November 8, 2026

പെട്രോളില്‍ പരിധിയിലധികം എഥനോള്‍ കലര്‍ത്തുന്നു ; സംസ്ഥാനത്ത് വ്യാപക പരിശോധനയ്ക്ക് ഉത്തരവിട്ട് സര്‍ക്കാര്‍

Share

 

പെട്രോള്‍ ഉല്‍പ്പന്നങ്ങളില്‍ അനുവദനീയമായ പരിധിയില്‍ കൂടുതല്‍ എഥനോള്‍ കലർത്തി വില്‍പന നടത്തുന്നുവെന്ന പരാതി ഉയർന്നതിനെ തുടർന്ന് സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളില്‍ വ്യാപക പരിശോധന നടത്താൻ സർക്കാർ ഉത്തരവിട്ടു. പൊതുവിതരണ-ഉപഭോക്തൃകാര്യ കമ്മിഷണർക്കാണ് മന്ത്രി അനൂപ് ജേക്കബ് ഇത് സംബന്ധിച്ച്‌ കർശന നിർദ്ദേശം നല്‍കിയത്.

 

മുഖ്യമന്ത്രി വി. ഡി. സതീശനുമായി നടത്തിയ ഉന്നതതല ചർച്ചയ്ക്ക് ശേഷമാണ് നടപടി. ഒന്നാം ഘട്ടമായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലെ വിവിധ പമ്പുകളില്‍ നിന്ന് പെട്രോള്‍ സാമ്പിളുകള്‍ ശേഖരിച്ച്‌ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. പരിശോധനയില്‍ മായം കലർത്തിയതായി കണ്ടെത്തിയാല്‍ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് സർക്കാരിന്റെ തീരുമാനം. അയല്‍സംസ്ഥാനമായ കർണാടകയില്‍ പെട്രോളില്‍ അമിതമായി എഥനോള്‍ ചേർത്തതായി അടുത്തിടെ കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുൻകരുതല്‍ നടപടിയെന്ന നിലയില്‍ കേരളത്തിലും പരിശോധന ശക്തമാക്കാൻ തീരുമാനിച്ചത്.


Share
Copyright © All rights reserved. | Newsphere by AF themes.