June 18, 2026

അഞ്ച് മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികളുടെ ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കാം; വീഴ്ചവരുത്തിയാല്‍ കാര്‍ഡ് അസാധുവായേക്കാം

Share

 

അഞ്ച് മുതല്‍ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ ആധാർ കാർഡിലെ ബയോമെട്രിക് വിവരങ്ങള്‍ സെപ്റ്റംബർ മാസം വരെ തീർത്തും സൗജന്യമായി പുതുക്കാൻ അവസരം. സംസ്ഥാനത്തെ എല്ലാ അംഗീകൃത ആധാർ സേവന കേന്ദ്രങ്ങളിലൂടെയും ഈ സൗകര്യം പ്രയോജനപ്പെടുത്താം. കുട്ടികളുടെ വിരലടയാളം, കൃഷ്ണമണി രേഖ, പുതിയ ഫോട്ടോ എന്നിവയാണ് ഇത്തരത്തില്‍ അപ്‌ഡേറ്റ് ചെയ്യേണ്ടത്. നിർദിഷ്ട സമയപരിധിക്കുള്ളില്‍ ബയോമെട്രിക് വിവരങ്ങള്‍ പുതുക്കാൻ തയ്യാറാകാത്ത സാഹചര്യത്തില്‍ ആധാർ കാർഡുകള്‍ താത്കാലികമായി അസാധുവാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കുന്നു.

 

ആധാർ നിർബന്ധമായ സേവനങ്ങള്‍

 

വിദ്യാർഥികളുടെ ഉപരിപഠനത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും ആധാർ കാർഡ് നിലവില്‍ അത്യന്താപേക്ഷിതമാണ്. സ്കോളർഷിപ്പുകള്‍ ലഭ്യമാക്കുന്നതിനും റേഷൻ കാർഡില്‍ പുതിയതായി പേര് ചേർക്കുന്നതിനും സ്കൂള്‍, കോളജ് പ്രവേശന നടപടികള്‍ക്കും ആധാർ നിർബന്ധമാണ്.

 

ഇതിന് പുറമെ ഡിജിലോക്കർ, അപാർ സിസ്റ്റം, പാൻ കാർഡ് തുടങ്ങിയവയുടെ സേവനത്തിനും ഈ രേഖ ആവശ്യമാണ്. നീറ്റ്, ജെഇഇ, കീം തുടങ്ങിയ സുപ്രധാന മത്സരപ്പരീക്ഷകള്‍ക്ക് രജിസ്റ്റർ ചെയ്യുന്ന സമയത്ത് വിദ്യാർഥികള്‍ നേരിടാൻ സാധ്യതയുള്ള സാങ്കേതിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാൻ കൃത്യസമയത്ത് തന്നെ ആധാർ വിവരങ്ങള്‍ പുതുക്കേണ്ടതുണ്ട്.നവജാത ശിശുക്കള്‍ക്കും ആധാർ

 

നവജാത ശിശുക്കള്‍ക്ക് ഉള്‍പ്പെടെ ആധാർ കാർഡിനായി എൻറോള്‍ ചെയ്യാവുന്നതാണ്. ജനനം മുതല്‍ അഞ്ച് വയസ്സ് വരെയുള്ള പ്രായത്തില്‍ ആധാർ എൻറോള്‍മെൻ്റ് നടത്തുമ്പോള്‍ കുട്ടികളുടെ വിരലടയാളം, കൃഷ്ണമണി രേഖ തുടങ്ങിയ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കാറില്ല.

 

പകരം മാതാപിതാക്കളുടെ ആധാർ വിവരങ്ങളുമായി കുഞ്ഞുങ്ങളുടെ വിവരങ്ങള്‍ ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് മാത്രം ഉപയോഗിച്ച്‌ ഈ നടപടിക്രമങ്ങള്‍ പൂർത്തിയാക്കാം. കുട്ടികള്‍ക്ക് ഭാവിയില്‍ ലഭിക്കേണ്ട വിവിധ സർക്കാർ ആനുകൂല്യങ്ങള്‍ തടസ്സമില്ലാതെ ലഭ്യമാക്കാൻ ജനന സർട്ടിഫിക്കറ്റ് ലഭിച്ചയുടൻ തന്നെ ആധാർ കാർഡ് എടുക്കാൻ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം.

 

സേവനങ്ങള്‍ എവിടെ ലഭിക്കും?

 

വിവിധ സർക്കാർ വകുപ്പുകള്‍ നല്‍കുന്ന ഓണ്‍ലൈൻ സേവനങ്ങള്‍ സുഗമമായി ലഭിക്കുന്നത് ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒടിപി വഴിയാണ്. അതിനാല്‍ നിലവില്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പറും ഇ-മെയില്‍ ഐഡിയും ആധാറില്‍ ചേർത്തിട്ടുണ്ടെന്ന് പൊതുജനങ്ങള്‍ ഉറപ്പുവരുത്തണം.പുതിയ ആധാർ കാർഡ് എടുക്കുന്നതിനും ബയോമെട്രിക് വിവരങ്ങള്‍ പുതുക്കുന്നതിനും മൊബൈല്‍ നമ്പർ, ഇ-മെയില്‍ എന്നിവ മാറ്റുന്നതിനുമുള്ള എല്ലാ സേവനങ്ങളും സംസ്ഥാനത്തെ എല്ലാ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും മറ്റ് അംഗീകൃത ആധാർ കേന്ദ്രങ്ങള്‍ വഴിയും ലഭിക്കുന്നതാണ്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് സിറ്റിസണ്‍ കോള്‍ സെൻ്ററിൻ്റെ 1800-4251-1800 എന്ന ടോള്‍ ഫ്രീ നമ്പറിലോ 04712335523 എന്ന നമ്പറിലോ ബന്ധപ്പെടാം. കേരള സ്റ്റേറ്റ് ഐടി മിഷനുമായി ബന്ധപ്പെടാൻ 0471-2525442 എന്ന നമ്പറോ vidhelpdesk@kerala(dot)gov(dot)in എന്ന ഇ-മെയില്‍ വിലാസമോ ഉപയോഗിക്കാവുന്നതാണ്.

 


Share
Copyright © All rights reserved. | Newsphere by AF themes.