പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബറിലേക്ക് മാറ്റി സര്‍ക്കാര്‍
പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതാൻ കാത്തിരുന്ന വിദ്യാർഥികള്‍ക്ക് ആശ്വാസമായി സർക്കാർ തീരുമാനം. ഹയർ സെക്കൻഡറി, വൊക്കേഷണല്‍ ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഇനി ഒക്ടോബറില്‍ നടത്തും. വിദ്യാർഥികളുടെ അഭ്യർത്ഥന പരിഗണിച്ചാണ് പരീക്ഷാ സമയക്രമത്തില്‍ മാറ്റം വരുത്തിയതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ധീൻ അറിയിച്ചു.
നേരത്തെ പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷ പ്ലസ് ടു പരീക്ഷയ്ക്കൊപ്പം മാർച്ച് മാസത്തിലായിരുന്നു നടത്തിയത്. ഒരേ സമയത്ത് പരീക്ഷകള്‍ വന്നത് വിദ്യാർഥികള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യം ഉണ്ടാക്കിയിരുന്നു. ഈ വിഷയം ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബറില്‍ നടത്താൻ സർക്കാർ തീരുമാനിച്ചത്.
വിദ്യാർഥികളുടെ ആവശ്യങ്ങളും പ്രയാസങ്ങളും പരിഗണിച്ച് വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ സൗഹൃദപരമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതോടെ മാർച്ചിലെ പ്ലസ് ടു പരീക്ഷയ്ക്കൊപ്പം ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതേണ്ട സാഹചര്യം ഒഴിവാകുകയാണ്.ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് ഇതിനകം പുറപ്പെടുവിച്ചു. ഒക്ടോബറില്‍ നടക്കുന്ന ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ടൈംടേബിള്‍ ഉടൻ പുറത്തിറക്കുമെന്നും മന്ത്രി വ്യക്തമാക്കി. പരീക്ഷാ തീയതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ടൈംടേബിള്‍ പ്രസിദ്ധീകരിക്കുന്നതോടെ വ്യക്തമാകും.
