June 21, 2026

കുറ്റവാളികളെ 35 സെക്കൻഡില്‍ തിരിച്ചറിയാം; ‘അഭിജ്ഞാൻ ആപ്’ പുറത്തിറക്കി

Share

 

ഡല്‍ഹി : രാജ്യത്തുടനീളമുള്ള 1.3 കോടി കുറ്റവാളികളുടെയും കുറ്റവാളികളെന്നു സംശയിക്കപ്പെടുന്നവരുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ കേന്ദ്രീകൃത ഡാറ്റാബേസ് ആയ നാഷണല്‍ ഓട്ടോമേറ്റഡ് ഫിംഗർപ്രിന്റ് ഐഡന്റിഫിക്കേഷൻ സിസ്റ്റവുമായി നേരിട്ടു ബന്ധിപ്പിച്ചുകൊണ്ടുള്ള മൊബൈല്‍ ആപ്ലിക്കേഷൻ കേന്ദ്രസർക്കാർ പുറത്തിറക്കി.നാഷണല്‍ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) വികസിപ്പിച്ചെടുത്ത ‘അഭിജ്ഞാൻ’ എന്ന മൊബൈല്‍ ആപ്ലിക്കേഷൻ ഉപയോഗിച്ചു പോലീസിന് ഇനിമുതല്‍ സംശയാസ്പദമായ സാഹചര്യത്തില്‍ വ്യക്തികളുടെ വിരലടയാളം സ്മാർട്ട്ഫോണുകളുമായി ഘടിപ്പിച്ച പോർട്ടബിള്‍ സ്കാനറുകള്‍ വഴി ശേഖരിച്ച്‌ വെറും 35 സെക്കൻഡുകള്‍ക്കുള്ളില്‍ അവരുടെ ക്രിമിനല്‍ പശ്ചാത്തലം തത്സമയം പരിശോധിക്കാൻ സാധിക്കും.

 

രാജ്യത്തെ ക്രമസമാധാനപാലനവും കുറ്റാന്വേഷണവും കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള നീക്കമാണിതെന്ന് ‘അഭിജ്ഞാൻ’ ആപ്ലിക്കേഷൻ പുറത്തിറക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി.

 

നിലവില്‍ പോലീസ് സ്റ്റേഷനുകളില്‍ മാത്രം ലഭ്യമായിരുന്ന ഈ സൗകര്യം ഇനിമുതല്‍ സാധാരണ പരിശോധനയ്ക്കായി ഫീല്‍ഡിലുള്ള പോലീസ് ഉദ്യോഗസ്ഥരിലേക്കും എത്തും.

 

സുരക്ഷിതമായ ടു-സ്റ്റെപ്പ് വെരിഫിക്കേഷനിലൂടെ പ്രവർത്തിക്കുന്ന ഈ ആപ് വഴി മയക്കുമരുന്ന് മാഫിയകള്‍, മനുഷ്യക്കടത്ത് കേസുകളിലെ പ്രതികള്‍ എന്നിവരുള്‍പ്പെടെയുള്ള ദശലക്ഷക്കണക്കിന് കുറ്റവാളികളുടെ റെക്കോർഡുകള്‍ വേഗത്തില്‍ പരിശോധിക്കാൻ പോലീസിനു സാധിക്കും. സാധാരണക്കാർക്ക് ഈ ആപ്ലിക്കേഷന്റെ സൗകര്യം ലഭ്യമാകില്ല.


Share
Copyright © All rights reserved. | Newsphere by AF themes.