അതിതീവ്ര ന്യൂനമര്‍ദ്ദം : കേരളത്തില്‍ ഇന്നും ശക്തമായ മഴ, 7 ജില്ലകളില്‍ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തിന്റെ ഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അലേര്‍ട്ടുള്ളത്. കൂടാതെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളിലും വെള്ളിയാഴ്‌ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളിലും ശനിയാഴ്‌ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസർഗോഡ് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് നിലവിലുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥാ വകുപ്പ് അര്‍ത്ഥമാക്കുന്നത്. അതേസമയം, നിലവില്‍ അതിതീവ്ര ന്യൂനമര്‍ദ്ദം വടക്കന്‍ ഒഡീഷയുടെ ഉള്‍പ്രദേശങ്ങളിലും സമീപ ഗംഗാതീര പശ്ചിമ ബംഗാളിനു മുകളിലുമാണ് സ്ഥിതി ചെയ്യുന്നത്.
എന്നാല്‍ അടുത്ത 24 മണിക്കൂറിനിടെ ഇത് വടക്കന്‍ ഒഡീഷ, തെക്കന്‍ ഝാര്‍ഖണ്ഡ്, വടക്കന്‍ ഛത്തീസ്ഗഢ് പ്രദേശങ്ങളിലൂടെ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തില്‍ ശക്തമായ മഴ ലഭിക്കുന്നതെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
ശക്തമായ കാറ്റും ഇടിമിന്നലും ഒപ്പം
ഇന്ന് മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റർ വരെ വേഗതയിലും; ജൂലൈ 30 മുതല്‍ ഓഗസ്‌റ്റ് 1 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. മാത്രമല്ല ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യത പ്രവചിക്കുന്നതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ജാഗ്രതാ നിര്‍ദേശങ്ങള്‍
ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.
