July 12, 2026

പൊരുതി വീണ് നോർവെ : 2-1 ന് തകർത്ത് ഇംഗ്ലണ്ട് സെമിയിൽ

Share

 

ഫ്ളോറിഡ: ഫിഫ ലോകകപ്പില്‍ നോര്‍വേയുടെ സ്വപ്‌നതുല്യമായ കുതിപ്പിനു ഒടുവില്‍ വിരാമമായിരിക്കുകയാണ്. അഞ്ചു തവണ ചാംപ്യന്‍മാരായ ബ്രസീലിനെയും വീഴ്ത്തി മുന്നേറിയ അവര്‍ക്കു ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ ജേതാക്കളായ ഇംഗ്ലണ്ട് മൂക്കുകയറിട്ടു.

 

ഫ്‌ളോറിഡയിലെ മയാമി സ്‌റ്റേഡിയത്തില്‍ അധിക സമയത്തേക്കു നീണ്ട ത്രില്ലറില്‍ 2-1ന്റെ ജയവുമായി ഇംഗ്ലണ്ട് സെമിയിലേക്ക്.

 

 

നോര്‍വേയ്‌ക്കെതിരേ ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷമാണ് രണ്ടു ഗോളുകള്‍ മടക്കിയ ഇംഗ്ലീഷ് പട വിജയം പിടിച്ചെടുത്തത്. രണ്ടു ഗോളും യുവതാരം ജൂഡ് ബെല്ലിങ്ഹാമിന്റെ വകയായിരുന്നു. 45+2, 93 മിനിറ്റുകളിലാണ് താരം ലക്ഷ്യം കണ്ടത്. 36ാം മിനിറ്റില്‍ ആന്‍ഡ്രിയസ് ഷെല്‍ഡറപ്പാണ് നോര്‍വേയ്ക്കായി ലക്ഷ്യം കണ്ടത്.

 

നോര്‍വേയുടെ ഗോള്‍ മെഷീന്‍ എര്‍ലിങ് ഹാളണ്ടിന്റെ തുടര്‍ച്ചയായ 14 മല്‍സരങ്ങളിലെ ഗോള്‍വേട്ടയ്ക്കു കൂടിയാണ് ഈ കളിയോടെ വിരാമമായിരിക്കുന്നത്. മറുഭാഗത്തു ഇംഗ്ലണ്ടിലേക്കു വന്നാല്‍ 1966ല്‍ ഫൈനലിലെത്തിയ ശേഷം നോക്കൗട്ടില്‍ ആദ്യ ഗോള്‍ വഴങ്ങിയ ശേഷം ജയിച്ചിട്ടില്ലെന്ന ചീത്തപ്പേര് ഒരിക്കല്‍ക്കൂടി ഇംഗ്ലണ്ട് തിരുത്തിയിരിക്കുകയാണ്. ഈ ടൂര്‍ണമന്റില്‍ മൂന്നു കൡയിലായിരണ്ടാം തവണയാണ് പിന്നിലായ ശേഷം ഇംഗ്ലണ്ട് വിജയം കൊയ്തത്.

 

 

ഇംഗ്ലണ്ടിനെ ഞെട്ടിച്ചാണ് 36ാം മിനിറ്റില്‍ ഷെല്‍ഡറപ്പിന്റെ വണ്ടര്‍ ഗോളില്‍ നോര്‍വേ അക്കൗണ്ട് തുറന്നത്.സെന്റര്‍ ഏരിയയില്‍ നിന്നും ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹാരി കെയ്‌നില്‍ നിന്നും ബോള്‍ തട്ടിയെടുത്ത പാട്രിക് ബെര്‍ഗ് അതു ഷെല്‍ഡറപ്പിനു മറിച്ചു നല്‍കി. ബോളുമായി മുന്നേറിയ താരം ഇംഗ്ലീഷ് ഫുള്‍ബാക്ക് എസ്‌റി കോവനയെ വെട്ടിയൊഴിഞ്ഞ ശേഷം ഗോളിലേക്കു നിറയൊഴിക്കുകയായിരുന്നു.

 

44ാം മിനിറ്റില്‍ നോര്‍വേ ലീഡുയര്‍ത്തേണ്ടതായിരുന്നു. ഇംഗ്ലണ്ട് ഹാഫില്‍ രണ്ടു പേര്‍മാത്രമുള്ളപ്പോള്‍ ബോള്‍ അലെക്‌സാണ്ടര്‍ സൊര്‍ലോത്തിന്റെ കാലില്‍. അദ്ദേഹം അതു ഹാളണ്ടിനു പാസ് ചെയ്തിരുന്നെങ്കില്‍ രണ്ടാം ഗോള്‍ ഉറപ്പായിരുന്നു. പക്ഷെ സൊര്‍ലോത്ത് അതിനു തയ്യാറായില്ല. ഇതോടെ ഇംഗ്ലീഷ് ഡിഫന്‍ഡര്‍മാര്‍ ചേര്‍ന്ന് അതു നിര്‍വീര്യമാക്കുകയും ചെയ്തു.

 

 

 

പക്ഷെ ഇംഗ്ലണ്ട് വിട്ടുകൊടത്തില്ല. പൊരുതിക്കയറിയ അവര്‍ ഇഞ്ചുറിടൈമില്‍ സമനില പിടിച്ചുവാങ്ങി. മോര്‍ഗന്‍ റോജേഴ്‌സിന്റെ ലോങ്‌റേഞ്ചര്‍ ഗോളി നൈലാന്‍ഡ് തടുത്തിട്ടപ്പോള്‍ റീബൗണ്ട് ബെല്ലിങ്ഹാം വലയിലേക്കു പ്ലേസ് ചെയ്യുകയായിരുന്നു.

രണ്ടാം പകുതി തുടങ്ങി പത്ത് മിനിറ്റിനകം കോര്‍ണറിനൊടുവില്‍ തോര്‍ബ്യോന്‍ ഹെഗ്ഗെ ഇംഗ്ലണ്ടിന്റെ വലയില്‍ നോര്‍വേ പന്ത് എത്തിച്ചെങ്കിലും അതു അനുവദിക്കപ്പെട്ടില്ല. വാര്‍ പരിശോധനയ്ക്കുശേഷം റഫറി അതു ഫൗള്‍ വിധിക്കുകയായിരുന്നു. ഗോളിനു മുമ്പ് ഏലിയറ്റ് ആന്‍ഡഡേഴ്‌സനെ ഹാളണ്ട് ഫൗള്‍ ചെയ്തതായി വാറില്‍ തെളിഞ്ഞതോടെയാണ് റഫറി ഗോള്‍ നല്‍കാതിരുന്നത്.

 

നിശ്ചിത സമയത്തു ഗോളിനായി ഇരുടീമുകളും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ കളി എക്‌സ്ട്രാ ടൈമിലേക്ക്. ഗോള്‍കീപ്പര്‍ നൈലാന്‍ഡിനു സംഭവിച്ച പിഴവില്‍ നിന്നും ബെല്ലിങ് ഇംഗ്ലണ്ടിന്റെ വിജയഗോളും കുറിക്കുകയായിരുന്നു.

 

 


Share
Copyright © All rights reserved. | Newsphere by AF themes.