July 4, 2026

കുടിക്കുന്നത് എനര്‍ജി ഡ്രിങ്കാണോ…? റെഡ് ബുള്‍, സ്റ്റിങ്, മോണ്‍സ്റ്റര്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് പൂട്ടുവീഴുന്നു ; എഫ്‌എസ്‌എസ്‌എഐയുടെ നോട്ടീസ്

Share

 

ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും വ്യാജ അവകാശവാദങ്ങളും ഉന്നയിക്കുന്ന ‘എനർജി ഡ്രിങ്ക്’ ബ്രാൻഡുകള്‍ക്കെതിരെ കർശന നടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്‌എസ്‌എസ്‌എഐ).

റെഡ് ബുള്‍, സ്റ്റിങ്, മോണ്‍സ്റ്റർ എനർജി, അഡ്രിനാലിൻ റഷ്, കാംപ എനർജി, ഹെല്‍ എനർജി എന്നീ ആറ് പ്രമുഖ ബ്രാൻഡുകള്‍ക്കാണ് അതോറിറ്റി നോട്ടീസ് നല്‍കിയത്.

 

ഈ പാനീയങ്ങളൊന്നും യഥാർത്ഥത്തില്‍ ‘എനർജി ഡ്രിങ്കുകള്‍’ അല്ലെന്നും, എന്നാല്‍ അങ്ങനെ പേരുനല്‍കി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും എഫ്‌എസ്‌എസ്‌എഐ ചൂണ്ടിക്കാട്ടുന്നു.

 

“ശരീരത്തിന് ഉന്മേഷം നല്‍കും”, “ഏകാഗ്രത വർധിപ്പിക്കും”, “ക്ഷീണം കുറയ്ക്കും” തുടങ്ങിയ അവകാശവാദങ്ങള്‍ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം അനുവദനീയമല്ല. അമിത അളവില്‍ പഞ്ചസാരയും കഫീനും അടങ്ങിയ ഇവയുടെ പരസ്യങ്ങള്‍ നിയമലംഘനമാണെന്നും അതോറിറ്റി വ്യക്തമാക്കുന്നു.

 

 

ഭക്ഷ്യ ഉല്‍പ്പന്നങ്ങളിലെ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍ക്കെതിരെ വ്യാപകമായ പരിശോധനയാണ് എഫ്‌എസ്‌എസ്‌എഐ നടത്തുന്നത്. ഇതിന്റെ ഭാഗമായി കിൻഡർ ജോയ്, സഫോല ഹാർട്ട് പ്രൊ ഓയില്‍, വിവിധ പ്രോട്ടീൻ പൗഡറുകള്‍, ഫ്രൂട്ട് ജ്യൂസുകള്‍ തുടങ്ങിയവയ്ക്കും കഴിഞ്ഞയാഴ്ച നോട്ടീസ് നല്‍കിയിരുന്നു.

 

കിൻഡർ ജോയ്: ‘മില്‍ക്ക് സോളിഡുകളാല്‍ സമ്പന്നം’ എന്ന വാദം തെറ്റാണെന്നും അത്രയും അളവില്‍ മില്‍ക്ക് സോളിഡുകള്‍ ഇല്ലെന്നും എഫ്‌എസ്‌എസ്‌എഐ കണ്ടെത്തി.

 

സഫോല ടോട്ടല്‍ ഹാർട്ട് പ്രൊ: ഹൃദയാരോഗ്യത്തിന് നല്ലതാണെന്ന തരത്തില്‍ നല്‍കിയിരിക്കുന്ന ചിത്രങ്ങളും ‘ഹാർട്ട് പ്രൊ’ എന്ന പേരും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അധികൃതർ പറയുന്നു.

അസ്-ഇറ്റ്-ഈസ് പ്രോട്ടീൻ പൗഡർ: ‘ഈസി ഡൈജസ്റ്റ്’, ‘റാപ്പിഡ് റിക്കവറി’ തുടങ്ങിയ അവകാശവാദങ്ങള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ല.

 

പ്ലക്ക് ജ്യൂസ്: ‘നോ ആഡഡ് ഷുഗർ’ എന്ന ലേബല്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി.

 

ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരത്തിലല്ല, മറിച്ച്‌ അവയുടെ പാക്കറ്റുകളില്‍ നല്‍കിയിരിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളിലും പരസ്യങ്ങളിലുമാണ് എഫ്‌എസ്‌എസ്‌എഐ വീഴ്ചകള്‍ കണ്ടെത്തിയിരിക്കുന്നത്. നോട്ടീസ് ലഭിച്ച കമ്പനികള്‍ ഇത് സംബന്ധിച്ച വിശദീകരണങ്ങളും രേഖകളും സമർപ്പിക്കേണ്ടതുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ വഴി വിപണിയില്‍ എത്തുന്ന ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്കെതിരെ ശക്തമായ നിലപാടാണ് എഫ്‌എസ്‌എസ്‌എഐ സ്വീകരിക്കുന്നത്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.