September 20, 2024

സംസ്ഥാനത്ത് മൂന്നു ദിവസമായി മാറ്റമില്ലാതെ സ്വർണവില : ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

1 min read
Share

 

തുടർച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്തെ സ്വർണ വിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 44,440 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ വില 5,555 രൂപയിലും തുടരുകയാണ്. മേയ് മാസത്തിൽ സംസ്ഥാനത്ത് സ്വർണ വിലയിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കുകളാണിവ. മേയ് 27 മുതലാണ് സംസ്ഥാനത്തെ സ്വർണ വില ഒരു പവന് 44,440 രൂപ നിലവാരത്തിലേക്ക് താഴ്ന്നത്.

 

അതേസമയം മേയ് 5 നായിരുന്നു ഈ മാസത്തിനിടയിലെ ഏറ്റവും കൂടിയ സ്വർണവില സംസ്ഥാനത്ത് രേഖപ്പെടുത്തിയിരുന്നത്. അന്നു 45,760 രൂപ നിരക്കിലായിരുന്നു ഒരു പവന്റെ സ്വർണവില നിന്നിരുന്നത്. തുടർന്നിങ്ങോട്ട് സ്വർണ വിലയിൽ‌ തിരുത്തൽ നേരിട്ടു.

 

രാജ്യാന്തര വിപണിയിൽ സ്വർണവില തിരുത്തൽ നേരിടുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ആഭ്യന്തര വിപണിയിലെ സ്വർണ വിലയിലും ഇടിവ് ഉണ്ടായത്. മേയ് മാസത്തിനിടയിൽ രേഖപ്പെടുത്തിയ കൂടിയ വിലയിൽ നിന്നും 1,320 രൂപ താഴെയാണ് ഒരു പവന്റെ സ്വർണ വില ഇപ്പോഴുള്ളത്. അതുപോലെ, ഒരു ഗ്രാം സ്വർണത്തിൽ 165 രൂപ കുറഞ്ഞു.

 

ആഗോള സാമ്പത്തിക ശക്തിയായ അമേരിക്കയുടെ കടമെടുപ്പ് പരിധി ഉയർത്തുന്നത് സംബന്ധിച്ച് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ നിലനിന്നിരുന്ന ഭിന്നത പരിഹരിക്കാനുള്ള നീക്കം സഫലമാകുന്നുവെന്ന സൂചനയാണ് രാജ്യാന്തര വിപണിയിൽ സ്വർണ വിലയിൽ തിരുത്തലിനുള്ള സമ്മർദം സൃഷ്ടിക്കുന്നത്. കൂടാതെ യുഎസ് ഫെ‍ഡറൽ റിസർവ് വീണ്ടും പലിശ നിരക്ക് ഉയർത്തിയേക്കാമെന്ന വിപണി വിദഗ്ധരുടെ നിഗമനങ്ങളും സ്വർണത്തിന് പ്രതികൂല ഘടകമാകുന്നു.

 

രാജ്യാന്തര വിപണിയിൽ ശുദ്ധ സ്വർണത്തിന്റെ വില ട്രോയ് ഔൺസിന് 1,941.45 ഡോളറിലേക്ക് താഴ്ന്നു. 0.3 ശതമാനം നഷ്ടത്തോടെയാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്. രണ്ട് മാസത്തെ താഴ്ന്ന നിലവാരത്തിന് സമീപമാണ് സ്വർണ വില ഇപ്പോഴുള്ളത്. യുഎസ് ഗോൾഡ് ഫ്യൂച്ചർസ് 0.2 ശതമാനം നഷ്ടം നേരിട്ട് 1,940.70 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. യുഎസ് ഡോളർ സൂചിക 0.1 ശതമാനം ഉയർന്നതും സ്വർണം മറ്റ് കറൻസികളിൽ വാങ്ങുന്നവർക്ക് തിരിച്ചടിയേകുന്നു.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.