ബത്തേരി സ്റ്റേഷനിലെ ഹാന്‍സ് മോഷണം : പ്രതിയായ പോലീസുകാരന് പിടിയില്‍
ബത്തേരി : സുല്‍ത്താന്‍ബത്തേരി പോലീസ് സ്റ്റേഷനിലെ പ്രോപ്പര്‍ട്ടി റൂമില്‍ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ ഏഴ് ചാക്കുകള്‍ മോഷണം പോയ സംഭവത്തില്‍ ഒളിവിലായിരുന്ന പോലീസുകാരന് ടി സബിത്ത് പിടിയില്‍.
കേസില്‍ പ്രതിയായ ശേഷം ഒളിവില്‍ പോയ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ (ഗ്രേഡ്) സബിത്തിനെയാണ്
എറണാകുളത്ത് നിന്ന് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഒരാഴ്ചയായി സബിത്ത് ഒളിവിലായിരുന്നു.
ഇയാള്‍ക്കായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ബത്തേരി സ്റ്റേഷനില്‍ സൂക്ഷിച്ച ഏഴു ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങളാണ് സബിത്ത് കടത്തിയത്. സെപ്തംബര്‍ 10 ന് പ്രോപ്പര്‍ട്ടി റൂം വൃത്തിയാക്കാനായി തുറന്നപ്പോഴാണ് തൊണ്ടിമുതല്‍ നഷ്ടമായത് മനസിലായത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണം ബോധ്യപ്പെട്ടത്. സ്റ്റേഷനിലെ റൈറ്ററുടെ മേശപ്പുറത്തിരുന്ന താക്കോല്‍ ഉപയോഗിച്ച് സബിത്ത് മുറി തുറന്ന് ചാക്കുകെട്ടുകള്‍ സ്വന്തം വാഹനത്തിലേക്ക് മാറ്റിയെന്നാണ് പോലീസിന് വിവരം ലഭിച്ചത്. തനിക്കെതിരെ അന്വേഷണം തിരിഞ്ഞുവെന്ന് വ്യക്തമായതോടെ സബിത്ത് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് സെപ്റ്റംബര്‍ 12 മുതല്‍ ഒളിവിലായിരുന്നു. സംഭവത്തില്‍ ബത്തേരി ഡിവൈഎസ്പി അബ്ദുള്‍ കരീം നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വയനാട് ജില്ലാ പോലീസ് മേധാവി ദേവമനോഹര്‍ സബിത്തിനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.
ബത്തേരി ഡിവൈഎസ്പി എം.എം അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കഴിഞ്ഞ ദിവസം സബിത്ത് ഒളിവില്‍ പോകാനുപയോഗിച്ച കാര്‍ മലപ്പുറത്ത് നിന്നും കസ്റ്റഡിയിലെടുത്തിരുന്നു. ജൂലൈ 19 ന് അര്‍ധരാത്രിയിലായിരുന്നു സംഭവം.
