ചെവി വൃത്തിയാക്കാൻ കോട്ടണ്‍ ബഡ്‌സ് ഉപയോഗിക്കാറുണ്ടോ…? ഈ അപകടം തിരിച്ചറിയൂ
ചെവിയിലെ കായം അഴുക്കാണെന്നും അത് പതിവായി നീക്കം ചെയ്യണമെന്നുമാണ് പലരുടെയും ധാരണ. അതുകൊണ്ടുതന്നെ കോട്ടണ്‍ ബഡ്‌സ് ഉപയോഗിച്ച് ചെവി വൃത്തിയാക്കുന്നത് നിരവധി പേരുടെ ദിനചര്യയുടെ ഭാഗമാണ്. എന്നാല്‍ ഇത് ചെവിയുടെ ആരോഗ്യത്തിന് ഗുണകരമല്ലെന്നും ചിലപ്പോള്‍ ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് വരെ കാരണമാകാമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു. പൊടി, അണുക്കള്‍, മറ്റ് വിദേശവസ്തുക്കള്‍ എന്നിവയില്‍ നിന്ന് ചെവിയെ സംരക്ഷിക്കുന്ന സ്വാഭാവിക പ്രതിരോധ സംവിധാനത്തിന്റെ ഭാഗമാണ് ചെവിയിലെ കായം. അതിനാല്‍ അത് ഇടയ്ക്കിടെ നീക്കം ചെയ്യാൻ ശ്രമിക്കുന്നത് ചെവിക്ക് ദോഷം ചെയ്യുകയും കേള്‍വിക്കുറവ്, അണുബാധ, പരിക്കുകള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്യാം.
ചെവിയിലെ കായം എങ്ങനെയാണ് സഹായിക്കുന്നത്?
ചെവിക്കുള്ളിലെ കായത്തെ സെറുമെൻ എന്നാണ് അറിയപ്പെടുന്നത്. ഇത് അഴുക്കാണെന്നും അത് നീക്കം ചെയ്യണമെന്നുമാണ് ആളുകള്‍ക്കിടയില്‍ പൊതുവേയുള്ള ധാരണ. എന്നാല്‍ ഡോക്ടർമാർ ഇതിന്റെ പല ഗുണങ്ങളും ചൂണ്ടിക്കാട്ടുന്നു. അവ എന്തൊക്കെയാണെന്ന് അറിയാം.ചെവിയുടെ ആരോഗ്യത്തിന് ആവശ്യമായ ഒരു സ്വാഭാവിക പദാർത്ഥമാണിത്.
2. ചെവിയുടെ ഒരു സ്വാഭാവിക പ്രതിരോധ സംവിധാനമായി ഇത് പ്രവർത്തിക്കുന്നു.
3. പുറത്തുനിന്നുള്ള പൊടിപടലങ്ങള്‍, അഴുക്ക്, ബാക്ടീരിയകള്‍, ചെറിയ പ്രാണികള്‍ എന്നിവ കർണ്ണപടത്തിലേക്ക് എത്തുന്നതിന് മുൻപ് തന്നെ ഇത് തടഞ്ഞുനിർത്തുന്നു.
4. ചെവിക്കുള്ളിലെ ഈർപ്പം നിലനിർത്താനും വരള്‍ച്ച, ചൊറിച്ചില്‍, അസ്വസ്ഥത എന്നിവ തടയാനും ഇത് സഹായിക്കുന്നു.
കോട്ടണ്‍ ബഡ്‌സ് ഉപയോഗിച്ചാല്‍ എന്ത് സംഭവിക്കും?
കോട്ടണ്‍ ബഡ്‌സ് ഉപയോഗിച്ച് ചെവി വൃത്തിയാക്കുമ്പോള്‍ പുറത്തേക്ക് വരുന്ന അഴുക്ക് കണ്ട് പലർക്കും തൃപ്തി തോന്നാറുണ്ട്. എന്നാല്‍, ബഡ്‌സ് ഉപയോഗിക്കുമ്പോള്‍ കായം കൂടുതല്‍ ഉള്ളിലേക്ക് തള്ളപ്പെടുകയാണ് ചെയ്യുന്നത്. ഇത് ഈ പ്രശ്നങ്ങള്‍ക്ക് കാരണമാകാം.ചെവിക്കുള്ളില്‍ കായം കട്ടപിടിച്ച് തടസ്സമുണ്ടാകുക
2. കഠിനമായ ചെവിവേദന
3. കേള്‍വിക്കുറവ്
4. ചെവിയില്‍ മൂളല്‍ അല്ലെങ്കില്‍ ശബ്ദം കേള്‍ക്കുക
5. തലകറക്കം
6. കർണ്ണപടത്തിന് കേടുപാടുകള്‍ സംഭവിക്കുകയോ സുഷിരം വീഴുകയോ ചെയ്യുക
ചെവിയിലെ കായം എപ്പോഴാണ് നീക്കം ചെയ്യേണ്ടത്?
കേള്‍വിക്കുറവ്, ചെവി അടഞ്ഞതായി തോന്നുക, വേദന, അല്ലെങ്കില്‍ വിട്ടുമാറാത്ത മൂളല്‍ എന്നിവ അനുഭവപ്പെടുമ്പോള്‍ മാത്രം വൈദ്യസഹായത്തോടെ കായം നീക്കം ചെയ്താല്‍ മതിയാകും. വീട്ടില്‍ വച്ച് കോട്ടണ്‍ ബഡ്‌സ് ഉപയോഗിച്ച് സ്വയം ചെയ്യാതെ ഒരു വിദഗ്ദ്ധ ഡോക്ടറുടെ അടുത്ത് പോയി ചെയ്യുന്നതാണ് നല്ലത്.
