കേരളം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് : ഏപ്രില്‍ 9 ന് വോട്ടെടുപ്പ് ; വോട്ടെണ്ണല്‍ മേയ് 4 ന്
തിരുവനന്തപുരം : കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 9-നാണ് വോട്ടെടുപ്പ് നടക്കുക. മേയ് 4-ന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കും. കേരളത്തിനൊപ്പം പുതുച്ചേരിയിലും അസമിലും ഏപ്രില്‍ 9-നാണ് വോട്ടെടുപ്പ്. തമിഴ്നാട്ടിലും ബംഗാളിലും ഏപ്രില്‍ 23-നാണ് ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിക്കുന്നത്.
മാർച്ച് 13 വരെയുള്ള കണക്കുകള്‍ പ്രകാരം കേരളത്തില്‍ ആകെ 2,71,11,856 വോട്ടർമാരാണുള്ളത്. അതേസമയം വോട്ടർപട്ടികയില്‍ ഇനിയും പേര് ചേർക്കാൻ അവസരമുണ്ട്. 18 വയസ്സ് പൂർത്തിയായവർക്ക് നാമനിർദേശ പത്രിക നല്‍കാനുളള ദിവസം വരെയും പേര് ചേർക്കാം. എസ്‌ഐആറില്‍ പേര് ചേർക്കാൻ കഴിയാത്തവർക്കും അവസരം ലഭിക്കും.
30,471 പോളിങ് ബൂത്തുകളാണ് നിയമസഭ തെരഞ്ഞെടുപ്പിന് സജ്ജമാവുക. 41 വോട്ടെണ്ണല്‍ കേന്ദ്രങ്ങളും പോളിങ്ങിനായി സജ്ജമായിട്ടുണ്ട്. ഇന്ന് നാല് മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനത്തില്‍ തീയതികള്‍ പ്രഖ്യാപിക്കും. നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശവുമാണ് തെരഞ്ഞെടുപ്പിലേക്ക് എത്തുന്നത്.
നിയമസഭ തെരഞ്ഞെടുപ്പ് എവിടെയൊക്കെ?
പശ്ചിമ ബംഗാള്‍
തമിഴ്നാട്
അസം
കേരളം
പുതുച്ചേരി
പശ്ചിമ ബംഗാളില്‍ 2026 മെയ് 7നാണ് സർക്കാരിൻ്റെ കാലാവധി തീരുന്നത്. തമിഴ്നാട് 2026 മെയ് 10, അസം 2026 മെയ് 20, കേരളം 2026 മെയ് 23, പുതുച്ചേരി 2026 ജൂണ്‍ 15 എന്നിങ്ങനെയാണ് സർക്കാരിൻ്റെ കാലാവധി അവസാനിക്കുന്നത്.
സംസ്ഥാനങ്ങളും സീറ്റുകളും സർക്കാരും
കേരളം
ആകെ സീറ്റുകള്‍: 140
ഭരണം: എല്‍ഡിഎഫ് (ഇടതുപക്ഷ ജനാധിപത്യ മുന്നണി)
മുഖ്യമന്ത്രി: പിണറായി വിജയൻ – സിപിഎം
തമിഴ്‌നാട്
ആകെ സീറ്റുകള്‍: 234
ഭരണം: ഡിഎംകെ സഖ്യ (Secular Progressive Alliance)
മുഖ്യമന്ത്രി: എംകെ സ്റ്റാലിൻ – ഡിഎംകെ
പശ്ചിമ ബംഗാള്‍
ആകെ സീറ്റുകള്‍: 294
ഭരണം: തൃണമൂല്‍ കോണ്‍ഗ്രസ്
മുഖ്യമന്ത്രി: മമത ബാനർജി
അസം
ആകെ സീറ്റുകള്‍: 126
ഭരണം: എൻഡിഎ (ബിജെപി സഖ്യം)
മുഖ്യമന്ത്രി: ഹിമന്ത ബിശ്വ ശർമ്മ (ബിജെപി)
പുതുച്ചേരി
ആകെ സീറ്റുകള്‍: 30 + 3 നാമനിർദ്ദേശം ചെയ്തവർ
ഭരണം: എൻഡിഎ (AINRC & BJP)
മുഖ്യമന്ത്രി: എൻ രംഗസ്വാമി (AINRC)
