October 16, 2026

കാലിത്തീറ്റ വില കുതിച്ചുയരുന്നു : രണ്ട് മാസത്തിനിടെ വര്‍ധിച്ചത് 300 രൂപ ; ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയിൽ

Share

 

സംസ്ഥാനത്ത് കാലിത്തീറ്റയുടെ വില കുതിച്ചുയരുന്നത് ക്ഷീരകര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ 50 കിലോയുടെ ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 300 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

 

കാലിത്തീറ്റ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ചോളം, സോയാബീന്‍, ഗോതമ്പ് തവിട് തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവാണ് വിലവര്‍ധനക്ക് പ്രധാന കാരണം.

 

മുമ്പ് 1350 രൂപയായിരുന്ന 50 കിലോ കാലിത്തീറ്റച്ചാക്കിന് നിലവില്‍ 1650 രൂപയാണ് വില. ചില്ലറ വില്‍പ്പനയില്‍ കിലോയ്ക്ക് 3 രൂപ മുതല്‍ 10 രൂപ വരെ വര്‍ധിച്ചിട്ടുണ്ട്. ഇ-20 പെട്രോളിനായുള്ള എഥനോള്‍ ഉല്‍പ്പാദനത്തിന് ചോളവും സോയാബീനും വന്‍തോതില്‍ ഉപയോഗിക്കുന്നത് മൂലം കാലിത്തീറ്റ നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കുറഞ്ഞതാണ് വില ഉയരാന്‍ കാരണം.

 

15 ലിറ്റര്‍ കറവയുള്ള ഒരു പശുവിന് പ്രതിദിനം ഏകദേശം 6 കിലോ കാലിത്തീറ്റ നല്‍കണം. 30 രൂപ മുതലാണ് കിലോഗ്രാമിന് വില തുടങ്ങുന്നത്. അതിനാല്‍ കാലിത്തീറ്റയ്ക്ക് മാത്രമായി ഒരു ദിവസം 180 രൂപയോളം മാറ്റിവെക്കേണ്ടി വരുന്നു. ഒരു ലിറ്റര്‍ പാലിന് 50 മുതല്‍ 52 രൂപ വരെയാണ് കര്‍ഷകന് ലഭിക്കുന്നത്. 15 ലിറ്റര്‍ പാല്‍ വിറ്റാല്‍ പ്രതിദിനം 750-780 രൂപ ലഭിക്കുമെങ്കിലും കാലിത്തീറ്റയ്ക്കും മറ്റ് പരിപാലന ചെലവുകള്‍ക്കും ശേഷം കാര്യമായ ലാഭമൊന്നും ലഭിക്കുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം തുടരുന്നതിനാല്‍ വരും ദിവസങ്ങളില്‍ കോഴിത്തീറ്റയുടെ വിലയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് വ്യാപാരികളും വ്യക്തമാക്കുന്നു.

 

 


Share
Copyright © All rights reserved. | Newsphere by AF themes.