ഫിഫ ലോകകപ്പ് 2026 : കരുത്തരായ പോര്‍ച്ചുഗലിനെ വിറപ്പിച്ച് കോംഗോ : 1 -1 സമനിലയില്‍ തളച്ചിട്ടു
ന്യൂയോർക്ക് : ഹൂസ്റ്റണ്‍ സ്റ്റേഡിയത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നേതൃത്വത്തില്‍ പോർച്ചുഗല്‍ പട ഈ ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ ലക്ഷ്യം വിജയം മാത്രമായിരുന്നു. തന്റെ ആറാം ലോകകപ്പ് കളിക്കാൻ, മെസ്സിക്കൊപ്പം റെക്കോർഡിട്ടുകൊണ്ടാണ് സിആർ സെവൻ മൈതാനത്തിലിറങ്ങിയത്. കളി തുടങ്ങി ആറാം മിനിട്ടില്‍ യുവതാരം യാവോ നെവെസിന്റെ അതിമനോഹരമായ ഹെഡ്ഡറിലൂടെ പോച്ചുഗല്‍, ഡിആർ കോംഗോ എന്ന ആഫ്രിക്കൻ രാജ്യത്തിന് നേരെ ലീഡ് നേടി ഞെട്ടിച്ചു. എന്നാല്‍ പിന്നീട് കണ്ടത് മറ്റൊരു കളിയായിരുന്നു. മുഴുവൻ സമയം പൂർത്തിയാകുമ്പോള്‍ 1-1 എന്ന സമനിലയില്‍ പോർച്ചുഗലിനെ, കോംഗോ തളച്ചു.
വേഗപ്പോരിന്റെ ആശാൻമാരായ പോർച്ചുഗീസുകാർ, കളി റിവേഴ്സ് ഗിയറിലേക്ക് മാറ്റി. ചില മനോഹര നിമിഷങ്ങള്‍ സമ്മാനിച്ചെങ്കിലും കോംഗോയുടെ പ്രതിരോധ കോട്ട തകർക്കാൻ അവർക്ക് സാധിച്ചതേയില്ല. അതേ സമയം, കൗണ്ടർ അറ്റാക്കുകളുമായി കോംഗോ ഫുട്ബോള്‍ പ്രേമികളെ മുഴുവൻ അത്ഭുതപ്പെടുത്തി. അര നൂറ്റാണ്ടിന് ശേഷം, കൃത്യമായി പറഞ്ഞാല്‍ 52 വർഷങ്ങള്‍ക്ക് ശേഷം ലോകകപ്പ് കളിക്കാനെത്തുന്ന ഈ ആഫ്രിക്കൻ രാജ്യം ഫുട്ബോളിന്റെ ആകസ്മികതകള്‍ മുഴുൻ ആവാഹിച്ച്, ഹാഫ് ടൈമിന്റെ നാല് മിനിട്ടിന് മുകളില്‍ ലഭിച്ച ഇഞ്ചുറി ടൈമില്‍ അതി ഗംഭീരമായ ഒരു കോർണർ കിക്ക് ഹെഡ്ഡറിലൂടെ പോർച്ചുഗല്‍ വല കുലുക്കി. യോനെ വിസ്സെയായിരുന്നു ആ മാന്ത്രിക ഗോള്‍ സ്വന്തമാക്കിയത്. ആർതർ മസൗക്കുവിന്റെ അസിസ്റ്റിലായിരുന്നു ആ ഗോള്‍ പിറന്നത്. ലോകകപ്പ് ചരിത്രത്തില്‍ കോംഗോയുടെ ആദ്യ ഗോളായിരുന്നു അത്. 52 വർഷങ്ങള്‍ക്ക് മുമ്പ് ആദ്യ ലോകകപ്പ് കളിക്കുമ്പോള്‍ ഗോള്‍ വർഷങ്ങള്‍ ഏറ്റുവാങ്ങിയായിരുന്നു അവരുടെ മടക്കം. ഇന്ന് ആദ്യ കളിയില്‍ തന്നെ പോയന്റ് ടേബിളില്‍ സ്ഥാനം നേടിക്കൊണ്ടും ചരിത്രം സൃഷ്ടിച്ചു.
പാസ് കൂടിയാല്‍ ഗോള്‍ വീഴില്ലെന്ന് തെളിയിക്കുന്നതായിരുന്നു പോർച്ചുഗലിന്റെ ഗെയിം. ആദ്യ പകുതിയില്‍ 480 പാസ്സുകളാണ് പോർച്ചുഗീസ് താരങ്ങള്‍ വിജയകരമായി കൈമാറിയത്. കോംഗോയുടെ കാര്യത്തില്‍ ഇത് വെറും 101 പാസ്സുകളായിരുന്നു. ഷോട്ടുകള്‍ നോക്കിയാല്‍ ആദ്യ പകുതിയില്‍ കോംഗോ മുന്നിട്ട് നിന്നു എന്ന് പറയേണ്ടി വരും. ആറ് ഷോട്ടുകളാണ് കോംഗോ ഉതിർത്തത്. പോർച്ചുഗലിന്റേത് നാല് ഷോട്ടുകളും. ഷോട്ട് ഓണ്‍ ടാർഗറ്റ് രണ്ട് ടീമുകള്‍ക്കും രണ്ട് വീതമായിരുന്നു ആദ്യപകുതിയില്‍.
ഈ മത്സരത്തില്‍ കോംഗോയില്‍ ഒരു ഇന്ത്യൻ വംശജൻ കൂടിയുണ്ട് എന്ന പ്രത്യേകതയുമുണ്ട്. സാമുവല്‍ മുത്തുസ്വാമി എന്ന മധ്യനിരക്കാരൻ. അമ്മ കോംഗോക്കാരിയും അച്ഛൻ ഇന്ത്യൻ വംശജനും. കോംഗോയുടെ കളി മുന്നോട്ടു കൊണ്ടു പോകുന്നതില്‍ നിർണായക പങ്കുവഹിച്ച താരമാണ് സാമുവല്‍ മുത്തുസ്വാമി. ഗ്രൂപ്പ് കെ യില്‍ ഇനിയുള്ളത് കൊളംബിയയും ഉസ്ബെക്കിസ്ഥാനുമാണ്. നിലവിലെ സാഹചര്യത്തില്‍ പോർച്ചുഗലിന് ഗ്രൂപ്പ് ജേതാക്കളായി റൗണ്ട് ഓഫ് 32 വിലേക്ക് എത്താനാകുമെന്നതാണ് പ്രതീക്ഷ. ഫിഫ റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്താണ് പോച്ചുഗല്‍.
