June 21, 2026

ടിക്കറ്റില്ലാതെ ട്രെയിൻ യാത്ര : പിഴ ഇരട്ടിയാക്കി ഇന്ത്യൻ റെയില്‍വേ

Share

 

ഡല്‍ഹി : ട്രെയിനുകളില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്ക് കനത്ത തിരിച്ചടിയുമായി ഇന്ത്യൻ റെയില്‍വേ. അനധികൃത യാത്രകള്‍ തടയുന്നതിനും ട്രെയിൻ സർവീസുകള്‍ സുഗമമായി നടത്തുന്നതിനുമായി ടിക്കറ്റില്ലാ യാത്രക്കാർക്കുള്ള കുറഞ്ഞ പിഴ തുക റെയില്‍വേ ഇരട്ടിയാക്കി വർധിപ്പിച്ചു. ജൻ വിശ്വാസ് ആക്‌ട് പ്രകാരമുള്ള പുതിയ നിയമഭേദഗതി ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.

 

ടിക്കറ്റില്ലാ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വർധനവാണ് സമീപകാലത്ത് റെയില്‍വേ നേരിടുന്നത്. കഴിഞ്ഞ മേയ് മാസത്തില്‍ മാത്രം സെൻട്രല്‍ റെയില്‍വേ സോണ്‍ 4.96 ലക്ഷം ടിക്കറ്റില്ലാ യാത്രക്കാരില്‍ നിന്നായി 40.85 കോടി രൂപയാണ് പിഴയിനത്തില്‍ ഈടാക്കിയത്. ഈ സാഹചര്യത്തിലാണ് നടപടികള്‍ കടുപ്പിക്കാൻ റെയില്‍വേ തീരുമാനിച്ചത്.

 

പിഴ 250 രൂപയില്‍ നിന്ന് 500 രൂപയായി ഉയർത്തി

 

1989-ലെ റെയില്‍വേ ആക്‌ട് 137, 138 വകുപ്പുകള്‍ പ്രകാരമുള്ള ഏറ്റവും കുറഞ്ഞ പിഴ തുകയാണ് വർധിപ്പിച്ചിരിക്കുന്നത്. ഇതുവരെ 250 രൂപയായിരുന്ന കുറഞ്ഞ പിഴ ഇനി മുതല്‍ 500 രൂപയായിരിക്കുമെന്ന് റെയില്‍വേ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. റെയില്‍വേ നിയമങ്ങള്‍ പാലിച്ച്‌, കൃത്യമായ ടിക്കറ്റുകള്‍ കൈവശം വെച്ച്‌ മാത്രം യാത്ര ചെയ്യണമെന്ന് യാത്രക്കാരോട് അധികൃതർ അഭ്യർത്ഥിച്ചു. ജൂണ്‍ 19-ന് പുറത്തിറക്കിയ പ്രത്യേക ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം പുതിയ ഭേദഗതികള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

 

ടിക്കറ്റില്ലാതെ യാത്ര ചെയ്താല്‍ എന്ത് സംഭവിക്കും?

 

പുതിയ നിയമ ഭേദഗതി പ്രകാരം ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയോ, റെയില്‍വേയെ വഞ്ചിക്കുകയെന്ന ലക്ഷ്യത്തോടെ പഴയ ടിക്കറ്റുകളോ പാസുകളോ വീണ്ടും ഉപയോഗിക്കാൻ ശ്രമിക്കുകയോ ചെയ്താല്‍ നിയമ നടപടികള്‍ നേരിടേണ്ടി വരും.

 

ടിക്കറ്റില്ലാതെ പിടിക്കപ്പെടുന്ന യാത്രക്കാരൻ യാത്ര ചെയ്ത ദൂരത്തിന്റെ യഥാർത്ഥ യാത്രാക്കൂലിക്ക് പുറമെ, അതിന് തുല്യമായ തുക അധിക ചാർജായും നല്‍കണം. ഈ അധിക ചാർജ് കുറഞ്ഞത് 500 രൂപയായിരിക്കും. യാത്രക്കാരൻ ഏത് സ്റ്റേഷനില്‍ നിന്നാണ് കയറിയതെന്ന് വ്യക്തതയില്ലെങ്കില്‍, ട്രെയിൻ പുറപ്പെട്ട ആദ്യ സ്റ്റേഷൻ മുതലോ അല്ലെങ്കില്‍ ഒടുവില്‍ ടിക്കറ്റ് പരിശോധന നടന്ന സ്റ്റേഷൻ മുതലോ ഉള്ള ചാർജ് ഈടാക്കും.

 

റെയില്‍വേ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന പിഴയും യാത്രാക്കൂലിയും അടയ്ക്കാൻ യാത്രക്കാരൻ വിസമ്മതിക്കുകയോ പരാജയപ്പെടുകയോ ചെയ്താല്‍, റെയില്‍വേ അധികൃതർക്ക് കോടതിയെ സമീപിക്കാം. കുറ്റം തെളിയിക്കപ്പെട്ടാല്‍ 6 മാസം വരെ തടവോ, 500 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാൻ നിയമത്തില്‍ വ്യവസ്ഥയുണ്ട്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.