മെയ് മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതല്‍
തിരുവനന്തപുരം : മെയ് മാസത്തെ പെൻഷൻ വിതരണം ഇന്ന് മുതല്‍. മെയ് 25 തിങ്കളാഴ്ച മുതല്‍ പെൻഷൻ തുക വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ അറിയിച്ചിരുന്നു. സാമൂഹ്യ സുരക്ഷ – ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ വിതരണത്തിനായി 1070 കോടി രൂപ അനുവദിച്ചതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്തെ 62 ലക്ഷത്തോളം പേരാണ് ക്ഷേമപെൻഷൻ വാങ്ങുന്നത്. ഇതില്‍ 26.62 ലക്ഷം പേരുടെ അക്കൗണ്ടുകളില്‍ തുക എത്തും. ബാക്കിയുള്ളവരുടെ വീടുകളില്‍ എത്തി നേരിട്ട് തുക കൈമാറും. ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള ക്ഷേമ പെൻഷൻ അതാത് ബോർഡുകള്‍ വഴി വിതരണം ചെയ്യും.
പെൻഷൻ തുക എത്ര?
യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പെൻഷൻ തുക 3,000 രൂപയായി ഉയർത്തും എന്നത്. എന്നാല്‍ അത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവുകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ട് ഈ മാസവും 2000 രൂപ തന്നെയാകും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. 2011 – 2016 കാലഘട്ടത്തിലെ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 600 രൂപയായിരുന്നു പെൻഷൻ തുക. പിന്നീട് ഒന്നും രണ്ടും പിണറായി സർക്കാരുകള്‍ ഘട്ടം ഘട്ടമായി പെൻഷൻ തുക 2000 രൂപയായി വർധിപ്പിച്ചു. ഇത് 3000 രൂപയാക്കുമെന്നാണ് യു.ഡി.എഫ് സർക്കാരിന്റെ വാഗ്ദാനം.
സ്ത്രീകള്‍ക്ക് സൗജന്യയാത്ര
ക്ഷേമപെൻഷൻ തുക വർധനവ് പോലെ തന്നെ പ്രധാനപ്പെട്ട മറ്റൊരു തിരഞ്ഞെടുപ്പ് വാഗ്ദാനമാണ് സ്ത്രീകള്‍ക്ക് കെഎസ്‌ആർടിസി സൗജന്യ യാത്ര. ജൂണ്‍ 15 മുതല്‍ സൗജന്യ യാത്ര അനുവദിക്കുമെന്നും മറ്റ് തീരുമാനങ്ങള്‍ ഉടനെ അറിയിക്കുമെന്നുമാണ് വാർത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വിഡി സതീശൻ അറിയിച്ചിരുന്നു. ഏതെല്ലാം ബസിലാണ് സൗജന്യ യാത്ര അനുവദിക്കുന്നത്, പ്രായപരിധി എന്തെങ്കിലുമുണ്ടോ തുടങ്ങിയ വിവരങ്ങള്‍ ഉടൻ വ്യക്തമാക്കുമെന്നാണ് സൂചന.
മെയ് എട്ട് മുതല്‍ അഞ്ച് വരെ കെഎസ്‌ആർടിസി ബസുകളില്‍ സ്ത്രീ, ട്രാൻസ്ജെൻഡർ യാത്രക്കാരുടെ എണ്ണം എടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സൗജന്യ യാത്ര ഏതൊക്കെ ബസില്‍ അനുവദിക്കണം, എത്രത്തോളം സാമ്പത്തിക സഹായം സർക്കാർ നല്‍കേണ്ടി വരും തുടങ്ങിയ കാര്യങ്ങളില്‍ ചർച്ചകള്‍ നടക്കുകയാണ്.
നിലവില്‍ ഒരു ദിവസം കെഎസ്‌ആർടിസയുടെ വരുമാനം ഏകദേശം എട്ട് കോടി രൂപയാണ്. കണക്കുകളനുസരിച്ച് യാത്രക്കാരില്‍ 40 – 50 ശതമാനത്തോളം സ്ത്രീകളാണ്. ഇതിനനുസരിച്ച് സംസ്ഥാനത്ത് മുഴുവനായി പദ്ധതി നടപ്പിലാക്കിയാല്‍ ഏകദേശം മൂന്നരകോടിയോളം നഷ്ടം വന്നേക്കും. ഓര്‍ഡിനറി ബസുകളില്‍ മാത്രം പദ്ധതി നടപ്പാക്കിയാല്‍ പ്രതിദിനം 90 ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്.
സൗജന്യ യാത്ര അനുവദിക്കുന്ന ബസുകള്‍ നിജപ്പെടുത്തണമെന്നും കിലോമീറ്റര്‍ പരിധി വയ്ക്കണമെന്നും കെഎസ്‌ആർടിസി അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടക, തെലങ്കാന, തമിഴ്‌നാട് എന്നിവിടങ്ങളില്‍ സൗജന്യ യാത്ര അനുവദിച്ചിട്ടുണ്ട്. ചെന്നൈ പോലുള്ള നഗരങ്ങളില്‍ സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.
