ക്ഷേത്രങ്ങളിൽ മോഷണം നടത്തുന്നയാൾ അറസ്റ്റിൽ
ബത്തേരി : ക്ഷേത്രത്തിൽ മോഷണം നടത്തി മുതലുകളുമായി വയനാട് വഴി കർണാടകയിലേക്ക് കടക്കാൻ ശ്രമിച്ചയാളെ സുൽത്താൻബത്തേരി പോലീസ് പിടികൂടി. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മലപ്പുറം എടപ്പാൾ കാലടി കൊട്ടാരപ്പാട്ട് സജീഷിനെയാണ് പിടികൂടിയത്. ഇയാളുടെ പക്കൽനിന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് കുണ്ടായിത്തോടുള്ള ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ച വസ്തുക്കളും കണ്ടെത്തിയതോടെ പിന്നീട് കോഴിക്കോട് സിറ്റി പോലീസിന് കൈമാറി. മോഷണമു തലുമായി കർണാടകയിലേക്ക് രക്ഷപ്പെടാനുള്ള യാത്രയ്ക്കിടെയാണ് പിടിയിലായത്.
പടിഞ്ഞാറത്തറ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ നൗഫൽ ബത്തേരിയിലേക്ക് ബസ് കയറുന്നതിനിടെ സജീഷിനെ കണ്ട് സംശയം തോന്നി ബത്തേരി ഡിവൈ.എസ്.പി.യെ അറിയിക്കുകയായിരുന്നു. ബസ് ബത്തേരിയിലെത്തിയപ്പോൾ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോളാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. സ്വർണവും പണവും കണ്ടെടുക്കുകയുംചെയ്തു. ശിക്ഷിക്കപ്പെട്ട് ഓഗസ്റ്റ് 17-ന് പുറത്തിറങ്ങിയ ശേഷവും കോഴിക്കോട്, നല്ലളം, ചേവായൂർ, എലത്തൂർ, അത്തോളി, മലപ്പുറം ചങ്ങരം കുളം, എടപ്പാൾ, പെരിന്തൽമണ്ണ, അങ്ങാടിപ്പുറം എന്നിവിടങ്ങളിലും കേസുണ്ട്.
