോഗ്യതാ മാനദണ്ഡങ്ങള്‍

 

അപേക്ഷിക്കുന്ന വിദ്യാർഥികള്‍ക്കുള്ള പ്രധാന യോഗ്യതാ മാനദണ്ഡങ്ങള്‍ താഴെ പറയുന്നവയാണ്:

 

● ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ട വിദ്യാർഥികള്‍ക്ക് തിരഞ്ഞെടുപ്പില്‍ മുൻഗണന നല്‍കും. ഇവർ നിർബന്ധമായും റേഷൻ കാർഡിൻ്റെ പകർപ്പ് സമർപ്പിക്കണം.

 

● ബി.പി.എല്‍. അപേക്ഷകരുടെ അഭാവത്തില്‍, ന്യൂനപക്ഷ മതവിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള എ.പി.എല്‍. വിഭാഗത്തെയും പരിഗണിക്കും.

 

● ഇൻ്റർമീഡിയറ്റ് കോഴ്സിന് പഠിക്കുന്നവർ ഫൗണ്ടേഷൻ അല്ലെങ്കില്‍ ബിരുദത്തിന് 60 ശതമാനം മാർക്ക് നേടിയവരായിരിക്കണം.

 

● അവസാനവർഷ വിദ്യാർഥികള്‍ ഇൻ്റർമീഡിയറ്റ് പാസായവരായിരിക്കണം.

 

● വിദ്യാർഥികള്‍ക്ക് ഏതെങ്കിലും ഷെഡ്യൂള്‍ഡ്/കൊമേഴ്സ്യല്‍ ബാങ്കില്‍ സ്വന്തം പേരില്‍ ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം.

 

മെറിറ്റിൻ്റെയും കുടുംബ വാർഷിക വരുമാനത്തിൻ്റെയും അടിസ്ഥാനത്തില്‍ ജനസംഖ്യാനുപാതികമായാണ് അർഹരായ വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത്.

 

അപേക്ഷിക്കേണ്ട വിധം

 

അർഹരായ വിദ്യാർഥികള്‍ക്ക് medscholarship(dot)kerala(dot)gov(dot)in എന്ന വെബ്സൈറ്റിലെ സ്കോളർഷിപ്പ് ലിങ്ക് മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി വരുന്ന നവംബർ 25 ആണ്.

 

ഓണ്‍ലൈൻ അപേക്ഷ പൂർണമായി പൂരിപ്പിച്ച്‌ നിർദിഷ്ട രേഖകള്‍ അപ്‌ലോഡ് ചെയ്ത ശേഷം, അതിൻ്റെ പ്രിൻ്റൗട്ടും അനുബന്ധ രേഖകളും നവംബർ 30-നുള്ളില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിലേക്ക് നേരിട്ടോ അല്ലെങ്കില്‍ തപാല്‍ മാർഗമോ സമർപ്പിക്കണം. സ്കോളർഷിപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2300523, 0471-2300524 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.