സംസ്ഥാനത്ത് ആറുപേര്‍ക്ക് ഷിഗെല്ല : ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്
കോഴിക്കോട് : നിലമ്പൂരില്‍ മൂന്ന് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. അമരമ്പലത്തെ കടയില്‍ നിന്ന് ലഘുഭക്ഷണം കഴിച്ച നാല് വയസുകാരിക്കും പാലുണ്ടയിലെ കടയില്‍ മന്തി കഴിച്ച രണ്ട് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ ഉള്ള ഏതാനും പേരുടെ പരിശോധന ഫലം ലഭിച്ചിട്ടില്ല . 23ഓളം പേർക്ക് വയറിളക്കം, ഛർദി, വയറുവേദന എന്നീ ലക്ഷണങ്ങളുമുണ്ട്.
കോഴിക്കോട് വടകരയില്‍ മൂന്ന് കുട്ടികള്‍ക്കും ഷിഗെല്ല സ്ഥിരീകരിച്ചു. മേപ്പയില്‍ എസ്‍ബി സ്കൂളിലെ വിദ്യാർഥികള്‍ക്കാണ് രോഗം ബാധിച്ചത്ക. ഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ കുട്ടികള്‍ രോഗലക്ഷണങ്ങളുമായി വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. ചികിത്സ തേടിയ ഒരു കുട്ടിക്ക് ആദ്യം രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇന്നലെ രണ്ട് പേർക്ക് കൂടി ഷിഗല്ല ബാധ സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചതിന് പിന്നാലെ ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഏതാനും പേരുടെ പരിശോധനാ ഫലങ്ങള്‍ വരേണ്ടതുണ്ട്. രോഗബാധിതരുടെയും സംശയമുള്ളവരുടെയും വീടുകളില്‍ ആരോഗ്യപ്രവർത്തകർ ക്ലോറിനേഷൻ പൂർത്തിയാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
എന്താണ് ഷിഗെല്ല?
മലിനമായ വെള്ളത്തിലൂടെയും പഴകിയതും വൃത്തിഹീനവുമായ ഭക്ഷണത്തിലൂടെയും പടരുന്ന ബാക്ടീരിയല്‍ അണുബാധയാണ് ഷിഗെല്ല. ദഹനവ്യവസ്ഥയെ ബാധിക്കുന്ന ഈ രോഗം പ്രധാനമായും കുട്ടികളിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലുമാണ് പെട്ടെന്ന് ഗുരുതരമാകുന്നത്.ശക്തമായ വയറിളക്കം (ചിലപ്പോള്‍ രക്തത്തിന്റെ സാന്നിധ്യം ഉണ്ടാകാം), വയറുവേദന, ഛർദ്ദി, കടുത്ത പനി, ക്ഷീണം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, കുടിവെള്ള സ്രോതസ്സുകള്‍ (കിണറുകള്‍, ടാങ്കുകള്‍) കൃത്യമായി ക്ലോറിനേറ്റ് ചെയ്യുക, പഴകിയതോ തുറന്നു വെച്ചതോ ആയ ഭക്ഷണ സാധനങ്ങള്‍ കഴിക്കരുത്, പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ ശുചിത്വം ഉറപ്പാക്കുക തുടങ്ങിയ ജാഗ്രതാ നിർദേശങ്ങള്‍ ആരോഗ്യവകുപ്പ് നല്‍കുന്നുണ്ട്.
