September 13, 2026

ഭൂമിയെ തീച്ചൂളയാക്കാൻ ‘സൂപ്പര്‍ എല്‍ നിനോ’ ! വരാനിരിക്കുന്നത് ചരിത്രം കണ്ട ഏറ്റവും ചൂടേറിയ നാളുകൾ ; ലോകരാജ്യങ്ങളോട് അടിയന്തര കര്‍മ്മപദ്ധതിക്ക് ആഹ്വാനം

Share

 

ഭൂമി അതിന്റെ ചരിത്രത്തിലെ ഏറ്റവും ഭീതിദമായൊരു ഉഷ്ണച്ചുഴിയിലേക്ക് നീങ്ങുകയാണോ ? അതെ എന്നാണ് ആഗോള കാലാവസ്ഥാ നിരീക്ഷകരും ലോക കാലാവസ്ഥാ സംഘടനയും (WMO) നല്‍കുന്ന വ്യക്തമായ മുന്നറിയിപ്പ്.

 

സമുദ്രങ്ങളുടെ ആഴങ്ങളില്‍ നിശബ്ദമായി പുകഞ്ഞുയർന്ന താപപ്രതിഭാസം ഇപ്പോള്‍ ലോകത്തെയാകെ ചുട്ടുപൊള്ളിക്കാൻ പാകത്തില്‍ ഒരു ‘സൂപ്പർ എല്‍ നിനോ’ (Super El Niño) ആയി ആഞ്ഞടിക്കാൻ ഒരുങ്ങിക്കഴിഞ്ഞു.

 

ഈ പ്രതിഭാസത്തിന്റെ പ്രഹരശേഷി പൂർണ്ണതോതില്‍ ആഞ്ഞടിക്കുന്നതോടെ, 2027 ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷമായി മാറുമെന്നാണ് പ്രവചനം.

 

മനുഷ്യകുലത്തിന്റെ നിലനില്‍പ്പിനെയും ആവാസവ്യവസ്ഥയെയും ബാധിക്കുന്ന ഈ മാറ്റം കേവലമൊരു വേനല്‍ച്ചൂടല്ല, മറിച്ച്‌ ഭൂമിയുടെ സന്തുലിതാവസ്ഥയെത്തന്നെ പിടിച്ചുലയ്ക്കുന്ന കാലാവസ്ഥാ പ്രളയമാണ്.

 

തിളച്ചുപൊന്തുന്ന സമുദ്രങ്ങള്‍

 

ആഗോള കാലാവസ്ഥയുടെ എഞ്ചിൻ എന്നറിയപ്പെടുന്ന പസഫിക് സമുദ്രത്തിന്റെ ആഴങ്ങളിലാണ് ഞെട്ടിക്കുന്ന മാറ്റങ്ങള്‍ രേഖപ്പെടുത്തുന്നത്. സമുദ്രോപരിതലത്തിന് താഴെയുള്ള ജലത്തിന്റെ താപനില 1950-ന് ശേഷമുള്ള സർവ്വകാല റെക്കോർഡുകള്‍ തകർത്ത് അതിതീവ്ര നിലയിലെത്തിയിരിക്കുന്നു.

 

ജൂലൈ മാസത്തിലും ഓഗസ്റ്റ് ആദ്യവാരങ്ങളിലും പസഫിക് സമുദ്രത്തിലെ പല മേഖലകളിലും അടിത്തട്ടിലെ താപനില സാധാരണ ശരാശരിയേക്കാള്‍ 8 ഡിഗ്രി സെല്‍ഷ്യസിനു മുകളിലേക്ക് കുതിച്ചുയർന്നു.

 

സമുദ്രാന്തർഭാഗത്ത് കുമിഞ്ഞുകൂടിയ ഈ ഭീമമായ താപോർജ്ജം അന്തരീക്ഷത്തിലേക്ക് പ്രസരിച്ചുതുടങ്ങുന്നതോടെ ആഗോള കാലാവസ്ഥയില്‍ വൻ പ്രത്യാഘാതങ്ങളാകും സൃഷ്ടിക്കുക.എല്‍ നിനോയുടെ തീവ്രത നിർണ്ണയിക്കുന്ന പസഫിക്കിലെ ‘നിനോ 3.4’ മേഖലയില്‍ മെയ് മുതല്‍ ജൂലൈ വരെയുള്ള മാസങ്ങളില്‍ ശരാശരിയേക്കാള്‍ 1.5 ഡിഗ്രി സെല്‍ഷ്യസ് അധിക താപനിലയാണ് രേഖപ്പെടുത്തിയത്.

 

ജൂലൈയില്‍ ഇത് 2 ഡിഗ്രിയായും, ഓഗസ്റ്റ് പകുതിയോടെ 2.2 മുതല്‍ 2.6 ഡിഗ്രി സെല്‍ഷ്യസ് വരെയായും കുതിച്ചുയർന്നു. അന്തരീക്ഷ സന്തുലിതാവസ്ഥയെ അടിമുടി തകിടംമറിക്കുന്ന ‘സൂപ്പർ എല്‍ നിനോ’ അവസ്ഥയാണിതെന്ന് ശാസ്ത്രജ്ഞർ സ്ഥിരീകരിക്കുന്നു.

 

ഇന്ത്യ കാത്തിരിക്കുന്നത് കൊടുംചൂട്

 

സെപ്റ്റംബർ മുതല്‍ നവംബർ വരെയുള്ള മാസങ്ങളില്‍ ഇന്ത്യയില്‍ താപനില ക്രമാതീതമായി ഉയരുമെന്നാണ് മുന്നറിയിപ്പ്. സാധാരണ വേനല്‍ക്കാലങ്ങളെപ്പോലും നിഷ്പ്രഭമാക്കുന്ന ഉഷ്ണതരംഗങ്ങളും വരള്‍ച്ചയും രാജ്യത്ത് നാശംവിതച്ചേക്കാം.

 

ഇന്ത്യൻ മഹാസമുദ്രത്തില്‍ രൂപപ്പെടുന്ന പോസിറ്റീവ് ‘ഇന്ത്യൻ ഓഷ്യൻ ഡൈപോള്‍’ (IOD) പ്രതിഭാസം രാജ്യത്തിന് നേരിയ ആശ്വാസം നല്‍കിയേക്കുമെന്ന് ചില കണക്കുകൂട്ടലുകളുണ്ടെങ്കിലും, പസഫിക്കില്‍ നിന്ന് ആഞ്ഞടിക്കുന്ന എല്‍ നിനോയുടെ വന്യമായ പ്രഹരശേഷിക്ക് മുന്നില്‍ അത് എത്രത്തോളം ഫലപ്രദമാകുമെന്നതില്‍ ഭൗമശാസ്ത്രജ്ഞർ കടുത്ത ആശങ്ക പ്രകടിപ്പിക്കുന്നു.

 

ഭൂഗർഭ ജലനിരപ്പ് കുത്തനെ താഴുന്നതിനൊപ്പം കുടിവെള്ള സ്രോതസ്സുകള്‍ വറ്റിവരളാനും, കർഷകരുടെ നെഞ്ചുപിളർക്കുന്ന വിളനാശത്തിനും വരള്‍ച്ചയ്ക്കും ഇത് വഴിവെച്ചേക്കാം.ചൂട് ക്രമാതീതമായി ഉയരുന്നത് ജനങ്ങളുടെ ആരോഗ്യത്തെയും, എയർകണ്ടീഷണറുകള്‍ ഉള്‍പ്പെടെയുള്ളവയുടെ അമിത ഉപയോഗത്തിലൂടെ ഊർജ്ജ ഗ്രിഡുകളെയും കടുത്ത സമ്മർദ്ദത്തിലാക്കും.

 

അടിയന്തര ജാഗ്രത വേണം

 

വരാനിരിക്കുന്ന മഹാവിപത്തിനെ വെറും കാലാവസ്ഥാ മാറ്റമായി നിസ്സാരവല്‍ക്കരിക്കരുതെന്നും, ആഗോളതലത്തില്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള തയ്യാറെടുപ്പുകള്‍ അനിവാര്യമാണെന്നും ലോക കാലാവസ്ഥാ സംഘടന കർശന നിർദ്ദേശം നല്‍കുന്നു.

 

കൃഷി, ഭക്ഷ്യസുരക്ഷ: കൊടുംവരള്‍ച്ചയെയും അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങളെയും അതിജീവിക്കാൻ കരുത്തുള്ള കൃഷിരീതികളും ധാന്യസംഭരണവും മുൻകൂട്ടി ആസൂത്രണം ചെയ്യുക.

 

കുടിവെള്ളം, ജലസ്രോതസ്സുകള്‍: ഡാമുകളിലെ ജലനിരപ്പും ശുദ്ധജല വിതരണവും നിരീക്ഷിക്കാൻ പ്രത്യേക കണ്‍ട്രോള്‍ സംവിധാനങ്ങള്‍ ഒരുക്കുക.

 

പൊതുജനാരോഗ്യം: അഭൂതപൂർവ്വമായ ഉഷ്ണതരംഗങ്ങള്‍ (Heatwaves) ജനജീവിതത്തെ തളർത്താൻ സാധ്യതയുള്ളതിനാല്‍ ആശുപത്രികളിലും തദ്ദേശ സ്ഥാപനങ്ങളിലും ഹീറ്റ് ആക്ഷൻ പ്ലാനുകള്‍ രൂപീകരിക്കുക.

 

ഊർജ്ജ മേഖല: വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നേരിടാൻ പരമ്പരാഗത രീതികള്‍ക്ക് പുറമെ പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകള്‍ സജ്ജമാക്കുക.

 

ഭൂമി അതിന്റെ മുന്നറിയിപ്പുകള്‍ നല്‍കിക്കഴിഞ്ഞു. വരാനിരിക്കുന്ന ചൂടേറിയ നാളുകളെയും 2027 എന്ന ചരിത്രത്തിലെ ഏറ്റവും കഠിനമായ പരീക്ഷണ വർഷത്തെയും പ്രതിരോധിക്കാൻ ഭരണകൂടങ്ങളും പൊതുസമൂഹവും അതീവ ജാഗ്രതയോടെ ഒരുങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


Share
Copyright © All rights reserved. | Newsphere by AF themes.