February 10, 2026

ഉത്തരക്കടലാസ് പരിശോധന ഇനി കമ്പ്യൂട്ടറിലൂടെ ; പന്ത്രണ്ടാം ക്ലാസ്സില്‍ ഡിജിറ്റല്‍ മൂല്യനിര്‍ണ്ണയം നടപ്പിലാക്കാൻ സിബിഎസ്‌ഇ

Share

 

ഡല്‍ഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലങ്ങള്‍ ഇനി കൂടുതല്‍ വേഗത്തിലും കൃത്യതയോടെയും പുറത്തുവരും. 2026-ലെ ബോർഡ് പരീക്ഷ മുതല്‍ ഉത്തരക്കടലാസുകള്‍ ഡിജിറ്റലായി വിലയിരുത്തുന്ന ഓണ്‍-സ്‌ക്രീൻ മാർക്കിങ് (OSM) സംവിധാനം ഏർപ്പെടുത്താൻ ബോർഡ് തീരുമാനിച്ചു. മൂല്യനിർണ്ണയ പ്രക്രിയയിലെ പിഴവുകള്‍ കുറയ്ക്കാനും സുതാര്യത ഉറപ്പാക്കാനുമാണ് ഈ നൂതന മാറ്റം.

 

ഉത്തരക്കടലാസുകള്‍ സ്കാൻ ചെയ്ത് ഡിജിറ്റല്‍ രൂപത്തിലാക്കി അധ്യാപകർക്ക് ലഭ്യമാക്കും. കമ്പ്യൂട്ടർ സ്ക്രീനില്‍ നോക്കിയാകും അധ്യാപകർ ഇനി മാർക്കുകള്‍ രേഖപ്പെടുത്തുക. സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ മാർക്കുകള്‍ കണക്കാക്കുന്നതിനാല്‍ അക്കങ്ങള്‍ കൂട്ടുന്നതിലുണ്ടാകുന്ന പിശകുകള്‍ ഇല്ലാതാകും. ഇതോടെ പരീക്ഷയ്ക്ക് ശേഷമുള്ള പുനർമൂല്യനിർണ്ണയത്തിനുള്ള സാധ്യതകളും കുറയും. ആദ്യഘട്ടത്തില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ക്കാണ് ഈ മാറ്റം ബാധകമാകുക. പത്താം ക്ലാസ്സിലെ മൂല്യനിർണ്ണയം നിലവിലെ രീതിയില്‍ തന്നെ തുടരും. നിശ്ചിത കേന്ദ്രങ്ങളില്‍ പോകാതെ തന്നെ അധ്യാപകർക്ക് അതത് സ്കൂളുകളില്‍ ഇരുന്ന് മൂല്യനിർണ്ണയം നടത്താം. ഇത് സമയം ലാഭിക്കാൻ സഹായിക്കും.

 

പുതിയ സംവിധാനത്തിനായി സ്കൂളുകളില്‍ ആവശ്യമായ സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കണമെന്ന് സിബിഎസ്‌ഇ നിർദ്ദേശിച്ചു. കുറഞ്ഞത് 4 GB റാം ഉള്ള കമ്പ്യൂട്ടറുകള്‍. വിൻഡോസ് 8-ന് മുകളിലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം. തടസ്സമില്ലാത്ത ഹൈ-സ്പീഡ് ഇന്റർനെറ്റ് കണക്ഷൻ.

 

അധ്യാപകരെ ഈ രീതിയുമായി പരിചിതരാക്കാൻ പ്രത്യേക വീഡിയോകളും വെബിനാറുകളും ബോർഡ് സംഘടിപ്പിക്കും. പരീക്ഷയ്ക്ക് മുൻപായി പരീക്ഷണാടിസ്ഥാനത്തിലുള്ള ‘ഡ്രൈ റണ്ണുകള്‍’ നടത്താനും സാങ്കേതിക സഹായത്തിനായി പ്രത്യേക കോള്‍ സെന്ററുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്.


Share

You may have missed

Copyright © All rights reserved. | Newsphere by AF themes.