കാട്ടിക്കുളത്തെ പലചരക്കുകടയിൽ മോഷണശ്രമം ; രണ്ടുപേർ അറസ്റ്റിൽ
മാനന്തവാടി : പലചരക്കുകടയിൽ മോഷ്ടിക്കാൻ കയറിയ യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു. കോഴിക്കോട് കാപ്പാട് സ്വദേശി കോയാസ് കോട്ടേജിൽ മുഹമ്മദ് മൻസൂർ (22), സുൽത്താൻ ബത്തേരി നായ്ക്കട്ടി സ്വദേശി ഇല്ലിക്കൽ വീട്ടിൽ കിഷോർ (19) എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം.
കാട്ടിക്കുളം ഹൈസ്കൂളിനു സമീ പമുള്ള പുതിയിടത്ത് പ്രദീപിൻ്റെ പലചരക്കുകടയായ വെജ് മാർട്ടിലാണ് ഇരുവരും മോഷ്ടിക്കാൻ കയറിയത്. പൂട്ടിയിട്ട കടയുടെ ഒരുവശത്തെ ഷീറ്റ് പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകയറിയത്. കാട്ടിക്കുളത്തെ സുരക്ഷാ ജീവനക്കാരൻ സന്തോഷ് പുളിക്കാംപറമ്പത്താണ് മോഷണശ്രമം ആദ്യം കണ്ടത്. കടയിൽ വെളിച്ചം തെളിഞ്ഞതോടെയാണ് മോഷണശ്രമം സന്തോഷിൻ്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് മോഷ്ടാക്കളെ പിടികൂടുകയായിരുന്നു. സംഭവസ്ഥലത്തു നിന്ന് പ്രതികളുടെ മൊബൈൽഫോണും ചെരുപ്പും കണ്ടെത്തി. വിരലടയാളവിദഗ്‌ധൻ സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധന നടത്തി. മാനന്തവാടി ഡിവൈ.എസ്.പി. ബിനുരാജിൻ്റെ നേതൃത്വത്തിൽ മോഷ്ടാക്കളുമായി തെളിവെടുപ്പ് നടത്തി. തിരുനെല്ലി എസ്.ഐ. എൻ. ദിജേഷ്, ഒ.വി. സജിമോൻ ജെയ്‌സൻ, ഇ.എ. അനൂപ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.