എംവിഡിയുടെ 60 പരിവാഹൻ സേവനങ്ങള്‍ക്ക് ഇനി ആധാര്‍ ഒടിപി നിര്‍ബന്ധം
60 പരിവാഹൻ സേവനങ്ങളും ആധാർ ഒടിപി അധിഷ്ഠിതമാക്കി മോട്ടോർ വാഹന വകുപ്പ്. ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനായാണ് ഈ മാറ്റമെന്ന് എംവിഡി അറിയിച്ചു.സെപ്റ്റംബർ 21 മുതലാണ് ആധാർ ഒടിപി നിർബന്ധമാക്കുക.
വാഹൻ (വാഹന സംബന്ധമായ സേവനങ്ങള്‍), സാരഥി (ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ സേവനങ്ങള്‍) പോർട്ടലുകള്‍ വഴി മോട്ടോർ വാഹന വകുപ്പ് 60-ഓളം സേവനങ്ങള്‍ നല്‍കുന്നുണ്ട്. ഇതില്‍ 21 സേവനങ്ങള്‍ നിലവില്‍ നേരിട്ട് ഓഫീസില്‍ എത്തേണ്ടതില്ലാത്ത സേവനങ്ങളാണ്. ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പർ വഴിയുള്ള ഒടിപി പരിശോധനയിലൂടെ അപേക്ഷകർക്ക് പൂർണമായും ഓണ്‍ലൈനായി അപേക്ഷിക്കാം. എന്നാല്‍ ശേഷിക്കുന്ന സേവനങ്ങള്‍ക്ക് കൃത്യമായ ഒടിപി പരിശോധനയില്ലാത്തതിനാല്‍ സാധാരണക്കാരായ അപേക്ഷകരെ ചില അനധികൃത വ്യക്തികളും ഇടനിലക്കാരും ചൂഷണം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് എംവിഡി അറിയിച്ചു.
സമയക്കുറവ് കൊണ്ടോ അപേക്ഷാ നടപടികളുടെ സങ്കീർണ്ണത കൊണ്ടോ പല അപേക്ഷകരും ഏജന്‍റുമാരെ ആശ്രയിക്കാറുണ്ട്. എന്നാല്‍ ചില ഏജന്റുമാർ അപൂർണ്ണമായ രേഖകള്‍ അപ്‌ലോഡ് ചെയ്യുകയും ബോധപൂർവ്വം അപേക്ഷകള്‍ വൈകിപ്പിക്കുകയും പിന്നീട് ഇത് വേഗത്തിലാക്കി തരാം എന്ന് പറഞ്ഞ് അപേക്ഷകരില്‍ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്യുന്നത് പതിവാണെന്ന് എംവിഡി പറയുന്നു. ഈ പ്രശ്നത്തിന് പരിഹാരമായി ശേഷിക്കുന്ന എല്ലാ പരിവാഹൻ സേവനങ്ങളും കൂടി ഫേസ്‌ലെസ്സ് ഓണ്‍ലൈൻ സേവനങ്ങളാക്കി മാറ്റുകയാണെന്ന് എംവിഡി അറിയിച്ചു.പുതിയ സംവിധാനമിങ്ങനെ
1. ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പർ വഴി ഒ.ടി.പി അധിഷ്ഠിതമായി അപേക്ഷകള്‍ സമർപ്പിക്കാം.
2. ആദ്യം വരുന്നവർക്ക് ആദ്യം എന്ന മുൻഗണനാ ക്രമത്തില്‍ അപേക്ഷകള്‍ തീർപ്പാക്കും.
3. വാഹന പരിശോധന, അനന്തരാവകാശികളുടെ തിരിച്ചറിയല്‍ പരിശോധന, കാരണം കാണിക്കല്‍ നോട്ടീസിനെത്തുടർന്നുള്ള വ്യക്തിഗത വാദം കേള്‍ക്കല്‍ തുടങ്ങിയ പ്രക്രിയകള്‍ക്ക് ഒഴികെ ഭൂരിഭാഗം സേനങ്ങള്‍ക്കും ഇനി ആർടി ഓഫീസുകള്‍ സന്ദർശിക്കേണ്ടതില്ല.
4. ‘നമ്മുടെ കേരളം’ പോർട്ടല്‍ വഴി വാഹന പരിശോധനയ്ക്കുള്ള സ്ലോട്ടുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. ഈ പോർട്ടല്‍ വഴി വ്യക്തിഗത വാദം കേള്‍ക്കല്‍, അനന്തരാവകാശ പരിശോധന എന്നിവയ്ക്കുള്ള സ്ലോട്ടുകളും ബുക്ക് ചെയ്യാൻ സാധിക്കും.
5. ‘നമ്മുടെ കേരളം’ പോർട്ടലിലെ ‘Vmeet’ വഴി ആർ.ടി.ഒയ്ക്ക് മുന്നില്‍ വീഡിയോ കോള്‍ വഴി ഹാജരാകാനുള്ള സൗകര്യം.
6. പൊതുജനങ്ങള്‍ക്ക് ഏജന്റുമാരെയോ അനധികൃത വ്യക്തികളെയോ സമീപിക്കേണ്ടി വരില്ല. അപേക്ഷകള്‍ സമർപ്പിക്കുന്നതില്‍ സഹായം ആവശ്യമുള്ളവർക്കോ, സമയമില്ലാത്തവർക്കോ, നടപടിക്രമങ്ങള്‍ അറിയാത്തവർക്കോ അക്ഷയ കേന്ദ്രങ്ങളെയോ സി.എസ്.സി (കേന്ദ്രങ്ങളെയോ അല്ലെങ്കില്‍ ആർ.ടി. ഓഫീസുകളെയോ സമീപിക്കാവുന്നതാണ്.7. ആധാർ ഒ.ടി.പി പരിശോധന പരാജയപ്പെടുന്ന സാഹചര്യത്തില്‍ മാത്രം, അപേക്ഷകന് ആധികാരികത ഉറപ്പുവരുത്താനായി ഒരു തവണ ആർ.ടി. ഓഫീസില്‍ നേരിട്ട് പോകേണ്ടി വന്നേക്കാം.
8. ഓണ്‍ലൈൻ അപേക്ഷകളുടെ പ്രിന്റ് ഔട്ടുകള്‍ ആർ.ടി. ഓഫീസുകളില്‍ സമർപ്പിക്കേണ്ടതില്ല.
9. ലേണേഴ്‌സ് ലൈസൻസ് ടെസ്റ്റ്, ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ്, ഹെവി വെഹിക്കിള്‍ ബാഡ്ജ് ടെസ്റ്റ്, കണ്ടക്ടർ ലൈസൻസ് ടെസ്റ്റ് എന്നിവയ്ക്കുള്ള അപേക്ഷകർ സാരഥി പോർട്ടല്‍ വഴി സ്ലോട്ടുകള്‍ ബുക്ക് ചെയ്യണം.
10. വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റിനുള്ള അപേക്ഷകർ വാഹൻ പോർട്ടല്‍ വഴി സ്ലോട്ടുകള്‍ ബുക്ക് ചെയ്യേണ്ടതാണ്.
