October 14, 2026

സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലയ്ക്കൊപ്പം പഞ്ചസാര വില വീണ്ടും ഉയരുന്നു  

Share

 

സംസ്ഥാനത്ത് അരിയും പച്ചക്കറികളും ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലയ്ക്കൊപ്പം പഞ്ചസാര വിലയും വീണ്ടും ഉയർന്നത് സാധാരണക്കാരുടെ അടുക്കള ബജറ്റിന് വലിയ തിരിച്ചടിയാകുന്നു.

 

ചില്ലറ വിപണിയില്‍ പഞ്ചസാര വില കിലോയ്ക്ക് 65 രൂപയ്ക്ക് മുകളിലേക്ക് എത്തിയിട്ടുണ്ട്. ഒരു മാസം മുമ്പ് 45 രൂപയായിരുന്നു ഇത്. 70 രൂപ വരെ ഉയർന്നാലും അത്ഭുതപ്പെടാനില്ലെന്നു വ്യാപാരികള്‍ പറയുന്നു.

 

പ്രധാന കരിമ്പ് ഉത്പാദന സംസ്ഥാനങ്ങളിലുണ്ടായ കാലാവസ്ഥ വ്യതിയാനം കൂടാതെ കരിമ്പിനെ ബാധിച്ച കീടബാധയും ‘റെഡ് റോട്ട്’ പോലുള്ള രോഗങ്ങളും കാരണം കരിമ്പ് ഉത്പാദനത്തില്‍ വൻ ഇടിവുണ്ടായി.ഇതോടൊപ്പം പെട്രോളില്‍ എഥനോള്‍ കലർത്തുന്നതിന്റെ ഭാഗമായി കരിമ്പ് വൻതോതില്‍ എഥനോള്‍ നിർമ്മാണത്തിനായി ഉപയോഗിക്കുന്നുവെന്ന വാദങ്ങളും വിപണിയില്‍ ചർച്ചയാകുന്നുണ്ട്. എന്നാല്‍ ധാന്യങ്ങളില്‍ നിന്നാണ് പ്രധാനമായും എഥനോള്‍ നിർമ്മിക്കുന്നതെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്.

 

ആഗോളതലത്തിലും പഞ്ചസാരയുടെ ലഭ്യതക്കുറവും അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റവും ആഭ്യന്തര വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. ഉത്സവ സീസണുകളിലെ വർധിച്ച ആവശ്യകതയും, ചില കേന്ദ്രങ്ങളിലെങ്കിലും നടക്കുന്ന കൃത്രിമ പൂഴ്ത്തിവെപ്പുകളും വിലക്കയറ്റത്തിന് ആക്കംകൂട്ടുന്നു.

 

വിലക്കയറ്റം പിടിച്ചുനിർത്താൻ ഇറക്കുമതി തീരുവ ഇളവുകള്‍, സ്റ്റോക്ക് പരിധി കർശനമാക്കല്‍ തുടങ്ങിയ നടപടികള്‍ സർക്കാർ തലത്തില്‍ നടപ്പിലാക്കുന്നുണ്ടെങ്കിലും, സാധാരണക്കാരുടെ മേലുള്ള സാമ്പത്തിക ഭാരം ഇത് വർധിപ്പിച്ചിട്ടുണ്ട്. അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കാൻ ഫലപ്രദമായ നടപടികള്‍ വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.


Share
Copyright © All rights reserved. | Newsphere by AF themes.