രാജ്യത്ത് എച്ച്1എൻ1 കേസുകള്‍ വര്‍ധിക്കുന്നു ; സാധാരണ പനിയെന്ന് കരുതി അശ്രദ്ധ കാണിക്കരുതെന്ന് നിർദ്ദേശം
രാജ്യത്ത് എച്ച്1എൻ1 കേസുകള്‍ വർധിച്ചുവരുന്ന സാഹചര്യത്തില്‍ രോഗലക്ഷണങ്ങളെക്കുറിച്ച് അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇൻഫ്ളുവൻസ എ വിഭാഗത്തില്‍പ്പെടുന്ന ഈ വൈറസ് ബാധ തുടക്കത്തില്‍ ഒരു സാധാരണ വൈറല്‍ പനിപോലെയാണ് അനുഭവപ്പെടാറുള്ളത്.
പനി, ചുമ, തൊണ്ടവേദന, ശരീരവേദന, വിറയല്‍, അസാധാരണമായ ക്ഷീണം തുടങ്ങിയവയാണ് എച്ച്1എൻ1 ബാധയുടെ പ്രധാന ലക്ഷണങ്ങള്‍. പ്രാരംഭ ലക്ഷണങ്ങള്‍ മറ്റ് വൈറല്‍ അണുബാധകളോട് സാമ്യമുള്ളതുകൊണ്ട് പലപ്പോഴും ഇത് തിരിച്ചറിയാൻ വൈകാനിടയുണ്ട്. അതിനാല്‍ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ അവഗണിക്കരുത്.
വ്യക്തിശുചിത്വം പാലിക്കുക, മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവയിലൂടെ രോഗസാധ്യത ഒരു പരിധി വരെ കുറയ്ക്കാം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ തുണിയോ ഉപയോഗിച്ച് വായും മൂക്കും മറയ്ക്കാനും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകാനും ശ്രദ്ധിക്കണം. പനിയുള്ളവർ ജനത്തിരക്കുള്ള സ്ഥലങ്ങളില്‍ പോകാതെ വീട്ടില്‍ പൂർണ്ണ വിശ്രമം എടുക്കേണ്ടതാണ്. എല്ലാ പനികള്‍ക്കും എച്ച്1എൻ1 പരിശോധനയോ ആശുപത്രി സന്ദർശനമോ ആവശ്യമില്ലെങ്കിലും, കടുത്ത ക്ഷീണം, ചുമ, ശ്വാസതടസ്സം എന്നിവയോടൊപ്പമുള്ള വിട്ടുമാറാത്ത ഉയർന്ന പനി ഒരിക്കലും അവഗണിക്കരുത്.
ആരോഗ്യമുള്ളവരിലും എച്ച്1എൻ1 ബാധയുണ്ടാകാമെങ്കിലും ചിലരില്‍ രോഗം സങ്കീർണ്ണമാകാൻ സാധ്യത കൂടുതലാണ്. ഗർഭിണികള്‍, ചെറിയ കുട്ടികള്‍, മുതിർന്ന പൗരന്മാർ, ആസ്ത്മ, പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗങ്ങള്‍ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, പ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവർ പ്രത്യേക ജാഗ്രത പാലിക്കണം. ഗർഭകാലത്ത് ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ശ്വാസകോശ അണുബാധകളെ ചെറുക്കുന്നത് ബുദ്ധിമുട്ടാക്കാം എന്നതിനാല്‍ ഗർഭിണികള്‍ കൂടുതല്‍ ആരോഗ്യശ്രദ്ധ പുലർത്തേണ്ടതാണ്.
