ട്രംപിന്റെ ഉപരോധത്തിന് പുല്ലുവില ? ചൈനീസ് കപ്പലിന് പിന്നാലെ ഹോര്‍മുസ് കടന്ന് മൂന്ന് കപ്പലുകള്‍
തെഹ്‌റാന്‍ : ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ ആദ്യദിനം തന്നെ കടലിടുക്ക് കടന്ന് മൂന്ന് കപ്പലുകള്‍. അമേരിക്കന്‍ ഉപരോധം നിലനില്‍ക്കെ, ചൈനീസ് എണ്ണക്കപ്പലുകള്‍ക്ക് പിന്നാലെ മറ്റ് കപ്പലുകള്‍ കൂടി ഹോര്‍മുസ് കടന്നതായാണ് വിവരം.
ഇറാന്‍ എണ്ണക്കടത്തിന്റെ പേരില്‍ യുഎസ് ഉപരോധം നേരിടുന്ന റിച്ച് സ്റ്റാറി, മുരളികിഷന്‍ കപ്പലുകളാണ് ഇന്ന് ഹോര്‍മുസിലൂടെ കടന്നുപോയത്. പനാമ പതാക വഹിച്ച യുഎഇയിലെ ഹംരിയ തുറമുഖം ലക്ഷ്യമിട്ടുള്ള പീസ് ഗള്‍ഫ് കപ്പലും ഹോര്‍മുസ് കടന്നതായാണ് റിപ്പോർട്ടുകള്‍. ഇറാന്‍ തുറമുഖം ലക്ഷ്യമിട്ടുള്ള കപ്പലുകളല്ലാത്തതിനാലാണ് ഇവയെ ലക്ഷ്യംവെക്കാതിരുന്നതെന്ന് യുഎസ് സേന പ്രതികരിച്ചു. പാകിസ്താന്റെ മധ്യസ്ഥതയിലുള്ള ഇറാന്‍-യുഎസ് വെടിനിര്‍ത്തല്‍ ചര്‍ച്ച കരാറിലെത്താതെ പരാജയപ്പെട്ടതിന് പിന്നാലെയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഹോര്‍മുസില്‍ ഉപരോധം ഏര്‍പ്പെടുത്തിയത്.
ഏകദേശം 2,50,000 ബാരല്‍ മെഥനോള്‍ ആണ് ചൈനീസ് കപ്പലിലുണ്ടായിരുന്നത്. യുഎഇയിലെ ഹംരിയ തുറമുഖത്ത് നിന്ന് ചരക്ക് കയറ്റിയ കപ്പലില്‍ ചൈനീസ് പൗരന്മാരാണുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ ഉപരോധത്തിന്റെ ആദ്യദിനം തന്നെ ഹോര്‍മുസ് കടന്ന ചൈനീസ് കപ്പലിന്റെ നീക്കം ആഗോളതലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. അതേസമയം, യുഎസിന്റേത് അപകടകരവും നിരുത്തരവാദപരവുമായ നീക്കമാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി. ‘ഹോര്‍മുസ് മേഖലയില്‍ ആയുധങ്ങളുമായി കറങ്ങുന്ന യുഎസ് പടക്കപ്പലുകള്‍ മേഖലയെ കൂടുതല്‍ അസന്തുഷ്ടിയിലേക്ക് തള്ളിയിടുകയുള്ളൂ. മേഖലയില്‍ തുടരുന്ന സംഘര്‍ഷാവസ്ഥ ലോകരാജ്യങ്ങളുടെ കപ്പലുകളെയും കപ്പല്‍പാതയെയും അപകടകരമായ സാഹചര്യത്തിലേക്ക് തള്ളിയിടും’. ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഇസ്‌ലാമാബാദ് ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ ഇന്നലെ രാത്രി ഏഴരയ്ക്കാണ് ഹോര്‍മുസ് കടലിടുക്കില്‍ യുഎസിന്റെ ഉപരോധം ആരംഭിച്ചത്. തങ്ങളുടെ അംഗീകാരമില്ലാതെ ഒരു കപ്പലും കടത്തിവിടില്ലെന്നാണ് യുഎസ് വ്യക്തമാക്കിയിരുന്നത്. നിശ്ചിത സമയപരിധി അവസാനിച്ചതോടെയാണ് ഇറാനിയന്‍ തുറമുഖങ്ങളിലേക്കുള്ള കപ്പലുകളുടെ വരവും പോക്കും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് തടയുമെന്ന് പ്രഖ്യാപിച്ചത്.
