May 31, 2026

കേന്ദ്ര ഉത്തരവില്‍ വലഞ്ഞ് കെ.എസ്.ആര്‍.ടി.സി; നിരത്തിലുള്ളത് കാലാവധി കഴിഞ്ഞ 2,000 ബസുകള്‍

Share

 

15 വർഷം പഴക്കമുള്ള വാഹനങ്ങള്‍ നിരത്തുകളില്‍നിന്ന് പിൻവലിക്കണമെന്ന തീരുമാനത്തില്‍ കേന്ദ്രസർക്കാർ ഉറച്ച നിലപാടെടുത്തത് കെ.എസ്.ആർ.ടി.സിക്ക് തിരിച്ചടിയായി.

 

നിരത്തില്‍ ഓടുന്ന കെ.എസ്.ആർ.ടി.സിയുടെ 1,117 ബസുകളും കാലാവധി കഴിഞ്ഞതായതിനാലാണ് വിഷയം കൂടുതല്‍ ഗുരുതരമാകുന്നത്.

കെ.എസ്.ആർ.ടി.സിയുടെ 20 വർഷത്തോളം പഴക്കമുള്ള ബസുകള്‍ വരെ ഇപ്രകാരം സർവിസ് നടത്തുന്നുണ്ട്.സർക്കാരിൻ്റ വിവിധ വകുപ്പുകളില്‍ ഓടുന്ന വാഹനങ്ങളിലും ഇപ്രകാരം കാലാവധി കഴിഞ്ഞതുണ്ട്. 15 വർഷം കഴിഞ്ഞ സർക്കാർ വാഹനങ്ങള്‍ പൊളിച്ചുമാറ്റണം എന്നതാണ് കേന്ദ്ര മോട്ടോർ വാഹന വകുപ്പിൻ്റെ നിയമം. എന്നാല്‍, ഈ നിയമത്തില്‍ കേരളത്തിന് ഇളവ് തരണമെന്നും ഇത്രയും വാഹനങ്ങള്‍ പിൻവലിച്ചാല്‍ സംസ്ഥാനത്തിൻ്റെ സർക്കാർ പൊതുഗതാഗത സംവിധാനം താറുമാറാകുമെന്നും കാണിച്ച്‌ കഴിഞ്ഞ സംസ്ഥാന സർക്കാർ കേന്ദ്രത്തെസമീപിച്ചതിനെ തുടർന്നാണ് 15 വർഷം എന്ന കാലാവധി അഞ്ച് വർഷം കൂടികൂട്ടി നല്‍കിയത്.

ഇതനുസരിച്ച്‌ സംസ്ഥാന മോട്ടോർ വാഹന വകുപ്പ് ഉത്തരവും പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ഈ ഉത്തരവ് റദ്ദാക്കാനാണ് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. വരുന്ന സെപ്റ്റംബറില്‍ ഈ ഉത്തരവിൻ്റെ കാലാവധി കഴിയുന്നതിനാല്‍ സംസ്ഥാന മോട്ടോർ വാഹന വകുപ്പ് വീണ്ടും ഇളവ് തേടാനിരിക്കെയാണ് കേന്ദ്രത്തിൻ്റെ തീരുമാനം.

നിലവില്‍ 15 വർഷം കഴിഞ്ഞവ ഓർഡിനറി ബസുകളായാണ് സർവിസ് നടത്തുന്നത് എന്നതിനാല്‍ സ്ത്രീകളുടെ സൗജന്യയാത്രയേയും ഇത് ബാധിച്ചേക്കുമോ എന്ന ആശങ്കയുമുണ്ട്. രണ്ടായിരത്തോളം വാഹനങ്ങള്‍ നിരത്തുകളില്‍നിന്ന് പിൻവലിക്കുമ്പോള്‍ ബദല്‍ സംവിധാനം ഒരുക്കാൻ കടുത്ത സാമ്പത്തികച്ചെലവ് വരും. അതേസമയം, ആർ.സി റദ്ദാക്കിയ കെ.എസ്.ആർ.ടി.സി ബസുകള്‍ നിരത്തുകളില്‍നിന്ന് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി മണിലാല്‍ എന്ന യാത്രക്കാരൻ സമർപ്പിച്ച ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. കെ.എസ്.ആർ.ടി.സി ഫിറ്റ്നസ്, ഇൻഷുറൻസ്, സ്ക്രാപ്പേജ് പോളിസി തുടങ്ങിയ അടിസ്ഥാന മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഇത്തരത്തില്‍ 15 വർഷം കഴിഞ്ഞ ബസുകള്‍ നിരത്തിലിറക്കുന്നത്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.