September 13, 2026

വീട്ടിലെ സോളാര്‍ പ്ളാന്റുകളില്‍ പരിശോധന വരുന്നു ; പ്രശ്നങ്ങള്‍ കണ്ടെത്തിയാല്‍ സബ്സിഡിത്തുക പലിശസഹിതം തിരിച്ചുകൊടുക്കണം

Share

 

തിരുവനന്തപുരം : പുരപ്പുറ സോളാർ പ്ളാന്റുകള്‍ സ്ഥാപിച്ച വീടുകളില്‍ പരിശോധന നടത്താൻ അധികൃതർ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. പദ്ധതിയില്‍ ഉപഭോക്താക്കള്‍ അറിഞ്ഞും അറിയാതെയും ചില ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പരിശോധന നടത്താൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ചെലവുകുറച്ച്‌ ലാഭമാർജിൻ വർദ്ധിപ്പിക്കാനാണ് ചില കമ്പനികള്‍ ഇത്തരത്തിലുള്ള തട്ടിപ്പുനടത്തുന്നത്. ഇത്തരക്കാരെ കണ്ടെത്തുകയാണ് ലക്ഷ്യമെന്നാണ് ഒരു മാദ്ധ്യമം പുറത്തുവിട്ട റിപ്പോർട്ടില്‍ പറയുന്നത്.

 

കേന്ദ്ര ഊർജ മന്ത്രാലയവും വിതരണ കമ്പനികളും നിയോഗിച്ചിട്ടുള്ള അംഗീകൃത തേർഡ് പാർട്ടി ഇൻസ്പെക്ഷൻ ഏജൻസികളാവും വീടുകളില്‍ പരിശോധന നടത്തുന്നത്. ഇതിനാെപ്പം കെഎസ്‌ഇബി ഉദ്യോഗസ്ഥരും എത്തിയേക്കാം എന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. ഇവർ നടത്തുന്ന അന്വേഷണത്തില്‍ എന്തെങ്കിലും തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടാല്‍ തുടർ നടപടികളുണ്ടാവും.സബ്സിഡി തട്ടിയെടുക്കാൻ വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങളെ ഗാർഹിക ആവശ്യത്തിനാണെന്ന് കാണിക്കുക, ഗുണനിലവാരമില്ലാത്ത ഉപകരണങ്ങളും പ്ളാന്റുകളും ഉപയോഗിക്കുക തുടങ്ങിയവയാണ് ഇവരുടെ ശ്രദ്ധയില്‍പ്പെടാവുന്ന തട്ടിപ്പുകള്‍. പാനലുകളും മറ്റ് ഉപകരണങ്ങളും കേന്ദ്രസർക്കാരിന്റെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതാണോ എന്ന് ഇവർ പരിശോധിക്കും. പ്ലാന്റ് സ്ഥാപിച്ചിരിക്കുന്ന കെട്ടിടത്തിലെ വൈദ്യുത കണക്ഷൻ ശരിക്കുള്ള ഗാർഹിക കണക്ഷൻ തന്നെയാണോ, എർത്ത്, വയറിംഗ് തുടങ്ങിയവയുടെ സുരക്ഷ എന്നിവയും പരിശോധിച്ച്‌ ഉറപ്പുവരും.

 

പലിശ സഹിതം തിരിച്ചുകൊടുക്കേണ്ടിവരും

 

പരിശോധനയില്‍ എന്തെങ്കിലും തരത്തിലെ ക്രമക്കേട് കണ്ടെത്തിയാല്‍ കർശന നടപടികളാവും ഉണ്ടാവുക. തട്ടിപ്പ് നടന്നത് ഉപഭോക്താവിന്റെ അറിവോടുകൂടിയാണോ എന്നതും പരിശോധിക്കും. ക്രമക്കേട് കാട്ടിയ ഉപഭോക്താക്കള്‍ക്ക് കേന്ദ്രം നല്‍കുന്ന സബ്സിഡി തുക ലഭിക്കില്ല. ഇത് ലഭിച്ചതിനുശേഷമാണ് തട്ടിപ്പ് കണ്ടെത്തുന്നതെങ്കില്‍ കൈപ്പറ്റിയ തുക പലിശസഹിതം തിരിച്ചടക്കേണ്ടിവരും. കേന്ദ്രസർക്കാരിന്റെ ലിസ്റ്റില്‍പ്പെടാത്ത സാമഗ്രികള്‍ ഉപയോഗിച്ച വിതരണക്കാരെ ബ്ളാക്ക് ലിസ്റ്റില്‍ പെടുത്തിയേക്കും. വ്യാജ രേഖ ഉണ്ടാക്കുകയോ വിശ്വാസ വഞ്ചന നടത്തുകയോ ചെയ്തവർക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുകയും ചെയ്യും എന്നാണ് റിപ്പോർട്ടില്‍ പറയുന്നത്.


Share

You may have missed

Copyright © All rights reserved. | Newsphere by AF themes.