May 27, 2026

വോട്ടര്‍പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കുന്നത് പൗരത്വം ഇല്ലാതാക്കില്ല : സുപ്രീം കോടതിയുടെ നിര്‍ണ്ണായക വിധി

Share

 

ഡല്‍ഹി : തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ നടപടികളുടെ നിയമസാധുത ശരിവെച്ചു സുപ്രീം കോടതി.അതേസമയം ഈ പ്രക്രിയ കേവലം തെരഞ്ഞെടുപ്പിലെ പങ്കാളിത്തത്തിന് വേണ്ടിയുള്ളത് മാത്രമാണെന്നും പൗരത്വം റദ്ദാക്കലല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യുന്നത് ഒരാളുടെ പൗരത്വം നിര്‍ണ്ണയിക്കുന്നതിനുള്ള മാനദണ്ഡമല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

 

തിരഞ്ഞെടുപ്പ് കമ്മീഷന് വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനോ ഒഴിവാക്കുന്നതിനോ വേണ്ടി പൗരത്വം പരിശോധിക്കാനുള്ള അധികാരമുണ്ട്. എന്നാല്‍ കമ്മീഷന്‍ ഒരു പേര് ഒഴിവാക്കി എന്നതുകൊണ്ട് ആ വ്യക്തി ഇന്ത്യക്കാരനല്ലാതാകുന്നില്ല. വോട്ടര്‍പട്ടികയില്‍ നിന്നുള്ള ഒഴിവാക്കല്‍ ഒരാളുടെ പൗരത്വാവകാശത്തെ ഇല്ലാതാക്കില്ലെന്നും പറഞ്ഞു. വോട്ടര്‍പട്ടിക ശുദ്ധീകരിക്കാനാണ് ഈ നടപടിയെന്ന് കമ്മീഷന്‍ വ്യക്തമാക്കിയപ്പോള്‍, ഇത് പിന്‍വാതിലിലൂടെ പൗരത്വം പരിശോധിക്കാനുള്ള നീക്കമാണെന്ന് ഹര്‍ജിക്കാരും പ്രതിപക്ഷവും ആരോപിച്ചു.

 

വോട്ടര്‍പട്ടികയില്‍ പേര് ഇല്ലാത്തവര്‍, തങ്ങളുടെ മുന്‍തലമുറയിലെ ആളുകള്‍ 2002/2003 വോട്ടര്‍പട്ടികയില്‍ ഉണ്ടായിരുന്നു എന്ന് തെളിയിക്കണമെന്ന നിബന്ധനയോടെയാണ് ഇലക്ഷന്‍ കമ്മീഷന്‍ ഈ പ്രക്രിയ ആരംഭിച്ചത്. ബിഹാറില്‍ തുടങ്ങി പിന്നീട് കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെ 16 സംസ്ഥാനങ്ങളിലേക്കും 3 കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും ഇത് വ്യാപിപ്പിച്ചു. സംശയസ്പദമായ പൗരത്വത്തിന്റെ പേരില്‍ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങള്‍ നാല് ആഴ്ചയ്ക്കകം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. 1955-ലെ പൗരത്വ നിയമപ്രകാരം ആഭ്യന്തര മന്ത്രാലയമാണ് പൗരത്വ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്.

 

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പോ വരുന്നതിന് മുന്‍പ് ഈ പരിശോധന പൂര്‍ത്തിയാക്കണം. ഈ പ്രക്രിയയില്‍ വ്യക്തികള്‍ക്ക് നോട്ടീസ് നല്‍കി അവരുടെ ഭാഗം കേള്‍ക്കണം. അവര്‍ ഇന്ത്യന്‍ പൗരന്മാരാണെന്ന് കണ്ടെത്തിയാല്‍ വോട്ടര്‍പട്ടികയില്‍ പേര് പുനഃസ്ഥാപിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

 

ആധാര്‍ കാര്‍ഡ് പൗരത്വത്തിനുള്ള തെളിവല്ല എന്ന് സുപ്രീം കോടതിയും തെരഞ്ഞെടുപ്പ് കമ്മീഷനും നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. നിലവില്‍ ജനന സര്‍ട്ടിഫിക്കറ്റ്, ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റ് (സ്ഥിരതാമസ രേഖ), സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍, പാസ്‌പോര്‍ട്ട്, ഭൂമിയുടെ രേഖകള്‍ എന്നിവയാണ് ഈ പ്രക്രിയയില്‍ തെളിവായി സ്വീകരിക്കുന്നത്. പൗരത്വം നിര്‍ണ്ണയിക്കാനുള്ള ചുമതല ഇപ്പോള്‍ ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ സാഹചര്യത്തില്‍, കേന്ദ്രം ഇതിനായി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.


Share
Copyright © All rights reserved. | Newsphere by AF themes.