ഒന്നരവയസുകാരനെ രണ്ടാനച്ഛൻ മര്‍ദിച്ചു കൊന്നു : അമ്മയും രണ്ടാനച്ഛനും പോലീസ് കസ്റ്റഡിയില്‍
നെടുമങ്ങാട് : ഒന്നരവയസുകാരനെ രണ്ടാനച്ഛൻ മർദിച്ച് കൊന്നു. ഏറെക്കാലത്തെ ശാരീരിക പീഡനത്തിലൊടുവിലായിരുന്നു കൊല. അമ്മയും രണ്ടാനച്ഛനും പോലീസ് കസ്റ്റഡിയില്‍.
നെടുമങ്ങാട് പനവൂർ കരിക്കുഴി നെല്ലിക്കുന്നില്‍ വാടകക്കു താമസിക്കുന്ന അഖിലയുടെ മകൻ അർഷാദാണ് കൊല്ലപ്പെട്ടത്. അഖിലയുടെ രണ്ടാം ഭർത്താവ് അഷ്കറാണ് കൊല നടത്തിയത്. ആഹാരം തൊണ്ടയില്‍ കുരുങ്ങിയെന്ന വ്യാജേന വെള്ളിയാഴ്ച ഉച്ചയ്ക്ക് അഷ്കർ കുട്ടിയെ എസ്‌എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവശനായിരുന്ന കുഞ്ഞ് അല്പസമയം കഴിഞ്ഞപ്പോള്‍ മരിച്ചു.
ഡോക്ടർമാർ നടത്തിയ പരിശോധനയില്‍ കുഞ്ഞിന്റെ ദേഹമാസകലം മുറിവുകള്‍ കണ്ടെത്തി. തലയുടെ പിൻഭാഗത്ത് ശക്തമായി ഏറ്റ ക്ഷതത്തിന്റെ പാടും ഉണ്ടായിരുന്നു. കാല്‍പ്പാദങ്ങളിലും കൈകളിലും മുതുകിലുമൊക്കെ പൊള്ളലേറ്റ പാടുകളും ഉണ്ടായിരുന്നു.
കുഞ്ഞിന്റെ അമ്മ അഖില ഏതാനും നാളുകളായി ജോലിസംബന്ധമായ ആവശ്യങ്ങള്‍ക്കായി തമിഴ്നാട്ടിലായിരുന്നു. കുഞ്ഞും രണ്ടാനച്ഛൻ അഷ്കറും മാത്രമാണ് പനവൂരിലെ വാടക വീട്ടിലുണ്ടായിരുന്നത്.
ഈ സമയങ്ങളിലൊക്കെ അഷ്കർ കുഞ്ഞിനെ നിരന്തരം ശാരീരിക പീഡനത്തിന് വിധേയമാക്കിയിരുന്നു. കുഞ്ഞിന്റെ ദേഹത്ത് മുറിവുകളും ചതവുകളും ഒടിവുകളും നിരന്തരം സംഭവിച്ചുകൊണ്ടിരുന്നു.അതെല്ലാം കുട്ടി വീണതുകൊണ്ടും തീയില്‍ കളിച്ചതുകൊണ്ടുമൊക്കെ സംഭവിച്ചതാണ് എന്നാണ് അഷ്കർ അഖിലയോടും കുഞ്ഞിന്റെ ബന്ധുക്കളോടും പറഞ്ഞിരുന്നത്.
വെള്ളിയാഴ്ച മരണവിവരം അറിഞ്ഞ് ആശുപത്രിയില്‍ എത്തിയ കുഞ്ഞിന്റെ പിതാവിന്റെ ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് പോലീസിനെ സമീപിച്ചു. അഷ്കറിനെയും അഖിലയേയും നെടുമങ്ങാട് പോലീസ് കസ്റ്റഡിയില്‍ എടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകം തെളിഞ്ഞത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് കരഞ്ഞ് നിർബന്ധംപിടിച്ച കുഞ്ഞിന്റെ തലക്കു പിന്നില്‍ അഷ്കർ ശക്തിയായി അടിക്കുകയും അടിയുടെ ആഘാതത്തില്‍ കുഴഞ്ഞുവീഴുകയും ചെയ്തിരുന്നു. കുഴഞ്ഞുവീണ കുഞ്ഞിനെ എടുത്ത് കട്ടിലില്‍ കിടത്തി. ഇതിനിടയില്‍ കുഞ്ഞ് ഛർദിക്കുകയും ചെയ്തു.
ഛർദിക്കുന്നതിന്റെ ശബ്ദംകേട്ട് പരിസരവാസികളില്‍ ചിലർ വീട്ടിലെത്തി. ആഹാരം തൊണ്ടയില്‍ കുരുങ്ങി എന്നാണ് അഷ്കർ അവരോട് പറഞ്ഞത്. അവരുടെ നിർബന്ധപ്രകാരമാണ് ആംബുലൻസ് വിളിച്ച് അഷ്കർ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. കുഞ്ഞിനെ ഉയരത്തില്‍നിന്നു തള്ളിയിട്ട് ഇരുകൈകളും ഒടിച്ചതായും ലൈറ്റർ ഉപയോഗിച്ച് ദേഹമാസകലം പൊള്ളിച്ചതായും വടി ഉപയോഗിച്ച് നിരന്തരം പീഡിപ്പിച്ചിരുന്നതായും അഷ്കർ പോലീസിനോട് സമ്മതിച്ചു.
വെങ്കിട്ടക്കാല സ്വദേശിനിയാണ് അഖില.പാലോട് സ്വദേശി അഖിലാണ് അഖിലയുടെ ആദ്യ ഭർത്താവ്. ഒരുവർഷം മുമ്പ് അഖില്‍ ആത്മഹത്യ ചെയ്തു. ശേഷമാണ് അഷ്കറെ കൂടെക്കുട്ടിയത്. നർത്തകിയായ അഖില ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ് തമിഴ്നാട്ടില്‍ പോയത്. ഇതിനുശേഷം അഷ്കർ കുഞ്ഞിനെ നിരന്തരമായ പീഡനത്തിന് വിധേയമാക്കുകയായിരുന്നു.
പോസ്റ്റ്മോർട്ടത്തിനു ശേഷം കുഞ്ഞിന്റെ മൃതദേഹം അഖിലിന്റെ പിതാവ് ഏറ്റുവാങ്ങി പാലോട് പച്ചയിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.
