May 4, 2026

ലഖ്‌നൗവിനെ ആറു വിക്കറ്റിനു തകര്‍ത്തു : വിജയവഴിയില്‍ തിരിച്ചെത്തി മുംബൈ

Share

 

മുംബൈ : ഒരിടവേളയ്ക്കു ശേഷം തിരിച്ചെത്തിയ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ രോഹിത് ശര്‍മ (84) ഗംഭീര ഇന്നിങ്‌സുമായി മടങ്ങി വരവ് ആഘോഷിച്ചപ്പോള്‍ മുംബൈ ഇന്ത്യന്‍സ് വീണ്ടും വിജയവഴിയില്‍.

 

ഹാട്രിക് തോല്‍വികള്‍ക്കു ശേഷമാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ആറു വിക്കറ്റിനു തകര്‍ത്ത് മുംബൈ വീണ്ടും ജയിക്കാന്‍ പഠിച്ചത്. നേരിയ പ്ലേഓഫ് പ്രതീകള്‍ ഇതോടെ കാത്തുസൂക്ഷിക്കാനും മുംബൈയ്ക്കു കഴിഞ്ഞു.

 

 

 

229 റണ്‍സിന്റെ ലക്ഷ്യമാണ് ഹോം ഗ്രൗണ്ടായ വാംഖഡെയില്‍ മുംബൈയ്ക്കു എല്‍എസ്ജി നല്‍കിയത്. ഈ ടോട്ടല്‍ മുംബൈക്ക് വെല്ലുവിളിയാവുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല.

 

രോഹിത്തും ഓപ്പണിങ് പങ്കാളി റയാന്‍ റിക്കെല്‍റ്റണും (83) അഗ്രസീവ് ഫിഫ്റ്റികള്‍ കുറിച്ചതോതോടെ മുംബൈക്കു കാര്യങ്ങള്‍ എളുപ്പമായി മാറി. 44 ബോളില്‍ ഏഴു സിക്‌സും ആറു ഫോറുമുള്‍പ്പെട്ടതാണ് രോഹിത്തിന്റെ ഇന്നിങ്‌സ്. റിക്കെല്‍റ്റണ്‍ 32 ബോളില്‍ എട്ടു സിക്‌സറും ആറു ഫോറുമടിച്ചു.

 

ഓപ്പണിങ് വിക്കറ്റില്‍ രോഹിത്-റിക്കെല്‍റ്റണ്‍ ജോടി 143 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. വെറും 65 ബോളുകളിലാണിത്. തിലക് വര്‍മയും (11) ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും (12) പെട്ടെന്നു മടങ്ങിയെങ്കിലും നമന്‍ ധിറും (23*) വില്‍ ജാക്‌സും (10*) ചേര്‍ന്ന് എട്ടു ബോള്‍ ശേഷിക്കെ മുംബൈയെ ജയത്തിലെത്തിക്കുകയായരുന്നു.

 

 

നേരത്തെ ഈ സീസണിലാദ്യമായി തനിനിറം പുറത്തെടുത്ത വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് താരം നിക്കോളാസ് പൂരന്റെ തീപ്പൊരി ഫിഫ്റ്റിയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ അഞ്ചു വിക്കറ്റിനു 228 റണ്‍സിലെത്തിച്ചത്. ഫേവറിറ്റ് പൊസിഷനായ മൂന്നാംനമ്പറില്‍ ഇത്തവണ ആദ്യമായി കളിക്കാന്‍ അവസരം ലഭിച്ച പൂരന്‍ അതു ശരിക്കും മുതലാക്കുക തന്നെ ചെയ്തു.

 

വെറും 21 ബോളില്‍ അദ്ദേഹം വാരിക്കൂട്ടിയത് 61 റണ്‍സാണ്. എട്ടു കൂറ്റന്‍ സിക്‌സറും ഒരു ഫോറും ഇതിലുള്‍പ്പെടുന്നു. മിച്ചെല്‍ മാര്‍ഷ് (25 ബോളില്‍ 44), ഹിമ്മത്ത് സിങ് (31 ബോളില്‍ 40), എയ്ഡന്‍ മാര്‍ക്രം (25 ബോളില്‍ 31*) എന്നിവരും സ്‌കോറിങില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കി.

 

 

 

എന്നാല്‍ ഈ മല്‍സരത്തില്‍ എല്‍എസ്ജി 250 റണ്‍സെങ്കിവും കുറിക്കാന്‍ കഴിയേണ്ടതായിരുന്നു. കാരണം ആദ്യത്തെ പത്തോവറില്‍ 141 റണ്‍സ് എല്‍എസ്ജി വാരിക്കൂട്ടിയിരുന്നു. വെറും മൂന്നു വിക്കറ്റ് നഷ്ടത്തിലാണിത്.

 

പക്ഷെ അടുത്ത പത്തോവറില്‍ വെറും 87 റണ്‍സെടുക്കാനേ അവര്‍ക്കായുള്ളൂ. സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ ക്യാപ്റ്റന്‍സിയാണ് എല്‍എസ്ജിയുടെ കുതിപ്പിനു ബ്രേക്കിട്ടത്. മുംബൈക്കായി കോര്‍ബിന്‍ ബോഷ് രണ്ടു വിക്കറ്റുകളെടുത്തു.

 

വാംഖഡെയില്‍ ടോസിനു ശേഷം മുംബൈയുടെ താല്‍ക്കാലിക ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഹാര്‍ദിക് പാണ്ഡ്യ പിന്‍മാറിയതോടെയാണ് പകരം സ്‌കൈയ്ക്കു നറുക്കുവീണത്. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ മുംബൈ ചില മാറ്റങ്ങള്‍ വരുത്തി.

 

പരിക്കു ഭേദമായ മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ തിരിച്ചെത്തിയെന്നതാണ് ശ്രദ്ധേയമായ കാര്യം. പക്ഷെ ഇംപാക്‌ട് പ്ലെയറായിട്ടാണ് അദ്ദേഹം ടീമിനൊപ്പം ചേര്‍ന്നത്.

 

ട്രെന്റ് ബോള്‍ട്ടിനു പകരം സൗത്താഫ്രിക്കയുടെ കോര്‍ബിന്‍ ബോഷിനെയും മുംബൈ കളിപ്പിക്കുകയായിരുന്നു. എല്‍എസ്ജിയുല്‍ മൂന്നു മാറ്റങ്ങളുണ്ടായിരുന്നു. ജോഷ് ഇംഗ്ലിസ്, അക്ഷത് രഴഘുവംശി, ആവേശ് ഖാന്‍ എന്നിവരാണ് ടീമിലെത്തിയത്.

 

പ്ലെയിങ് ഇലവന്‍

 

മുംബൈ ഇന്ത്യന്‍സ്- റയാന്‍ റിക്കെല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), നമന്‍ ധിര്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, വില്‍ ജാക്ക്സ്, രാജ് ബവ, കോര്‍ബിന്‍ ബോഷ്, ദീപക് ചാഹര്‍, ജസ്പ്രീത് ബുംറ, അല്ലാ ഗസന്‍ഫര്‍, രഘു ശര്‍മ്മ

 

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്- മിച്ചല്‍ മാര്‍ഷ്, എയ്ഡന്‍ മര്‍ക്രം, റിഷഭ് ഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ജോഷ് ഇംഗ്ലിസ്, നിക്കോളാസ് പൂരന്‍, അക്ഷത് രഘുവംശി ഹിമ്മത് സിംഗ്, മുഹമ്മദ് ഷമി, മൊഹ്സിന്‍ ഖാന്‍, ആവേശ് ഖാന്‍, പ്രിന്‍സ് യാദവ്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.