ത്യാഗസ്മരണയിൽ ഇന്ന് ബലിപെരുന്നാൾ
കൽപ്പറ്റ : ത്യാഗത്തിന്റേയും മാനവികതയുടേയും സന്ദേശം നൽകുന്ന ബലിപെരുന്നാൾ (ബക്രീദ്) ഇന്ന്. പെരുന്നാൾദിനത്തിൽ തിങ്കളാഴ്ച രാവിലെ പള്ളികളിൽ നിസ്കാരച്ചടങ്ങുകൾ നടന്നു. പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യത്തെ പുത്രനായ ഇസ്മായിലിനെ അല്ലാഹുവിന്റെ കല്പന മാനിച്ച് ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ പുതുക്കലാണ് ബലിപെരുന്നാൾ.
ആത്മസമർപ്പണത്തിന്റെയും സഹനത്തിന്റെയും സന്ദേശമായ ബലിപെരുന്നാളിൽ തക്ബീറുകൾ ചൊല്ലി വിശ്വാസികൾ പ്രാർഥനകളിൽ സജീവമാകും. പെരുന്നാൾ നമസ്കാരാനന്തരം വിശ്വാസികൾ കൂട്ടായും ഒറ്റയ്ക്കും ബലികർമങ്ങളിൽ ഏർപ്പെടും.
സംസ്ഥാനത്തെ വിവിധ പള്ളികളിൽ തിങ്കളാഴ്ച രാവിലെ പ്രത്യേക പ്രാർഥനകൾ നടന്നു. പരസ്പര സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മഹത്തായ സന്ദേശമാണ് ബലിപെരുന്നാൾ നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഐക്യത്തിന്റെയും മതനിരപേക്ഷതയുടെയും നാടായി കേരളത്തെ നിലനിർത്താൻ ഈ ദിനം നമുക്ക് പ്രചോദനമാകട്ടെയെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
സ്നേഹത്തിന്റെയും സഹനത്തിന്റെയും ത്യാഗത്തിന്റെയും മഹത്തായ സന്ദേശവുമായി ബലിപെരുന്നാൾ ആഗതമായെന്ന് കെ.സുധാകരൻ അറിയിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ബക്രീദ് ആശംസ നേർന്നു.