May 6, 2026

സിപിഎമ്മിന്റെ എട്ടു സഖ്യകക്ഷികള്‍ നിയമസഭയില്‍ സംപൂജ്യര്‍ ; യുഡിഎഫ് തരംഗത്തില്‍ ഇടതിന് തുണയായത് തൃശൂരും പാലക്കാടും മാത്രം, തോറ്റത് 13 മന്ത്രിമാർ

Share

 

തിരുവനന്തപുരം : കേരള രാഷ്ട്രീയത്തില്‍ വലിയ വഴിത്തിരിവായി മാറിയ തിരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് ചരിത്ര നേട്ടമാണ് സമ്മാനിച്ചത്. 102 സീറ്റുകള്‍ നേടി അധികാരത്തിലേക്ക് തിരിച്ചെത്തുന്ന യുഡിഎഫ്, ഒരു ദശാബ്ദത്തിന് ശേഷം വീണ്ടും സംസ്ഥാന ഭരണത്തിന്റെ ചുക്കാൻ പിടിക്കാനൊരുങ്ങുകയാണ്. മുന്നണിയിലെ പ്രധാന ഘടകകക്ഷികള്‍ മത്സരിച്ച ഭൂരിഭാഗം മണ്ഡലങ്ങളിലും ശ്രദ്ധേയമായ മുന്നേറ്റമാണ് ഉണ്ടായത്.

 

അതേസമയം, ഇടതുമുന്നണിക്ക് കനത്ത തിരിച്ചടിയാണ് ഇത്തവണ നേരിടേണ്ടിവന്നത്. ആകെ 35 സീറ്റുകളില്‍ ഒതുങ്ങിയ എല്‍ഡിഎഫില്‍ പ്രാതിനിധ്യം നേടാനായത് സിപിഎം, സിപിഐ, ആർജെഡി എന്നീ മൂന്ന് കക്ഷികള്‍ക്കു മാത്രമാണ്. സിപിഎം 26 സീറ്റുകളും സിപിഐ 8 സീറ്റുകളും നേടി. ആർജെഡി ഒരു മണ്ഡലത്തില്‍ വിജയം കണ്ടു. മുന്നണിയിലെ മറ്റു എട്ട് ഘടകകക്ഷികള്‍ക്കും നിയമസഭയിലേക്ക് അംഗങ്ങളെ എത്തിക്കാനായില്ല.

 

കേരള കോണ്‍ഗ്രസ് (എം), ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദള്‍, എൻസിപി, ഐഎൻഎല്‍, കേരള കോണ്‍ഗ്രസ് (ബി), കോണ്‍ഗ്രസ് (എസ്), ജനാധിപത്യ കേരള കോണ്‍ഗ്രസ്, ആർ.എസ്.പി ലെനിനിസ്റ്റ് എന്നിവർക്കാണ് നിയമസഭയില്‍ പ്രാതിനിധ്യമില്ലാതായത്. കടുത്ത ഭരണവിരുദ്ധ വികാരത്തില്‍ എല്ലാവരും പരാജയപ്പെടുകയായിരുന്നു. കേരള കോണ്‍ഗ്രസ് (എം) മത്സരിച്ച 12 ഇടങ്ങളിലും, എൻസിപി മത്സരിച്ച മൂന്നിടങ്ങളിലും തോറ്റമ്പി.

 

കാസർഗോഡ് മുതല്‍ തിരുവനന്തപുരം വരെ എല്ലായിടങ്ങളിലും സാമൂഹ്യ ജനവിഭാഗങ്ങളിലും സ്വാധീനമുറപ്പിച്ച്‌ കാല്‍നൂറ്റാണ്ട് കാലത്തെ ഏറ്റവും വലിയ വിജയത്തിലേക്ക് കോണ്‍ഗ്രസും സഖ്യകക്ഷികളും കുതിച്ചപ്പോള്‍ 13 മന്ത്രിമാരുള്‍പ്പെടെ ഇടത് മുന്നണിയിലെ വമ്പന്മാരെല്ലാം മൂക്കുംകുത്തിയാണ് വീണത്. മലബാറെന്നോ, മധ്യമകേരളമെന്നോ തിരുവിതാംകൂറെന്നോ വിത്യാസമില്ലാതെ എല്ലായിടത്തും യുഡിഎഫ് വൻ മുന്നേറ്റമാണുണ്ടാക്കിയത്.

 

വടക്കേ മലബാറിലെ പാർട്ടി കോട്ടകളില്‍ ഇടത് മുന്നണിക്കുണ്ടായത് അമ്പരപ്പിക്കുന്ന പരാജയമാണ്. ഒരിക്കലും ഇളകാത്ത പയ്യന്നൂരും, തളിപ്പറമ്പും പാർട്ടി വിമതർ കീഴടക്കിയത് എല്‍ഡിഎഫിനെ ഞെട്ടിച്ചു. തൃക്കരിപ്പൂരും, ഉദുമയും കോണ്‍ഗ്രസ് മുന്നേറ്റത്തില്‍ കടപുഴകി. മലപ്പുറത്തും എറണാകുളത്തും കോട്ടയത്തും ഇടുക്കിയിലും വയനാട്ടിലും ഇടത് പ്രാതിനിധ്യമില്ല..

 

കോഴിക്കോട്ട് ജില്ലയില്‍ ബേപ്പൂരും, പത്തനംതിട്ടയില്‍ കോന്നിയിലും മാത്രമാണ് ഇടത് സ്ഥാനാർഥികള്‍ ജയിച്ചത്. അമ്പലപ്പുഴ അടക്കം ആലപ്പുഴയിയിലെ ഇടത് കോട്ടകളും ത്രിവർണ പതാക പുതച്ചു.

 

കൊല്ലത്തും തലസ്ഥാനമായ തിരുവനന്തപുരത്തും യു.ഡി.എഫ് ജൈത്രയാത്ര തുടർന്നു. തൃശൂരും പാലക്കാടും മാത്രമാണ് യു.ഡി.എഫ് മുന്നേറ്റത്തിന് ചെറിയ കടിഞ്ഞാണ്‍‍ വീണത്. അങ്ങനെ, നൂറ് സീറ്റുകളുമായി അധികാരത്തിലെത്തുമെന്ന പ്രതിപക്ഷ നേതാവിൻറെ പ്രഖ്യാപനം യാഥാർത്ഥ്യമായി.


Share
Copyright © All rights reserved. | Newsphere by AF themes.