നാല് വര്ഷ ബിരുദധാരികള്ക്കായി ഒരു വര്ഷ പിജി കോഴ്സുകള് ആരംഭിച്ച് ഇഗ്നോ
നാല് വർഷ ബിരുദം പൂർത്തിയാക്കിയ വിദ്യാർത്ഥികള്ക്ക് ഉപരിപഠന അവസരമൊരുക്കുന്നതിന്റെ ഭാഗമായി ഇന്ദിരാഗാന്ധി നാഷനല് ഓപ്പണ് യൂണിവേഴ്സിറ്റി (ഇഗ്നോ) ഒരു വർഷ പോസ്റ്റ് ഗ്രാജുവേറ്റ് (പിജി) കോഴ്സുകള് ആരംഭിച്ചു. ബിരുദാനന്തര ബിരുദ പഠനത്തിന് സീറ്റുകളില്ലെന്ന വിദ്യാർത്ഥികളുടെ തുടർച്ചയായ പരാതികള്ക്കും ആശങ്കകള്ക്കും പരിഹാരമായാണ് യൂണിവേഴ്സിറ്റിയുടെ ഈ സുപ്രധാന തീരുമാനം. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP) മാനദണ്ഡങ്ങള് പൂർണ്ണമായും ഉള്ക്കൊണ്ടും, യൂണിവേഴ്സിറ്റി ഗ്രാൻഡ്സ് കമ്മീഷന്റെ (UGC) നിബന്ധനകള് കൃത്യമായി പാലിച്ചുമാണ് പുതിയ കോഴ്സുകള് രൂപകല്പ്പന ചെയ്തിരിക്കുന്നത്.
വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്ക്ക് വഴിതുറക്കുന്ന ഈ പുതിയ സംരംഭം ഉന്നത വിദ്യാഭ്യാസ മേഖലയില് വിദ്യാർത്ഥികള്ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവില് ഇക്കണോമിക്സ്, സോഷ്യോളജി, ഹിസ്റ്ററി, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, ഉറുദു, ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ തുടങ്ങിയ വിവിധ വിഷയങ്ങളില് എംഎ (MA) കോഴ്സുകളും, ഒപ്പം എംകോം (MCom) കോഴ്സുമാണ് ഇഗ്നോ ഈ പദ്ധതിയിലൂടെ ലഭ്യമാക്കിയിട്ടുള്ളത്.
