June 1, 2026

പ്ലസ് വണ്‍ പ്രവേശനം : സേ പരീക്ഷയെഴുതുന്ന കുട്ടികള്‍ എപ്പോള്‍ അപേക്ഷിക്കണം?

Share

 

എസ്‌എസ്‌എല്‍സി ഫലം വന്നതിന് പിന്നാലെ സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള (HSCAP) അപേക്ഷാ നടപടിക്രമങ്ങള്‍ ഇക്കഴിഞ്ഞ മെയ് 25 മുതല്‍ സജീവമായിക്കഴിഞ്ഞു.ജൂണ്‍ എട്ടിനാണ് ട്രയല്‍ അലോട്ട്മെൻ്റ് ഫലം പുറത്തുവരുന്നത്. എന്നാല്‍, ഒന്നോ രണ്ടോ വിഷയങ്ങള്‍ക്ക് പരാജയപ്പെടുകയോ അല്ലെങ്കില്‍ മാർക്ക് വർദ്ധിപ്പിക്കാനായോ സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികള്‍ വലിയ ആശങ്കയിലാണ്. മറ്റ് കുട്ടികളോടൊപ്പം ഞങ്ങള്‍ക്കും പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാൻ കഴിയുമോ, സീറ്റുകള്‍ നഷ്ടമാകുമോ എന്നിങ്ങളെ നിരവധി കാര്യങ്ങളാണ് അവരെ അലട്ടുന്ന പ്രശ്നം. അത്തരത്തില്‍ സേ പരീക്ഷ എഴുതാൻ കാത്തിരിക്കുന്ന കുട്ടികല്‍ എപ്പോഴാണ് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കേണ്ടതെന്ന് നമുക്ക് നോക്കാം.

 

സേ പരീക്ഷയെഴുതുന്നവർ എപ്പോള്‍ അപേക്ഷിക്കണം?

 

സംസ്ഥാനത്തെ പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള ആദ്യഘട്ട അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന പ്രധാന അലോട്ട്മെന്റ് ഘട്ടത്തില്‍ (Main Phase) സേ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികള്‍ക്ക് അപേക്ഷിക്കാൻ സാധിക്കില്ല. ഇക്കൊല്ലത്തെ സേ പരീക്ഷ ജൂണ്‍ ഒമ്പത് മുതല്‍ 19 വരെയാണ് നടക്കുന്നത്. അതിന് ശേഷം ജൂണ്‍ അവസാനത്തോടെയോ ജൂലൈ ആദ്യ വാരത്തിലോ ഫലം പ്രതീക്ഷിക്കാം. സേ പരീക്ഷാ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷം മാത്രമാണ് ഇവർക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാൻ സാധിക്കുക.

 

ജൂണ്‍ 29നാണ് മൂന്നാമത്തെ അലോട്ട്മെൻ്റ് പുറത്തുവരുന്നത്. എന്നാല്‍ ഇതിന് ശേഷം വിദ്യാഭ്യാസ വകുപ്പ് സപ്ലിമെന്ററി അലോട്ട്മെൻ്റ് ഘട്ടം ആരംഭിക്കും. ഈ ഘട്ടത്തിലാണ് സേ പരീക്ഷ ജയിച്ച കുട്ടികള്‍ പുതിയ അപേക്ഷകള്‍ നല്‍കേണ്ടത്. ആദ്യം അപേക്ഷിച്ചവർ സീറ്റുകള്‍ കൊണ്ടുപോകുമോ എന്ന ഭയം സേ പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് വേണ്ട. സേ പരീക്ഷ ജയിച്ചു വരുന്ന കുട്ടികള്‍ക്കായി എല്ലാ വർഷവും വിദ്യാഭ്യാസ വകുപ്പ് സപ്ലിമെന്ററി ഘട്ടത്തില്‍ പ്രത്യേകമായി സീറ്റുകള്‍ മാറ്റിവെക്കാറുണ്ട്. സപ്ലിമെന്ററി ഘട്ടത്തില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള സ്കൂളുകളും കോമ്പിനേഷനുകളും തിരഞ്ഞെടുക്കാം.

 

എസ്‌എസ്‌എല്‍സി സേ പരീക്ഷ

 

ഇത്തവണത്തെ എസ്‌എസ്‌എല്‍സി സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ടൈംടേബിള്‍ പുറത്തുവന്നിട്ടുണ്ട്. ജൂണ്‍ ഒമ്പത് മുതല്‍ 19 വരെയാണ് എസ്‌എസ്‌എല്‍സി സേ പരീക്ഷ നടക്കുന്നത്. ഒരു വർഷം നഷ്ടപ്പെടുത്താതെ വിദ്യാർത്ഥികള്‍ക്ക് തുടർപഠനം ഉറപ്പാക്കാനുള്ള അവസരമാണിത്. പരീക്ഷാ തീയതികളും, ടൈംടേബിളും സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പരിശോധിക്കാം. എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ, ഉന്നതപഠനത്തിന് അർഹത നേടാൻ സാധിക്കാത്ത വിദ്യാർത്ഥികള്‍ക്കും മാർക്ക് വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കും സേ പരീക്ഷ എഴുതാവുന്നതാണ്.

 

പ്ലസ് വണ്‍ പ്രവേശനവും അലോട്ട്മെൻ്റ് തീയതിയും

 

ട്രയല്‍ അലോട്ട്മെൻ്റ് വരുന്നത് ജൂണ്‍ എട്ട്

ആദ്യ അലോട്ട്മെൻ്റ് വരുന്നത് ജൂണ്‍ 16

രണ്ടാം അലോട്ട്മെൻ്റ് വരുന്നത് ജൂണ്‍ 22

മൂന്നാം അലോട്ട്മെൻ്റ് വരുന്നത് ജൂണ്‍ 29

പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുന്നത് ജൂലൈ രണ്ട്

പ്രവേശന നടപടികള്‍ അവസാനിക്കുന്നത് ഓഗസ്റ്റ് അഞ്ച്

ജൂണ്‍ ആദ്യവാരത്തോടെ ട്രയല്‍ അലോട്ട്മെൻ്റ് ഹയർസെക്കൻഡറി പോർട്ടലില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

 


Share
Copyright © All rights reserved. | Newsphere by AF themes.