August 30, 2026

ഓണക്കാല സര്‍വീസില്‍ കെ.എസ്‌.ആര്‍.ടി.സിക്ക്‌ റെക്കോഡ്‌ വരുമാനം, ചതയം ദിനത്തില്‍ മാത്രം എട്ട്‌ കോടിയിലധികം

Share

 

തിരുവനന്തപുരം : ഓണക്കാലത്തെ അധിക സര്‍വീസുകളിലൂടെ കേരള സംസ്‌ഥാന റോഡ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പറേഷന്‌ വരുമാനത്തില്‍ വന്‍കുതിപ്പ്‌. ഓണത്തോടനുബന്ധിച്ചുള്ള പൊതുഅവധി ദിവസങ്ങളില്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചതും യാത്രക്കാരുടെ വര്‍ധിച്ച പങ്കാളിത്തവുമാണ്‌ വരുമാനവര്‍ധനവിന്‌ വഴിയൊരുക്കിയത്‌.

 

ചതയം ദിനമായ 28നു മാത്രം എട്ട്‌ കോടിയിലധികം രൂപയുടെ കളക്ഷനാണ്‌ കെ.എസ്‌.ആര്‍.ടി.സിക്ക്‌ ലഭിച്ചത്‌. ഉത്രാടം, തിരുവോണം, അവിട്ടം, ചതയം ദിനങ്ങളില്‍ കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കിയതിലൂടെ യാത്രക്കാര്‍ക്ക്‌ സുഗമമായ യാത്രാസൗകര്യം ഒരുക്കുന്നതിനൊപ്പം വരുമാനത്തിലും ഗണ്യമായ നേട്ടം കൈവരിക്കാന്‍ കോര്‍പറേഷനു സാധിച്ചു.

 

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഇത്തവണ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മികച്ച വര്‍ധനവാണ്‌ രേഖപ്പെടുത്തിയത്‌. ഉത്രാട ദിനത്തില്‍ ആകെ 21,45,267 പേരാണ്‌ കെ.എസ്‌.ആര്‍.ടി.സി. ബസുകളില്‍ യാത്ര ചെയ്‌തത്‌. ഇതില്‍ 9,34,056 പേര്‍ പ്രിയദര്‍ശിനി ഫ്രീ ടിക്കറ്റ്‌ ആനുകൂല്യം ഉപയോഗപ്പെടുത്തി. അന്ന്‌ ആകെ 7,88,69,469 രൂപയുടെ കലക്ഷന്‍ ലഭിച്ചപ്പോള്‍ അതില്‍ 2,04,31,007 രൂപയുടെ പ്രിയദര്‍ശിനി ഫ്രീ ടിക്കറ്റുകളും ഉള്‍പ്പെടുന്നു. മറ്റ്‌ യാത്രക്കാരുടെ എണ്ണം 12,11,211 ആയിരുന്നു. കഴിഞ്ഞവര്‍ഷം ഇതേ ദിവസം 19,31,706 യാത്രക്കാരും 7,57,98,253 രൂപ വരുമാനവുമാണ്‌

ലഭിച്ചിരുന്നത്‌. തിരുവോണ ദിനത്തില്‍ 2,597 ബസുകള്‍ സര്‍വീസ്‌ നടത്തി 12,95,172 യാത്രക്കാരെയാണ്‌ ലക്ഷ്യസ്‌ഥാനങ്ങളിലെത്തിച്ചത്‌. 4,77,14,150 രൂപ വരുമാനം ലഭിച്ചു. മുന്‍വര്‍ഷം ഇത്‌ 9,52,396 യാത്രക്കാരും 4,74,34,359 രൂപയുമായിരുന്നു.

 

അവിട്ടം, ചതയം ദിനങ്ങളിലും സര്‍വീസുകളുടെ എണ്ണത്തിലും വരുമാനത്തിലും വലിയ വര്‍ധനവുണ്ടായി. അവിട്ടം ദിനമായ വ്യാഴാഴ്‌ച 3,490 ബസുകള്‍ സര്‍വീസ്‌ നടത്തി 7,01,71,004 രൂപയുടെ വരുമാനം നേടി. ഈ ദിവസം19,91,846 യാത്രക്കാരാണ്‌കോര്‍പറേഷന്റെ സേവനം പ്രയോജനപ്പെടുത്തിയത്‌. മുന്‍വര്‍ഷം ഇത്‌ യഥാക്രമം 6,15,50,237 രൂപയും 17,81,644 യാത്രക്കാരുമായിരുന്നു. ചതയം ദിനത്തില്‍ ബസുകളുടെ എണ്ണം 3,787 ആയി ഉയര്‍ത്തി 12,78,903 കിലോമീറ്ററാണ്‌ സര്‍വീസ്‌ നടത്തിയത്‌. ആകെ 22,02,992 യാത്രക്കാരില്‍ നിന്നായി 8,07,71,743 രൂപയുടെ റെക്കോര്‍ഡ്‌ കളക്ഷനാണ്‌ ലഭിച്ചത്‌. ഇതില്‍ 2,30,90,072 രൂപ പ്രിയദര്‍ശിനി ഫ്രീ ടിക്കറ്റുകള്‍ വഴിയുള്ളതാണ്‌. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 18,19,566 യാത്രക്കാരും 7,10,86,516 രൂപ വരുമാനവുമാണ്‌ രേഖപ്പെടുത്തിയിരുന്നത്‌.

തിരക്ക്‌ കൂടുതലുള്ള ദിവസങ്ങള്‍ മുന്‍കൂട്ടി വിലയിരുത്തി അധിക സര്‍വീസുകള്‍ ക്രമീകരിച്ചതും യാത്രക്കാരുടെ സൗകര്യാര്‍ഥം ഫലപ്രദമായ സര്‍വീസ്‌ പ്ലാനിങ്‌ നടപ്പാക്കിയതുമാണ്‌ വരുമാന വര്‍ധനവിന്‌ കാരണമായത്‌. അന്തര്‍സംസ്ഥാന യാത്രകള്‍ക്കായി കൂടുതല്‍ ബസുകള്‍ ലഭ്യമാക്കിയത്‌ അമിത ചാര്‍ജ്‌ നല്‍കാതെ നാട്ടിലെത്താന്‍ യാത്രക്കാര്‍ക്ക്‌ സഹായകമായി. യാത്രാത്തിരക്ക്‌ കാര്യക്ഷമമായി നിയന്ത്രിച്ച്‌ കൂടുതല്‍ യാത്രക്കാര്‍ക്ക്‌ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനൊപ്പം പൊതുഗതാഗത സംവിധാനത്തോടുള്ള ജനങ്ങളുടെ വിശ്വാസം കൂടുതല്‍ ശക്‌തിപ്പെടുത്താനും കോര്‍പറേഷനു കഴിഞ്ഞു.


Share
Copyright © All rights reserved. | Newsphere by AF themes.