സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ് : പവന് 240 രൂപ കൂടി
സംസ്ഥാനത്ത് സ്വർണ വിലയില്‍ നേരിയ വർധനവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഇന്നേക്ക് 30 രൂപയാണ് കൂടിയിരിക്കുന്നത്. 1 പവൻ സ്വർണത്തിന് 1,16, 880 രൂപയാണ് ഇന്നത്തെ വില. ഇന്ത്യയില്‍ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മെയ് 13 ന് ഒറ്റയടിക്ക് സ്വർണ വില 10,200 രൂപയോളം വിലവർധിച്ചിരുന്നു. ഈ മാസത്തിലെ ഏറ്റവും കൂടിയ സ്വർണ വില 1,23,120 ആയി രേഖപ്പെടുത്തി. പിന്നീട് ഇന്നലെയും ഇന്നുമെല്ലാം സ്വർണ വിലയിങ്ങനെ ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്.
കേന്ദ്രസർക്കാർ സ്വർണ്ണത്തിന്റെ ഇറക്കുമതി ചുങ്കം വർധിപ്പിച്ചതിനെതിരെ കേരള ഗോള്‍ഡ് ആൻഡ് സില്‍വർ മർച്ചന്റ്സ് അസോസിയേഷൻ രംഗത്ത് വന്നിരുന്നു. സ്വർണ്ണത്തിന്റെ ഇറക്കുമതി ചുങ്കം 6% ത്തില്‍ നിന്നും 15% ആയി വർദ്ധിപ്പിച്ചത് ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കിലും സ്വാഭാവികമായി കള്ളക്കടത്ത് വർദ്ധിക്കുന്നതിന് ഇത് കാരണമാകുമെന്ന് വിശദീകരണം. നേരത്തെ 15 ശതമാനം ഇറക്കുമതി ചുങ്കം നിലനില്‍ക്കുമ്പോഴാണ് ഇന്ത്യയിലേക്ക് ആയിരം ടണ്‍ സ്വർണം ഇറക്കുമതി ചെയ്തത്. 6% ഇറക്കുമതി ചുങ്കം നിലനില്ക്കുമ്പോള് 800 ടണ്ണില്‍ താഴെയാണ് ഇറക്കുമതിയെന്നും കെജിഎസ്എംഎ (KGSMA) സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.അബ്ദുല്‍ നാസർ, പ്രസിഡന്റ് കെ.സുരേന്ദ്രൻ, ട്രഷറർ കൃഷ്ണദാസ്. സി.വി എന്നിവർ പറഞ്ഞു.
